മാമാങ്കത്തിന് കൊടിയേറി ; അൻപത് രാജ്യങ്ങളിലായി രണ്ടായിരത്തിലധികം തീയറ്ററുകളിൽ

മാമാങ്കത്തിന് കൊടിയേറി ; അൻപത് രാജ്യങ്ങളിലായി രണ്ടായിരത്തിലധികം തീയറ്ററുകളിൽ

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി : മമ്മൂട്ടി ആരാധകരുടെയും മലയാള സിനിമാപ്രേമികളുടെയും കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടിചിത്രം മാമാങ്കം ലോകത്തിലെ അൻപത് രാജ്യങ്ങളിൽ നിന്നായിരണ്ടായിരത്തിലധികം തീയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു.
അമ്പതോളം രാജ്യങ്ങളിലാണ് മാമാങ്കം ഒരേ സമയം റിലീസ് ചെയ്യുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ സർവകാല റെക്കാഡ് റിലീസാണിത്. നാല്പത്തിയൊന്ന് രാജ്യങ്ങളിൽ ഒരേ ദിവസം പ്രദർശനത്തിനെത്തിയ ലൂസിഫറിന്റെ റെക്കോഡാണ് മാമാങ്കം മറികടക്കുന്നത്. ഇതോടെ സൗദി അറേബ്യയും ഉക്രെയ്‌നും അങ്കോളയും ഉൾപ്പെടെ എട്ടോളം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയും മാമാങ്കം സ്വന്തമാക്കി.

മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മാമാങ്കം റിലീസ് ചെയ്യുന്നുണ്ട്.
തമിഴ്നാട്ടിലും ആന്ധ്രയിലും നൂറ്റിഅൻപത് സ്റ്റേഷനുകളിലും കർണാടകയിൽ എഴുപത്തിയഞ്ച് സ്റ്റേഷനുകളിലും ഉത്തരേന്ത്യയിൽ ഇരുന്നൂറ് സ്റ്റേഷനുകളിലുമാണ് മാമാങ്കം റിലീസ് ചെയ്യുന്നത്. ഗൾഫ് നാടുകളിലും ഏറ്റവുമധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമെന്ന ഖ്യാതി ഇനിമുതൽ മാമാങ്കത്തിന് മാത്രമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിൽ തന്നെ നാനൂറോളം സ്‌ക്രീനുകളിലാണ് മാമാങ്കം റിലീസ് ചെയ്തിരിക്കുന്നത്. രാജ്യാന്തര ചലച്ചിത്രോത്സവം നടക്കുന്നതിനാൽ തിരുവനന്തപുരത്തെ കൈരളി, ശ്രീപത്മനാഭ, അജന്ത, കൃപ എന്നിവിടങ്ങളിൽ ശനിയാഴ്ച മുതലായിരിക്കും മാമാങ്കം പ്രദർശിപ്പിക്കുക.
മമ്മൂട്ടിയുടെ ഏറ്റവും വലിയ ചിത്രത്തെ വരവേൽക്കാൻ എല്ലാ റിലീസ് സെന്ററുകളിലും മമ്മൂട്ടിയുടെ ആരാധകർ ഫ്‌ളാഷ് മോബും ഡി.ജെ.യും ബൈക്ക് റാലിയുമുൾപ്പെടെ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തത്.

കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി നിർമ്മിച്ച് എം. പത്മകുമാർ സംവിധാനം ചെയ്ത മാമാങ്കത്തിന്റെ ബഡ്ജറ്റ് 50 കോടി രൂപയാണ്. തിരുനാവായ മണപ്പുറത്തെ നിലപാട് തറയിൽ പന്ത്രണ്ട് വർഷം കൂടുമ്പോൾ അരങ്ങേറിയിരുന്ന മാമാങ്കം ഒരു മഹോത്സവം മാത്രമായിരുന്നില്ല. മരണത്തിനും ജീവിതത്തിനുമിടയിലുള്ള ഒരു മഹാ പോരാട്ടം കൂടിയായിരുന്നു. ഒരു വടക്കൻ വീരഗാഥയിൽ ഹരിഹരന്റെ സംവിധാന സഹായിയായിരുന്ന എം. പത്മകുമാർ മൂന്ന് പതിറ്റാണ്ടിന് ശേഷം അതേ സിനിമയിലെ നായകനെ നായകനാക്കി ഒരുക്കുന്ന സിനിമയും കൂടിയാണ് മാമാങ്കം. പഴശ്ശിരാജയ്ക്ക് ശേഷം പത്തുവർഷം കഴിഞ്ഞ് മമ്മൂട്ടി നായകനാകുന്ന ചരിത്ര സിനിമയാണിത്.

മമ്മൂട്ടി മൂന്ന് ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുന്ന മാമാങ്കത്തിൽ പ്രാചി ടെഹ്ലാൻ, കനിഹ, അനുസിതാര, ഇനിയ എന്നിവരാണ് നായികമാർ. ഉണ്ണിമുകുന്ദൻ, സിദ്ദിഖ്, തരുൺ വോറ, സുദീപ് നായർ, മാസ്റ്റർ അച്യുതൻ, മണിക്കുട്ടൻ, സുരേഷ് കൃഷ്ണ, മണികണ്ഠൻ ആചാരി, കവിയൂർ പൊന്നമ്മ, വത്സലാ മേനോൻ തുടങ്ങിയവരും വേഷമിടുന്നുണ്ട്. മനോജ് പിള്ളയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: എം. ജയചന്ദ്രൻ. സംഘട്ടനം : ശ്യാം കൗശൽ, ത്യാഗരാജൻ.