സ്വന്തം ലേഖിക.
മുണ്ടക്കയം: മണിമലയാര്‍ സംരക്ഷണ പദ്ധതിയെല്ലാം കടലാസില്‍ ഒതുങ്ങിയതോടെ മാലിന്യം നിറഞ്ഞ് പുഴ. നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് ഉള്‍പ്പെടെ മലിനജലം ഓടവഴി ഒഴുകിയെത്തി മണിമലയാറ്റിലേക്കാണ് പതിക്കുന്നത്.
കടുംനിറത്തിലെ മലിനജലം ആറ്റിലെ വെള്ളത്തിലേക്ക് കലരുന്നതോടെ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കു സാധ്യതയേറി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുണ്ടക്കയത്തെ നൂറുകണക്കിനു വ്യാപാര സ്ഥാപനങ്ങളിലെ മലിനജലം ടൗണിലെ ഓടയിലൂടെ ലത്തീൻ പള്ളി പുരയിടത്തിലൂടെ ഒഴുകിയെത്തുന്നത് മണിമലയാറ്റിലാണ്. ഇതില്‍ വിവിധ സ്ഥാപനത്തിലെ ശൗചാലയ മാലിന്യം ഉള്‍പ്പെടെയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ബൈപാസ് നിര്‍മാണ സമയം മുതല്‍, ടൗണില്‍നിന്ന് എത്തുന്ന മാലിന്യപ്രശ്നം പരിഹരിക്കാനുള്ള പദ്ധതികള്‍ ചര്‍ച്ചയിലുണ്ടായിരുന്നു. എന്നാല്‍, ഇവയെല്ലാം ജലരേഖയായി മാറി. വലിയ കുഴലിലൂടെ എത്തുന്ന വെള്ളം സംസ്കരിച്ച് വീണ്ടും ഉപയോഗപ്പെടുത്താം എന്നതായിരുന്നു ഒരു പദ്ധതി. വലിയ കുഴികുത്തി വെള്ളം അതിലേക്കു വിടാം എന്നും പദ്ധതിയുണ്ടായിരുന്നു.
ഇവയൊന്നും നടപ്പായില്ല. ഇപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിക്കുമ്പോള്‍, പൈപ്പില്‍നിന്ന് വെള്ളം വന്നു വീഴുന്ന കോസ്‌വേക്കു സമീപത്തെ സ്ഥലത്ത് ആറ്റില്‍ കുഴി ഉണ്ടാക്കുന്നതു മാത്രമാണ് ഏകനടപടി. തടയണ തുറന്നതോടെ മണിമലയാറ്റില്‍ ജലനിരപ്പ് പൂര്‍ണമായും താഴ്ന്നിരിക്കുകയാണ്.
ആറ്റിലെ വെള്ളമാണ് പ്രദേശവാസികള്‍ ആശ്രയിക്കുന്നത്. മണിമലയാറ്റിലെ ഉപ്പുനീറ്റുകയത്തില്‍നിന്ന് വെള്ളം പമ്പുചെയ്ത് ടൗണിലും പരിസരങ്ങളിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജലവിതരണ വകുപ്പ് വെള്ളം എത്തിക്കുന്നത്. ഇത് മലിനമാകുന്നത് ജനജീവിതത്തെ കാര്യമായി ബാധിക്കും. താല്‍ക്കാലികമായി മലിനജലം ആറ്റിലെ വെള്ളത്തിലേക്ക് കലരാതിരിക്കാനെങ്കിലും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.