
തഞ്ചാവൂർ: മകളെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായി ജാമ്യത്തിലിറങ്ങിയ യുവാവിനെ വെട്ടിക്കൊലപ്പടുത്തി പിതാവ്.
തഞ്ചാവൂർ ജില്ലയിലെ മേലകലക്കുടി ഗ്രാമത്തില്‍ ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.പെയിന്റിംഗ് തൊഴിലാളിയായ അജിത് കുമാർ (33)എന്നയാളാണ് കൊല്ലപ്പെട്ടത്.
പുണ്യ മൂർത്തി (53) എന്നയാളും കൂട്ടാളികളായ ലോകേഷ് (22), രാമലിംഗം (30), കറുപ്പയ്യ (55) എന്നിവരും ചേർന്ന് പുലർച്ചെ രണ്ട് മണിയോടെ അജിത് കുമാറിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി വാക്കത്തി ഉപയോഗിച്ച് ഇയാളെ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊലപ്പെടുത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതകത്തിന് ശേഷം പ്രതികള്‍ അമ്മപ്പേട്ട പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയും കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന മൂന്ന് വാക്കത്തികള്‍ പോലീസിന് കൈമാറുകയും ചെയ്തു.
പുണ്യ മൂർത്തിയുടെ മകളായ പി. കാവ്യ 2025 നവംബർ 27-ന് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ അജിത് കുമാർ ഒരുമാസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്.
സർക്കാർ പ്രൈമറി സ്കൂളില്‍ താല്‍ക്കാലിക അധ്യാപികയായിരുന്ന കാവ്യ അജിത് കുമാറുമായി പ്രണയത്തിലായിരുന്നുവെങ്കിലും കുടുംബം ഈ ബന്ധത്തെ എതിർത്തിരുന്നു. 2025 നവംബർ 23-ന് കാവ്യയുടെ വിവാഹം മറ്റൊരു ബന്ധുവുമായി വീട്ടുകാർ നിശ്ചയിച്ചു. ഇതിന് പിന്നാലെ സ്കൂളിലേക്ക് പോവുകയായിരുന്ന കാവ്യയെ വഴിയില്‍ തടഞ്ഞുനിർത്തി അജിത് കുമാർ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.







