ലോഡ്ജിൽ ക്വാറന്റയിനിലിരിക്കുന്ന ഭർത്താവിന് ഭക്ഷണം നൽകാൻ പോയ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; ഒളിച്ചോടിയത് മൂന്നു മക്കളുടെ അമ്മയായ യുവതി; പ്രവാസിയായ ഭർത്താവ് ക്വാറന്റയിനിൽ കഴിഞ്ഞത് ലോഡ്ജിൽ

തേർഡ് ഐ ബ്യൂറോ

കൊല്ലം: ലോഡ്ജിൽ ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന ഭർത്താവിന് ഭക്ഷണം നൽകാൻ പോയ യുവതി കാമുകനൊപ്പം വീടു വിട്ടു. ഗൾഫിൽ നിന്നു വന്ന ശേഷം ഭർത്താവ് ലോഡ്ജിൽ ക്വാറന്റൈനിലിരിക്കെയാണ് ഭാര്യ കാമുകന്റെയൊപ്പം ഒളിച്ചോടിയത്.

കൊട്ടാരക്കര കണ്ണനല്ലൂരിലാണ് സംഭവം. മുട്ടക്കാവ് സ്വദേശിയായ മുബീന എന്ന 33കാരിയാണ് ഭർത്താവിനേയും മക്കളെയും ഉപേക്ഷിച്ച് പള്ളിമൺ സ്വദേശിയായ ഷെരീഫ് എന്ന 38 കാരനൊപ്പം ഒളിച്ചോടിയത്.

സൗദി അറേബ്യയിലെ ജോലി സ്ഥലത്തു നിന്നും മടങ്ങി എത്തി കൊട്ടിയത്തെ ലോഡ്ജിൽ നിരീക്ഷണത്തിൽ കഴിഞ്ഞ് വരികയായിരുന്നു മുബീനയുടെ ഭർത്താവ്. കഴിഞ്ഞ മാസം 19ന് ഭർത്താവിന് ഭക്ഷണം കൊടുക്കാനായി മുബീന ലോഡ്ജിൽ പോയിരുന്നു.

എന്നാൽ പിന്നീട് ഇവരെ കാണാതാകുകയായിരുന്നു. ഇതേത്തുടർന്ന് ബന്ധുക്കൾ കണ്ണനല്ലൂർ പോലീസിൽ പരാതി നൽകി. ഈ അന്വേഷണം പുരോഗമിക്കുമ്പോഴാണ് ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഷെരീഫിന്റെ ഭാര്യ എത്തുന്നത്. ഇതോടെയാണ് സംഗതിയുടെ കിടപ്പ് വശം പോലീസിന് മനസ്സിലാകുന്നത്.

ഇരുവർക്കും പ്രായപൂർത്തിയാകാത്ത് രണ്ട് മക്കളുണ്ട്. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഇരുവരും അടുപ്പത്തിൽ ആയിരുന്നു എന്നും ഒരുമിച്ചാണ് ഇവർ പോയത് എന്നും പോലീസിന് വ്യക്തമായി. ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ കണ്ണനല്ലൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കണ്ണനല്ലൂർ എസ്.എച്ച്.ഒ യു.പി.വിപിൻകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മുബീനയെയും ഷെരീഫിനെയും പിടികൂടിയത്.