Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

മലപ്പുറം: മുൻ ഇന്ത്യൻ ഫുട്ബാൾ താരവും മലപ്പുറം എം.എസ്.പി അസി. കമാൻഡറുമായ ഐ.എം. വിജയന് ഡോക്ടറേറ്റ്. റഷ്യയിലെ അക്കാൻഗിർസ്ക് നോർത്തേൻ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിൽനിന്നാണ് ബഹുമതി. കായിക മേഖലക്ക് സമ്മാനിച്ച സംഭാവന പരിഗണിച്ചാണ് ബഹുമതിയായി ഡോക്ടറേറ്റ് നൽകിയത്. ഈ മാസം 11ന് റഷ്യയിൽ നടന്ന ചടങ്ങിൽ അദ്ദേഹം ഏറ്റുവാങ്ങി.

 

ഫുട്‌ബോള്‍ മൈതാനത്തുവച്ചാണ് വിജയന് ബഹുമതിപത്രം കൈമാറിയത്. അവിടത്തെ സംസ്ഥാനതല ഫുട്‌ബോള്‍ മത്സരത്തില്‍ മെഡിക്കല്‍ സര്‍വകലാശാല വിജയിച്ച ശേഷമുള്ള ചടങ്ങിലായിരുന്നു ഇത്. മലയാളി താരങ്ങള്‍ ഉള്‍പ്പെട്ട ടീം ആണ് അവര്‍ക്കു വിജയം നേടിക്കൊടുത്തതെന്നതും അഭിമാനകരമാണെന്ന് വിജയന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ സര്‍വകലാശലയില്‍ സേവനം ചെയ്യുന്ന സുഹൃത്ത് ഡോ. ജസ്റ്റിനാണ് വിജയന്റെ വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറിയത്. ഭൂട്ടാനെതിരെ 12ാം സെക്കന്‍ഡില്‍ ഗോള്‍ നേടിയതാണ് സര്‍വ്വകലാശാലയെ കൂടുതല്‍ ആകര്‍ഷിച്ചത്. എംഎസ്‌പി ഫുട്‌ബോള്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് വിജയന്‍. അതിനിടെയാണ് വിജയന് ഡോക്ടറേറ്റ് കിട്ടുന്നത്.

ജൂണ്‍ 10 നാണ് റഷ്യയിലെ അര്‍ഹാങ്കില്‍സ്‌ക് നോര്‍ത്തേണ്‍ സ്റ്റേറ്റ് മെഡിക്കല്‍ യൂനിവേഴ്സിറ്റി ഡിഗ്രി ഓഫ് ഡോക്ടര്‍ ഓഫ് സ്പോര്‍ട്‌സ് നല്‍കി ഐ.എം വിജയനെ ആദരിച്ചത്. ഇക്കാര്യം താരം തന്നെ ഫേസ്‌ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇന്ത്യന്‍ ഫുട്ബോളിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്ടറേറ്റ് നല്‍കിയത്. ബഹുമതി നേടിയ ഐ.എം വിജയന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയടക്കം നിരവധി പേര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. “ഡോ. ഐ എം വിജയന്‍.മൈതാനങ്ങളിലെ ആരവങ്ങളുടെ വിജയഭേരി” എന്ന കുറിപ്പോടെ ഫേസ്‌ബുക്കിലാണ് മന്ത്രി വി. ശിവന്‍കുട്ടി അഭിനന്ദനം അറിയിച്ചത്.

17ാം വയസില്‍ കേരള പൊലീസിലൂടെയായിരുന്നു കരിയറിന്റെ തുടക്കം. 1989ല്‍ ആദ്യമായി ഇന്ത്യക്കുവേണ്ടി അരങ്ങേറി. 1993, 1997, 1999 വര്‍ഷങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. 1999ല്‍ 13 കളികളില്‍ നിന്നും പത്തു ഗോളുകള്‍ വിജയന്‍ അടിച്ചിരുന്നു. 2000 മുതല്‍ 2004 വരെ ഇന്ത്യന്‍ ടീമിനെ നയിച്ചതും വിജയനായിരുന്നു. 79 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും 40 ഗോളുകള്‍ നേടിയിട്ടുണ്ട്.

ഫുട്‌ബോളിലെ ഏറ്റവും വേഗതയേറിയ ഗോളുകളിലൊന്നിന്റെ റെക്കോഡും വിജയന്റെ പേരിലാണ്. 1999ലെ സാഫ് കപ്പില്‍ ഭൂട്ടാനെതിരെ 12-ാം സെക്കന്‍ഡില്‍ ഗോളടിച്ച്‌ വിജയന്‍ ഞെട്ടിച്ചിരുന്നു. 1999 ദക്ഷിണേഷ്യന്‍ ഗെയിംസില്‍ പാക്കിസ്ഥാനെതിരെ ഹാട്രിക്ക് നേടി. 2003-ല്‍ ഇന്ത്യയില്‍ നടന്ന ആഫ്രോ-ഏഷ്യന്‍ ഗെയിസില്‍ നാലു ഗോളുകളുമായ വിജയന്‍ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരനായി. അതായിരുന്നു അദ്ദേഹത്തിന്റെ ഇന്ത്യന്‍ കുപ്പായത്തിലെ അവസാന ടൂര്‍ണമെന്റ്. 2003ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.

മോഹന്‍ ബഗാന്‍, കേരള പൊലീസ്, എഫ്.സി കൊച്ചിന്‍. ജെ.സി.ടി എന്നീ ക്ലബുകള്‍ക്ക് വേണ്ടിയും വിജയന്‍ കളിച്ചിട്ടുണ്ട്. ഐ.എം വിജയനെ മുമ്ബ് കേരള പൊലീസ് ഫുട്ബോള്‍ അക്കാദമി ഡയറക്ടറായി നിയമിച്ചിരുന്നു. സംസ്ഥാന ഫുട്ബോള്‍ ടീമിലും ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലും അംഗമായിരുന്ന ഐ.എം വിജയന്‍ ഓള്‍ ഇന്ത്യ പൊലീസ് ഗെയിംസ് ഫെഡറേഷന്‍ കപ്പ് ഉള്‍പ്പെടെ നിരവധി ചാമ്ബ്യന്‍ഷിപ്പുകള്‍ കേരള പൊലീസിന് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.