ജില്ലയിൽ ലൈഫ്മിഷൻ പദ്ധതിയിൽ 7006 പുതിയ വീടുകൾ നിർമിക്കും: മന്ത്രി ഡോ.കെ.ടി.ജലീൽ

ജില്ലയിൽ ലൈഫ്മിഷൻ പദ്ധതിയിൽ 7006 പുതിയ വീടുകൾ നിർമിക്കും: മന്ത്രി ഡോ.കെ.ടി.ജലീൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം ജില്ലയിൽ ലൈഫ്മിഷൻ പദ്ധതിയിൽ ഈ സാമ്പത്തിക വർഷം 7006 വീടുകൾ നിർമിച്ച് നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ. ടി ജലീൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ 2018-19 വർഷത്തെ പദ്ധതി പുരോഗതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തമായി സ്ഥലമുള്ള ഭവനരഹിതരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഭവന നിർമാണ പദ്ധതികൾക്ക് ഉണ്ടാവുന്ന കാലതാമസം ഒഴിവാക്കാൻ പ്രത്യേകശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഭവന നിർമാണ പദ്ധതികളിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് അർഹതയുടെ അടിസ്ഥാനത്തിലായിരിക്കണം. വാർഡ് അടിസ്ഥാനത്തിൽ വീട് വീതം വെക്കുന്ന സമീപനം അനുവദിക്കില്ല. ഇതുവരെ തയ്യാറാക്കിയ ഗുണഭോക്തൃ ലിസ്റ്റ് പുനപരിശോധന നടത്തി അനർഹരെ ഒഴിവാക്കിയിട്ടുണ്ട്. ആദ്യ ഗഡു വിതരണം ഉടൻ ആരംഭിക്കും. സംസ്ഥാനത്താകെ രണ്ടര ലക്ഷം വീടുകൾ നിർമിക്കുന്നതിന് 4000 കോടി രൂപയാണ് സർക്കാർ കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്പ്മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ (കെയുആർഡിഎഫ്സി) നിന്നും ലോൺ എടുത്തിട്ടുള്ളത്. ഈ സാമ്പത്തിക വർഷം തന്നെ വീടുകൾ പൂർത്തീകരിച്ച് താക്കോൽ ദാനം നടത്തണം. സ്ത്രീകൾ മാത്രമുള്ളതും ദുർബല വിഭാഗക്കാരുമായവരുടെ വീടുകൾ കണ്ടെത്തി പൂർത്തീകരണത്തിന് പഞ്ചായത്തുകൾ മുൻഗണന നൽകണം. ഈ സാമ്പത്തിക വർഷം ആദ്യപാദം പൂർത്തിയാകുമ്പോൾ ജില്ലാ പഞ്ചായത്ത് 11.43 ശതമാനവും നഗരസഭകൾ 14.48 ശതമാനവും ചെലവഴിച്ച് നേട്ടം കൈവരിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തുകൾ 7.08, ഗ്രാമ പഞ്ചായത്തുകൾ 8.8 ശതമാനവും തുക യാണ് വിനിയോഗിച്ചിട്ടുളളത്. തുക വിനിയോഗത്തിൽ പിന്നാക്കം നിൽക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രത്യേക യോഗം അടിയന്തരമായി ചേരണമെന്ന് കളക്ടർക്ക് നിർദ്ദേശം നൽകി. ഉദ്യോഗസ്ഥൻമാരുടെ കുറവ് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ഗെയിംസ് ഫെസ്റ്റിവൽ, ഭിന്നശേഷിക്കാരുടെ കലോത്സവം, സംരഭകത്വ ക്ലബുകൾ എന്നിവ വാർഷിക പദ്ധതികളിൽ പ്രത്യേകമായി ഉൾപ്പെടുത്തണം. കെ.എസ്.സി.ബി, വാട്ടർഅഥോറിറ്റി, ഗ്രൗണ്ട് വാട്ടർ എന്നിവ സമയബന്ധിതമായി എസ്റ്റിമേറ്റ് നൽകാത്തതിനാൽ ഡെപ്പോസിറ്റ് പദ്ധതികൾ പൂർത്തിയാക്കാൻ കാലതാമസം നേരിടുന്നതായി അദ്ദേഹം ചൂണ്ടി കാട്ടി. ഈ വകപ്പുകളുടെ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്ന് പ്രശ്നം ചർച്ച ചെയ്യണമെന്ന് ജില്ലാ കളക്ടർക്ക് നിർദേശം നൽകി. ജില്ലയിലെ അസിസ്റ്റന്റ് എഞ്ചിനീയർമാരുടെ പെർഫോമൻസ് റിപ്പോർട്ട് മൂന്നു മാസം കൂടുമ്പോൾ തയാറാക്കി നൽകണമെന്നും ഓവർസീയർമാർക്ക് പരിശീലനത്തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. മികച്ച രീതിയിൽ പദ്ധതി വിഹിതം ചെലവഴിച്ച തദ്ദേശ സ്ഥാപനങ്ങളെ ചടങ്ങിൽ അവാർഡും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. പഞ്ചായത്തുകളിലും നഗരസഭകളിലും പഞ്ചായത്ത് നഗര ദിനം കൊണ്ടാടണമെന്നും മികച്ച ജീവനക്കാരെ കണ്ടെത്തി ആദരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് ശശി കലാ നായർ, അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ.ബി.എസ്.തിരുമേനി, ഗ്രാമവികസന വകുപ്പ് കമ്മീഷണർ വി.എസ് സന്തോഷ് കുമാർ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സഖറിയാസ് കുതിരവേലി, സണ്ണി പാമ്പാടി, ലിസമ്മ ബേബി, ജില്ലാ പ്ലാനിംഗ് ഓഫീസർ ടെസ്സ്.പി.മാത്യു, എ.ഡി.സി ജനറൽ പി.എസ് ഷിനോ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ സലിം ഗോപാൽ, തദ്ദേശ സ്ഥാപന അധ്യക്ഷ•ാർ, സെക്രട്ടറിമാർ സംബന്ധിച്ചു