
ഒടിടിക്കു പിന്നാലെ ജനം ; മധ്യവേനല്‍ അവധിക്കാലം സിനിമകളുടെ നല്ല കാലമായിട്ടും തിയേറ്ററിൽ ആളില്ല ; നാലുമാസത്തിനിടെ ഇറങ്ങിയത് 69 സിനിമകള്‍,മുടക്കുമുതല്‍ ലഭിച്ചത് അഞ്ചില്‍ താഴെ ; ലാഭമുണ്ടാക്കുന്ന എന്നതിലുപരി മറ്റ് പല ദുരൂഹ ഇടപാടുകളും സിനിമയില്‍ നിക്ഷേപം നടത്തുന്നതിന് പിന്നിലുണ്ടെന്ന് വിവരം
കൊച്ചി: സൂപ്പര്‍ താരങ്ങളുടെ പ്രതിഫലത്തെ തുടര്‍ന്നു ബജറ്റ് കുത്തനെ ഉയര്ന്നുതും ഒടിടി ‘ശീല’വും മലയാള സിനിമയുടെ നടുവൊടിക്കുന്നെന്നു റിപ്പോര്‍ട്ട്. ഈവര്‍ഷം എഴുപതിലേറെ സിനിമകളാണു റിലീസ് ചെയ്തതെങ്കിലും എംപുരാന് പോലുള്ള അപൂര്‍വം ചിത്രങ്ങളാണു വിജയം കൊയ്തത്. അതും വമ്പിച്ച പ്രൊമോഷനും വിവാദങ്ങളും സഹായിച്ചതുകൊണ്ടുമാത്രം. ആദ്യ പത്തു ദിവസങ്ങളൊഴിച്ചാല്‍ എംപുരാനുപോലും തിയേറ്ററില്‍ കാര്യമായി ആളുണ്ടായില്ലെന്നാണു റിപ്പോര്‍ട്ട്.
ആദ്യകാലത്ത് വന്‍ തുക കൊടുത്ത് ഒടിടി പ്ലാറ്റ്ഫോമുകള് സിനിമകള്‍ വാങ്ങിയിരുന്നു. ഇതു മുന്നില്‍കണ്ട് നിരവധിപ്പേര്‍ സിനിമയെടുക്കാന്‍ മുന്നോട്ടുവന്നു. തിയേറ്ററില്‍ വിജയിച്ചില്ലെങ്കിലും ഒടിടി റൈറ്റുകൊണ്ടു കൈപൊള്ളാതെ നില്ക്കാം എന്നതായിരുന്നു ഗുണം. എന്നാല്‍, വരുമാനം പങ്കിടുന്ന നിലയിലേക്കു വന്നതോടെ നിര്‍മാതാക്കള്‍ക്കും നില്‍ക്കക്കള്ളിയില്ലാതായി. ഒടിടിയില്‍ വിജയിച്ചാല്‍ ഒരു പങ്കു നല്‍കും. ഇല്ലെങ്കില്‍ ഉള്ളതിന്റെ പാതി! മുമ്പ് 35 കോടിക്കുവരെ വമ്പന്‍ താരങ്ങളുടെ സിനിമകള്‍ വിറ്റുപോയിരുന്നെങ്കില്‍ ഹോട്ട് സ്റ്റാര്‍ പോലുള്ള കമ്പനികള്‍ സൂക്ഷിച്ചാണു സിനിമയെടുക്കുന്ന്. 170 കോടി ബജറ്റില്‍ പുറത്തിറങ്ങിയ എംപുരാനുപോലും ഒടിടിയില്‍നിന്നു ലഭിച്ചത് 30 കോടിയില്‍ താഴെ.
സിനിമയുടെ ബജറ്റ് അതിവേഗം ഉയര്‍ന്നത് നിര്‍മാതാക്കളെ ചില്ലറയല്ല പിന്നോട്ടടിക്കുന്നത്. ഒടിടിയിലൂടെ കോടികള്‍ കിട്ടിയിരുന്ന സമയത്ത് ഉയര്‍ത്തിയ പ്രതിഫലം ടെക്നീഷ്യന്മാരും മറ്റ് അണിയറക്കാരും കുറയ്ക്കാന്‍ തയാറായിട്ടില്ല. ഇതു പുതുതായി സിനിമാ മേഖലയിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രില്‍ പത്തുവരെ 69 സിനിമകളാണു മലയാളത്തില്‍ റിലീസ് ചെയ്തത്. ഇതില്‍ അഞ്ചില്‍ താഴെ എണ്ണത്തിലാണു മുടക്കുമുതല്‍ ലഭിച്ചത്. ആസിഫലി നായകനായ രേഖാചിത്രം കൂടുതല്‍ ലാഭമുണ്ടാക്കി. എംപുരാന് 150 കോടി നേടിയെന്നു പറയുമ്പോഴും മുടക്കുമുതല്‍പോലും തിരിച്ചുകിട്ടിയില്ലെന്നാണ് അണിയറയിലെ സംസാരം.
കുഞ്ചാക്കോ ബോബന് അഭിനയിച്ച ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രം തീയറ്ററില്‍ പ്രദര്‍ശനം തുടരുന്ന സമയത്ത് തന്നെ ഒടിടിയിലും റിലീസ് ചെയ്തിരുന്നു. ഒടിടി റിലീസിനുശേഷം തീയറ്ററുകളില്‍ പെട്ടെന്ന് ആളു കുറഞ്ഞു. ഇത്തരത്തില്‍ ഒടിടികളില്‍ സിനിമകള്‍ നേരത്തെ എത്തുന്നത് തീയറ്റുകളുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാക്കുമെന്നാണ് ഉടമകള്‍ പറയുന്നത്. മുമ്പൊക്കെ മധ്യവേനല്‍ അവധിക്കാലം സിനിമകളുടെ നല്ല കാലമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പതിവ് തെറ്റി.
പ്രതിമാസം സിനിമകളുടെ കണക്കു പുറത്തുവിടുന്ന നിര്‍മാതക്കളുടെ രീതിയിലും പലരും എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. നഷ്ടം പെരുപ്പിക്കുന്നതു പുതിയ നിര്‍മതാക്കളുടെ വരവിനെ ബാധിക്കുമെന്നാണു പറയുന്നത്. ഈ മേഖലയില്‍ നിക്ഷേപമിറക്കാന്‍ ആഗ്രഹിക്കുന്ന പുതിയ നിര്‍മാതാക്കള്‍ക്ക് അതിന്റെ അപകട സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുക എന്നതാണ് കണക്കുകള്‍ പുറത്തു വിടുന്നതിന്റെ ഉദ്ദേശ്യമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് (കെഎഫ്പിഎ) വൈസ് പ്രസിഡന്റ് ജി. സുരേഷ്കുമാര്‍ പറയുന്നു.
നഷ്ടത്തിലേക്കു കൂപ്പുകുത്തുന്നെന്നു പറയുമ്പോഴും സിനിമ നിര്‍മാണത്തില്‍ കുറവുണ്ടാകുന്നില്ല എന്നത് അന്വേഷണ ഏജന്‍സികളുടെയും സംശയത്തിന് ഇടയാക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നുണ്ടോ എന്നാണ് ഇവര്‍ പരിശോധിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഒരു ചിത്രത്തിന് ചെലവായത് ആറുകോടിക്ക് മുകളിലാണ്. അതിനു കളക്ഷന്‍ ലഭിച്ചതാകട്ടെ രണ്ടു ലക്ഷം രൂപയില്‍ താഴെയും. ഇതുപോലെ നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങുന്നുണ്ട്. ലാഭമുണ്ടാക്കുന്ന എന്നതിലുപരി മറ്റ് പല ദുരൂഹ ഇടപാടുകളും സിനിമയില്‍ നിക്ഷേപം നടത്തുന്നതിന് പിന്നിലുണ്ടെന്നാണ് വിവരം.
അടുത്തിടെ ഉയര്‍ന്ന മയക്കുമരുന്നു വിവാദങ്ങളും ഭാവിയില്‍ മലയാള സിനിമയ്ക്കു തിരിച്ചടിയാകും. നേരത്തേ സിനിമക്കാരെ തൊടാന്‍ മടിച്ചിരുന്ന് പോലീസും മറ്റും ഇപ്പോള്‍ നേരിട്ടു റെയ്ഡ് നടത്താനും അത് അപ്പപ്പോള്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിക്കാനും മടിക്കുന്നില്ല. എംപുരാന് വിവാദത്തിനുശേഷം പഴയ ചെലവുകളുടെ കണക്കുകള്‍ ആവശ്യപ്പെട്ട് ഇന്‍കം ടാക്സ് വകുപ്പ് നിര്‍മതാക്കള്‍ക്കും നടന്മാര്ക്കുമടക്കം നോട്ടീസ് അയച്ചിരുന്നു. നടന്മാരുമായി ഒപ്പിടുന്ന കരാറുകളും ഇനി കര്‍ശന നിരീക്ഷണത്തിന്റെ പരിധിയിലേക്കു വരും. ഏപ്രില്‍ ഒടുവില്വരെയുള്ള കണക്കുകള്‍കൂടി പുറത്തുവിട്ടാല്‍ മലയാള സിനിമയുടെ പോക്ക് എങ്ങോട്ടെന്ന് ഏറെക്കുറെ വ്യക്തമാകുമെന്നു ചുരുക്കം.