നിയന്ത്രണം വിട്ട കാറിടിച്ച് എം.സി റോഡിൽ അപകടം: പോസ്റ്റിലും കാറിലും ഇടിച്ചു; ആർക്കും പരിക്കില്ല

നിയന്ത്രണം വിട്ട കാറിടിച്ച് എം.സി റോഡിൽ അപകടം: പോസ്റ്റിലും കാറിലും ഇടിച്ചു; ആർക്കും പരിക്കില്ല

സ്വന്തം ലേഖകൻ

കോട്ടയം: എം.സി റോഡിൽ എസ്.എച്ച് മൗണ്ടിനു സമീപം നിയന്ത്രണം വിട്ട കാറിടിച്ച് വൻ അപകടം. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. നിയന്ത്രണം നഷ്ടമായ കാർ പോസ്റ്റിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. ഞായറാഴ്ച
വൈകിട്ട് മൂന്നരയോടെ എം.സി റോഡിൽ ചൂട്ടുവേലി ജംഗ്ഷനിലായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തു നിന്നും എത്തിയ കാർ അതിവേഗം ദിശതെറ്റിയെത്തുകയായിരുന്നു. കാർ നിയന്ത്രിച്ചു നിർത്താൻ ഡ്രൈവർ ശ്രമിക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും എത്തിയ മറ്റൊരു കാറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ വലത്തേയ്ക്കു വെട്ടിത്തിരിഞ്ഞ കാർ മറ്റൊരു കാറിന്റെ മുൻവശത്ത് ഇടിച്ചു. തുടർന്നു റോഡരികിലെ പോസ്റ്റിൽ ഇടിച്ചാണ് കാർ നിന്നത്. ഇതോടെ രണ്ടു കാറിന്റെയും മുൻവശം പൂർണമായും തകർന്നു. കാറിന്റെ മുൻവശത്തു നിന്നു പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നു സംശയിക്കുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.