
ഇത് മൈതാനമല്ല, മണിമലയാർ!!; മണിമലയാറിൽ ജലനിരപ്പ് താഴ്ന്നു; ആറിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും മണൽത്തിട്ടകള്‍ രൂപം കൊണ്ടു; മണിമലയാർ ഇനി വരൾച്ചയുടെ പിടിയിൽ; കുടിവെള്ളം മുട്ടുമൊന്നുറപ്പ് …!
സ്വന്തം ലേഖകൻ
എരുമേലി: മണിമലയാറിന്റെ ഈ അവസ്ഥ കണ്ടാൽ ആരും സഹിക്കില്ല. വറ്റിവരണ്ട് ആകെ കോലംകെട്ടു. കർക്കടകത്തിനു പിന്നാലെ ചിങ്ങത്തിലും മഴ മാറിനിന്നതോടെ മണിമലയാറിൽ ജലനിരപ്പ് നന്നേ താഴ്ന്നു. ഇപ്പോൾ ആറിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും മണൽത്തിട്ടകളാണ്. പുഴയുടെ മധ്യഭാഗത്തുകൂടി തോടിനു സമാനമായ ചെറിയ നീർച്ചാലുമുണ്ട്. പഴമക്കാരുടെ ഓർമയിൽ ഒരിക്കൽ പോലും കർക്കടക ചിങ്ങ മാസങ്ങളിൽ മണിമലയാറ്റിലെ ജലനിരപ്പ് ഇത്രയും താഴ്ന്നിട്ടില്ല.
പുഴയുടെ പല ഭാഗങ്ങളിലും മണൽ നിറഞ്ഞു മൈതാനത്തിന് സമാനമാണ്. ജലനിരപ്പ് താഴ്ന്നതോടെ മണിമലയാറിനെ ആശ്രയിച്ചു മുണ്ടക്കയത്തു പ്രവർത്തിക്കുന്ന പല കുടിവെള്ള പദ്ധതികളും പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. ജൂലായിൽ പെയ്ത ശക്തമായ മഴയിൽ മണിമലയാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ വെള്ളനാടി ചെക്ക് ഡാമിൽ സംഭരിച്ചിരുന്ന ജലം തുറന്നുവിട്ടിരുന്നു. എന്നാൽ പിന്നാലെ പതിവിനു വിപരീതമായെത്തിയ കടുത്ത വരൾച്ച കുടിവെള്ള പദ്ധതികളെയും സാരമായി ബാധിച്ചിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രളയത്തിൽ ഒഴുകിയെത്തിയ മണ്ണും മാലിന്യങ്ങളും നിറഞ്ഞതോടെ മണിമലയാറിന്റെ ജലസംഭരണ ശേഷി പൂർണമായും നഷ്ടപ്പെട്ടു. കനത്തമഴ പെയ്താൽ പുഴ കരകവിഞ്ഞൊഴുകും. വന്നടിഞ്ഞ മണൽ നീക്കം ചെയ്യാത്തതാണ് പ്രധാന കാരണം. പുഴ പുനർജനി പദ്ധതിപ്രകാരം ആറ്റിൽ നിന്ന് മണൽ നീക്കം ചെയ്‌തെങ്കിലും ഇതു വേണ്ടത്ര വിജയിച്ചില്ല. പുഴയിൽ നിന്നു ചെളി അടങ്ങിയ മണൽ വാരി വിവിധ സ്ഥലങ്ങളിൽ കൂട്ടിയെങ്കിലും പിന്നീട് ഇതു ലേലം ചെയ്തു കൊണ്ടുപോകാൻ ആരും തയാറായില്ല.
പ്രളയം കഴിഞ്ഞു വെയില്‍ നിറഞ്ഞപ്പോള്‍ നദികളില്‍ വെള്ളം ദുര്‍ബലമായ മുൻ അനുഭവം ആവര്‍ത്തിക്കുകയാണ് മേഖലയിലെ നദികളില്‍. മണിമലയാറിലെ ഇപ്പോഴത്തെ സ്ഥിതി വരള്‍ച്ചയുടെ ലക്ഷണമാണെന്ന് പഴയ തലമുറയിലുള്ളവര്‍ പറയുന്നു. എരുമേലിയില്‍ കൊരട്ടി ഭാഗത്ത് നദിയില്‍ വെള്ളം ശേഷി കുറഞ്ഞ് ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു. കൊരട്ടിയില്‍ ചാകയത്തിലാണ് അല്‍പ്പം ജലനിരപ്പ് ഉള്ളത്.
സമീപത്ത് അടിത്തട്ടിലെ കല്ലും മണലും പാറയും തെളിഞ്ഞു കാണാം. മുമ്ബ് ചാകയത്തില്‍ നിന്നായിരുന്നു എരുമേലി ടൗണിലും പരിസര പ്രദേശങ്ങളിലും ജല അഥോറിറ്റി വെള്ളം വിതരണം ചെയ്തിരുന്നത്. കടുത്ത വേനലില്‍ മാത്രം വറ്റുന്ന ചാകയത്തില്‍ ഇപ്പോള്‍ വെള്ളം തീരെ കുറഞ്ഞുകൊണ്ടിരിക്കുന്നു.
എരുമേലി സമഗ്ര ജല വിതരണ പദ്ധതി പമ്ബയാറിലെ പെരുന്തേനരുവിയില്‍ ആരംഭിച്ചതോടെയാണ് ചാകയത്തില്‍ നിന്നുള്ള വിതരണ പദ്ധതി നിര്‍ത്തിയത്. പമ്ബ, അഴുത നദികളിലും സമാന അവസ്ഥ നേരിടുകയാണ്. വെള്ളം കുറഞ്ഞുകൊണ്ടിരിക്കുകയാണ് ഈ നദികളിലും. പ്രളയ ശേഷം നദികളില്‍ വൻ തോതില്‍ അടിഞ്ഞ മണല്‍ ശേഖരം നദിയില്‍ ഉറച്ചതോടെ കയങ്ങള്‍ നികന്നതാണ് നദികളുടെ ശേഷി ചുരുക്കിയത്.
ആഴവും പരപ്പും വിശാലമായിരുന്ന നദികളില്‍ വെള്ളം സംഭരിക്കാൻ കഴിയാതെ വരളുന്ന സ്ഥിതിയിലേക്ക് എത്തിച്ചു. മണല്‍ വാരല്‍ നടത്താൻ ഇക്കഴിഞ്ഞ ദിവസം എരുമേലി പഞ്ചായത്ത് പ്രസിഡന്‍റ് സുബി സണ്ണി നല്‍കിയ നിവേദനത്തെ തുടര്‍ന്ന് സംസ്ഥാന ചീഫ് സെക്രട്ടറി വി. വേണു ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിന്‍റെ പെരുമാറ്റചട്ടം മൂലം നടപടികള്‍ സ്വീകരിക്കാൻ കഴിയില്ലെന്ന് ജില്ലാ ഭരണകൂടം അറിയിക്കുകയായിരുന്നു.
മുമ്പ് വേനൽക്കാലങ്ങളിൽ വരെ ജലസമൃദ്ധമായിരുന്നു മണിമലയാർ. വലിയ കയങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം വേനൽക്കാലത്തും പ്രദേശവാസികൾക്ക് ഉപയോഗിക്കാനും പുഴയെ ജലസമൃദ്ധമാക്കാനും ഉപകാരപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ കയങ്ങളെല്ലാം മണൽ വന്നുമൂടി. ഇതുമൂലം മഴക്കാലത്ത് വലിയ വെള്ളപ്പൊക്കവും വേനൽക്കാലത്തു കടുത്ത വരൾച്ചയുമാണ് അനുഭവപ്പെടുന്നത്. പുഴയുടെ ഓരോ കടവുകൾ കേന്ദ്രീകരിച്ചു നിശ്ചിത കാലയളവിൽ പരമ്പരാഗത രീതിയിൽ മണൽ നീക്കംചെയ്യാൻ അനുമതി നൽകിയാൽ പ്രശ്‌നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കണ്ടെത്താം.