
കണ്ണൂർ അഞ്ചരക്കണ്ടി ബിഡിഎസ് വിദ്യാർഥി നിതിൻ രാജിനെതിരെ ആരോപണവുമായി ഡോ. എംകെ റാം. ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് റാമിന്റെ വാദം. പെൺകുട്ടി എന്ന വ്യാജേന പണം തട്ടാൻ ശ്രമിച്ച കേസിന്റെ ബാധ്യത നിതിനുണ്ടെന്നാണ് റാമിന്റെ വാദം. ഫായീസ് എന്നയാളുടെ പരാതി പിന്നീട് പിൻവലിച്ചെന്നും ജാമ്യാപേക്ഷയിൽ എംകെ റാം പറയുന്നു. അന്യസംസ്ഥാനങ്ങളിൽ ഉൾപ്പടെ റാമിനായി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് എംകെ റാം ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. നിതിൻ രാജിന്റെ മരണശേഷം 17 ദിവസമായി ഡോ. എം.കെ റാം ഒളിവിലാണ്. കഴിഞ്ഞ ദിവസം റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു.
അതേസമയം കേസിൽ പൊലീസ് ഒത്തു കളിക്കുകയാണെന്ന ആരോപണവുമായി നിതിൻരാജിന്റെ കുടുംബം രംഗത്ത് ഉണ്ട്. നീതി വേണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുകയാണ് കുടുംബം. അതേസമയം റാമിനെ തേടി പൊലീസ് വ്യാപക പരിശോധന തുടരുകയാണ്. ആന്ധ്രയിലും, കർണ്ണാടകത്തിലും ഉൾപ്പെടെ 16 കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന നടത്തി. കേസിൽ ഒന്നാം പ്രതിയാണ് റാം. രണ്ടാം പ്രതി സംഗീത നമ്പ്യാർക്ക് തലശേരി കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.






