പുസ്തക വണ്ടി മന്ത്രി കെ. ടി. ജലീൽ ഫ്ളാഗ് ഓഫ് ചെയ്തു

പുസ്തക വണ്ടി മന്ത്രി കെ. ടി. ജലീൽ ഫ്ളാഗ് ഓഫ് ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പുസ്തകവണ്ടി പര്യടനം തുടങ്ങി. ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീൽ ഫ്‌ളാഗ് ഓഫ് ചെയ്തു. ഡിസി ബുക്സ് സ്പോൺസർ ചെയ്ത പുസ്തകങ്ങൾ മന്ത്രിയിൽ നിന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ സിനി കെ തോമസ് ഏറ്റുവാങ്ങി.

ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ശശികല നായർ, ജില്ലാ പഞ്ചായത്തംഗം സഖറിയാസ് കുതിരവേലി, ജില്ല പഞ്ചായത്തംഗം ലിസമ്മ ബേബി, എഡിസി (ജനറൽ) പി. എസ് ഷിനോ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ 11 ബ്ലോക്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലാണ് പുസ്തക വണ്ടി സ്പോട്ട് ക്വിസ് നടത്തുന്നത്. പള്ളം ബ്ലോക്ക് പരിധിയിലെ വടവാതൂർ ഗവ.ഹൈസ്‌കൂൾ, പാമ്പാടി ബ്ലോക്കിലെ പൊൻകുന്നം വർക്കി മെമ്മൊറിയൽ സ്‌കൂൾ, മുത്തോലി ആശ്രമം ഗവ.എൽ.പി സ്‌കൂൾ (ളാലം ബ്ലോക്ക്), തിടനാട് ജി.വി എച്ച്.എസ്.എസിൽ (ഈരാറ്റുപേട്ട ബ്ലോക്ക്) എന്നിവിടങ്ങളിൽ എത്തിച്ചേർന്ന പുസ്തകവണ്ടി കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. ഡിസി ബുക്സ്, ഗ്രാമവികസന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളത്. അതത് ബ്ലോക്കുകളിലെ ഇൻഫർമേഷൻ അസിസ്റ്റന്റുമാർ പരിപാടിക്ക് നേതൃത്വം നൽകി. പിആർഡി പുസ്തകങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും പ്രദർശനവും വിതരണവും ഡിസി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന 1956 മുതൽ 1994 വരെ കേരളത്തിലെ വിദ്യാലയങ്ങളിൽ പഠിപ്പിച്ചിരുന്ന മലയാള പാഠാവലിയും ഉപ പാഠാവലി പരിചയപ്പെടുത്തലും ഇതിന്റെ ഭാഗമായി നടക്കും. ജൂലൈ 2ന് ഏറ്റുമാനൂർ ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഫോർ ഗേൾസ്, ഗവ. യു.പി സ്‌കൂൾ വെമ്പള്ളി, ഗവ.വി.എച്ച്.എസ്.എസ്. കടുത്തുരുത്തി, ഗവ.യു.പി സ്‌കൂൾ ഉദയനാപുരം, ജൂലൈ 3ന് കാഞ്ഞിരപ്പള്ളി പേട്ട ഗവ.എച്ച്.എസ്.എസ്, വാഴൂർ ഗവ. ഹൈസ്‌കൂൾ കൊടുങ്ങൂർ, സി.എസ്.യു.പി സ്‌കൂൾ മാടപ്പള്ളി എന്നീ സ്‌കൂളുകളിൽ പര്യടനം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group