Thursday, April 23, 2026

ഉപഭോക്താക്കളുടെ പേരിൽ വായ്പ എടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് : കിടങ്ങൂരിൽ ആർ.ബി ഹോം ഗാലറി എന്ന പേരിൽ ഗൃഹോപകരണ സ്ഥാപനം നടത്തുന്ന യുവാവിനെ കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തു 

Spread the love

കിടങ്ങൂർ: ഉപഭോക്താക്കളുടെ പേരിൽ ലക്ഷങ്ങളുടെ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയ കേസിൽ സ്ഥാപന ഉടമയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

പാദുവ, മൂലയിൽകരോട്ട് വീട്ടിൽ ഉണ്ണികൃഷ്ണൻ (35) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. കിടങ്ങൂരിൽ ആർ.ബി ഹോം ഗാലറി എന്ന പേരിൽ ഗൃഹോപകരണ സ്ഥാപനം നടത്തിയിരുന്ന ഇയാൾ ഇവിടെ ഇ എം ഐ വ്യവസ്ഥയില്‍ ഗൃഹോപകരണങ്ങൾ വാങ്ങാൻ എത്തിയ പലരിൽ നിന്നുമായി ഇവരുടെ രേഖകൾ കൈക്കലാക്കിയ ശേഷം ഇവരറിയാതെ ഇവരുടെ പേരിൽ ഇ എം ഐ വ്യവസ്ഥയിൽ സ്വകാര്യപണമിടപാട് സ്ഥാപനത്തിൽ നിന്നും കൂടുതൽ തുക ലോൺ വാങ്ങിച്ചെടുത്ത് പണം തട്ടിയെടുക്കുകയായിരുന്നു.

കൂടാതെ ഇയാളുടെ സ്ഥാപനത്തിൽ നിന്നും ഇ.എം.ഐ വ്യവസ്ഥയിൽ സാധനങ്ങൾ വാങ്ങി വായ്പ മുഴുവൻ തിരിച്ചടച്ചയാളുകളുടെ രേഖകള്‍ കയ്യിലിരുന്ന ഇയാള്‍ ഇവരരിയാതെ വീണ്ടും സാധനം വാങ്ങിയതായി കാണിച്ച് ഇവരുടെ പേരില്‍ ഇവരറിയാതെ വീണ്ടും ലോണ്‍ എടുക്കുകയും, ഇതിന്റെ ഒടിപിക്കായി ഇവരുടെ വീടുകളിലെത്തി പല കാരണങ്ങള്‍ പറഞ്ഞ് ഒടിപി കരസ്ഥമാക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ പലരിൽ നിന്നുമായി ലക്ഷങ്ങൾ തട്ടിയ ഇയാള്‍ കഴിഞ്ഞദിവസം സ്ഥാപനം പൂട്ടി കടന്നുകളയുകയായിരുന്നു. തുടർന്ന് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും ഉപഭോക്താക്കളെ പണം തിരിച്ചടക്കുന്നതിനായി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഇവരുടെ പേരിൽ പണം തട്ടിയെടുത്തിരുന്നതായി ഇവർ അറിയുന്നത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയായിരുന്നു.

കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്. ഓ റ്റി.സതികുമാർ, എസ്.ഐ ജസ്റ്റിൻ.എസ്.മണ്ഡപം, സി.പി.ഓ മാരായ ഗ്രിഗോറിയസ് ജോസഫ്, ജോസ് ചാന്തർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്‌.