
മലപ്പുറം: എക്സൈസിന്റെ ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 10 ലക്ഷം രൂപയോളം വിലവരുന്ന എംഡിഎംഎയും രണ്ടര ലക്ഷം രൂപയും പിടികൂടി. താനാളൂര്‍ തേക്കുംകാട്ടില്‍ മുഹമ്മദിന്റെ മകന് അബ്ദുള്‍ മജീദ് (40) ആണ് അറസ്റ്റിലായത്.
മലപ്പുറം എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. താനാളൂരിലെ കെ.ടി.ജാറം പ്രദേശത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 153.462 ഗ്രാം എംഡിഎംഎയും ലഹരി വില്‍പ്പനയിലൂടെ ലഭിച്ചതെന്ന് സംശയിക്കുന്ന പണവും കണ്ടെത്തി.
ഓട്ടോ ഡ്രൈവറായ അബ്ദുള്‍ മജീദ് വിദേശത്തുനിന്ന് ഒമാന്‍ വഴി എത്തിച്ച രാസലഹരി ചെറിയ പാക്കറ്റുകളിലാക്കി ഏജന്റുമാര്‍ മുഖേന തീരദേശ മേഖലയിലെ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തിരുന്നുവെന്നാണ് എക്സൈസിന്റെ കണ്ടെത്തല്‍. ജില്ലയിലെ ലഹരി വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാളാണ് പ്രതിയെന്നും കൂടുതല്‍ പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു..
Whatsapp Group 1 | Whatsapp Group 2 |Telegram Group







