
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥർ
സ്വന്തം ലേഖകൻ
ഭോപ്പാൽ: കൂട്ട ബലാത്സംഗക്കേസ് പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥർ. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള ദാമോയിലാണ് സംഭവം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ഒളിവിലുള്ള പ്രതിയുടെ വീടാണ് ഉദ്യോഗസ്ഥർ തകർത്തത്. വനിതാ ഉദ്യോഗസ്ഥരുടെ ബുൾഡോസർ പ്രയോഗം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദാമോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. എന്നാൽ നാലാമനായ കൗശൽ കിഷോർ ചൗബേ ഒളിവിൽ തുടർന്ന്. റാണെ പൊലീസ് നടത്തിയ വ്യാപക തെരച്ചിലിനൊടുവിൽ ഇയാളെ കഴിഞ്ഞ ദിവസം പിടികൂടി.
അന്വേഷണത്തിൽ ഇയാൾ അനധികൃതമായി കയ്യേറിയ ഭൂമിയിൽ വീട് പണിതിരുന്നതായി പൊലീസ് കണ്ടെത്തി. ജില്ലാ കളക്ടറിൽ നിന്ന് അനുമതി വാങ്ങിയ ശേഷം, പ്രതി കൗശൽ കിഷോർ ചൗബെയുടെ വീടും കൃഷിഭൂമിയും ഇടിച്ചു നിരത്താൻ ഭരണകൂടം തീരുമാനിച്ചു.
ഇതിനായി ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ നിന്നുള്ള വനിതാ ഉദ്യോഗസ്ഥരെ റാണെയിലേക്ക് വിളിച്ചുവരുത്തുകയും തുടർന്ന് ബുൾഡോസർ ഉപയോഗിച്ച് കയ്യേറ്റം ഒഴിപ്പിക്കുകയും ചെയ്തു. ഇത് സമൂഹത്തിന് വലിയ സന്ദേശം നൽകുമെന്നും കുറ്റവാളികൾക്കിടയിൽ ഭയം സൃഷ്ടിക്കുമെന്നും നടപടിക്ക് നേതൃത്വം നൽകിയ പൊലീസ് ഓഫീസർ പ്രഷിത കുർമി പറയുന്നു. കൂടാതെ 75 ലക്ഷത്തോളം വിലമതിക്കുന്ന ഭൂമിയാണ് പ്രതി അനധികൃതമായി കയ്യേറിയതെന്നും പൊലീസ് അറിയിച്ചു.