
കൊച്ചി : സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് വീണ എത്തിയത്. അല്‍പ സമയത്തിനകം ചോദ്യം ചെയ്യല്‍ ആരംഭിക്കും. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വീണയ്ക്ക് ഇഡി നോട്ടീസ് നല്‍കിയിരുന്നതെങ്കിലും ഇന്ന് ഹാജരാകുകയായിരുന്നു. വീണയുടെ ആദ്യ ഘട്ട ചോദ്യം ചെയ്യല്‍ ഒമ്പത് മണിക്കൂറോളം നീണ്ടിരുന്നു. എസ്എഫ്‌ഐഒയില്‍ നിന്നുള്ള രേഖകള്‍ അടക്കം ഇഡിക്ക് ലഭിച്ച സാഹചര്യത്തില്‍ ഇന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ണാകമാകും. ഈ രേഖകള്‍ ഉള്‍പ്പടെ പരിശോധിച്ച് വിശദമായ ചോദ്യം ചെയ്യല്‍ നടത്താനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്.
സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ പണം എന്തിന് വേണ്ടി വിനിയോഗിച്ചു എന്നതില്‍ വ്യക്തത വരുത്താനും നീക്കമുണ്ട്. എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമായ 134 സുപ്രധാന രേഖകള്‍ ഇന്നലെയാണ് ഇഡിക്ക് ലഭിച്ചത്. ജൂണ്‍ 17നായിരുന്നു വീണയുടെ ആദ്യഘട്ട ചോദ്യം ചെയ്യല്‍. കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് തന്നെ നടന്ന ചോദ്യം ചെയ്യല്‍ 9 മണിക്കൂറോളം നീണ്ടു. ഇഡി ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.






