
വാൻകൂവർ: ലോകകപ്പ് ഗ്രൂപ്പ് ബി മത്സരത്തിൽ സഹആതിഥേയരായ കാനഡയെ തകർത്ത് സ്വിറ്റ്‌സര്‍ലൻഡ് നോക്കൗട്ടിൽ. റൂബൻ വർഗാസ്, യോഹാൻ മൻസാംബി എന്നിവരാണ് സ്വിറ്റ്‌സര്‍ലൻഡിന്റെ ഗോൾ നേടിയത്. 76 ാം മിനിറ്റിൽ പ്രോമിസ് ഡേവിഡിലൂടെ കാനഡ ഒരു ഗോൾ മടക്കി.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമണത്തിലൂന്നിയാണ് ഇരുടീമുകളും കളിച്ചതെങ്കിലും രണ്ടാം പകുതിയിലാണ് ഗോളുകൾ പിറന്നത്.
മൂന്നു മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി സ്വിറ്റ്‌സര്‍ലൻഡും നാലു പോയിന്റുമായി കാനഡയും ഗ്രൂപ്പ് ബിയിൽ നിന്ന് നോക്കൗട്ടിൽ കടന്നു. മൂന്നാം ലോകകപ്പ് കളിക്കുന്ന കാനഡ ആദ്യമായാണ് നോക്കൗട്ടിൽ കടക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാനഡയുടെ ചയോൺ ബുക്കാനൻ വലതുവിങ്ങിലൂടെ മികച്ച ഓവർലാപ്പിങ് റണ്ണുകൾ നടത്തിയത് സ്വിറ്റ്‌സർലൻഡിനെ ബുദ്ധിമുട്ടിച്ചെന്ന് തോന്നിച്ചെങ്കിലും അതെല്ലാം അവരുടെ ഗെയിം പ്ലാനിന്റെ ഭാഗമായിരുന്നുവെന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മനസിലായി.
മത്സരത്തിന്റെ ആദ്യ ഹൈഡ്രേഷൻ ബ്രേക്ക് വരെ മൈതാനത്ത് കാര്യങ്ങൾ ആവേശകരമായിരുന്നു. ഇരു ടീമുകളും എതിർ ഗോൾമുഖം ലക്ഷ്യമായി മികച്ച ആക്രമണങ്ങൾ നടത്തി. ടയോൺ ബുക്കാനനായിരുന്നു കാനഡയ്ക്കായി വലതുവിങ്ങിലൂടെയുള്ള ആക്രമണങ്ങൾ നയിച്ചത്.
എന്നാൽ ബുക്കാനൻ നയിച്ച പല മുന്നേറ്റങ്ങളും ഗോളിലേക്ക് വഴിതിരിച്ചുവിടാൻ പക്ഷേ കൈൽ ലാറിന് പരാജയപ്പെട്ടു. ജൊനാഥൻ ഡേവിഡും ഫോമിലേക്കുയരാതിരുന്നതും ആദ്യ പകുതിയിൽ കാനഡയ്ക്ക് തിരിച്ചടിയായി.
മറുവശത്ത് സ്വിറ്റ്‌സർലൻഡിനായി ജൊഹാൻ മാൻസാംബിയും റൂബൻ വാർഗാസും ചേർന്ന് ഇരു വിങ്ങുകളിലൂടെയും മികച്ച മുന്നേറ്റങ്ങൾ നടത്തി. ഇത്തരത്തിൽ 10-ാം മിനിറ്റിൽ തന്നെ ബ്രീൻ എംബോളോയിലേക്ക് പന്തെത്തിയെങ്കിലും താരത്തിന്റെ ഷോട്ട് കാഡന ഗോൾകീപ്പർ മാക്‌സിം ക്രെയ്‌പോ സേവ് ചെയ്തു.
രണ്ടാം പകുതി ആരംഭിച്ച് ആദ്യ മിനിറ്റിൽ (46) തന്നെ സ്വിറ്റ്‌സർലൻഡ് സ്‌കോർ ചെയ്തു. വലതുവിങ്ങിലൂടെയുള്ള ഒരു അതിവേഗ മുന്നേറ്റത്തിനൊടുവിൽ മൻസാംബി നൽകിയ ക്രോസ് ഗോൾമുഖത്തുണ്ടായിരുന്ന എംബോളോ വാർഗാസിനായി ഒഴിഞ്ഞുകൊടുക്കുന്നു. പന്ത് പിടിച്ചെടുത്ത് വാർഗാസ് തൊടുത്തുവിട്ട ബുള്ളറ്റ് ഷോട്ട് ക്രെയ്‌പോയ്ക്ക് യാതൊരു അവസരവും കൊടുക്കാതെ വലയിൽ.
11 മിനിറ്റിനകം സ്വിറ്റ്‌സർലൻഡ് രണ്ടാം ഗോളും നേടി. ബ്രീൽ എംബോളോയുടെ പാസിൽ നിന്ന് ഗോളിലേക്കുള്ള കനത്ത പ്രഹരത്തിനായി മൻസാംബിക്ക് യഥേഷ്ടം സമയമുണ്ടായിരുന്നു. താരത്തിന്റെ ഷോട്ട് ക്രെയ്‌പോ തടയാൻ ശ്രമിച്ചിട്ടും വലയിൽ കയറുകയായിരുന്നു.
സമയം വൈകിയെന്ന് മനസിലാക്കിയ കാനഡ കോച്ച് ജെസ്സി മാർഷ് 75-ാം മിനിറ്റിൽ ബുക്കാനനെ പിൻവലിച്ച് പ്രോമിസ് ഡേവിഡിനെ കളത്തിലിറക്കി. തൊട്ടടുത്ത മിനിറ്റിൽ തന്നെ പേര് അന്വർഥമാക്കുന്ന പ്രകടനത്തോടെ നഥാൻ സാലിബയുടെ ക്രോസ് വലയിലേക്ക് തിരിച്ചുവിട്ട് പ്രോമിസ് ഡേവിഡ് കാനഡയ്ക്കായി ഒരു ഗോൾ മടക്കി. പിന്നീടൊരു സമനില ഗോളിനായി കാനഡ കിണഞ്ഞു ശ്രമിച്ചെങ്കിലും പലപ്പോഴും ഫിനിഷിങ്ങിൽ പിഴച്ചു.
ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ ഖത്തറിനെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് ബോസ്‌നിയ പരാജയപ്പെടുത്തി. കെരിം അലയ്‌ബെഗോവിച്ച്, ഇർമിൻ മഹ്‌മിക് എന്നിവർ ബോസ്‌നിയക്കായി സ്‌കോർ ചെയ്തപ്പോൾ സുൽത്താൻ അൽ ബ്രേക്കിന്റെ സെൽഫ് ഗോളും ബോസ്‌നിയയുടെ അക്കൗണ്ടിലെത്തി. ഹസൻ അൽ ഹൈദോസിന്റെ വകയായിരുന്നു ഖത്തറിന്റെ ആശ്വാസ ഗോൾ.
ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴു പോയന്റുമായി സ്വിറ്റ്‌സർലൻഡ് ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ടിലേക്ക് മുന്നേറി. മൂന്ന് കളികളിൽ നിന്ന് നാല് പോയന്റുമായി കാനഡയും നോക്കൗട്ടിലെത്തി. ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ ബോസ്‌നിയക്കും നാല് പോയന്റാണ് ഉള്ളതെങ്കിലും ഗോൾ വ്യത്യാസത്തിലെ മുൻതൂക്കം കാനഡയ്ക്ക് തുണയായി.







