മഞ്ഞള്‍പൊടിയുടെ പാക്കറ്റിലാക്കി കഞ്ചാവ് കടത്താൻ ശ്രമം ; യുവതി പിടിയിൽ
ഹൈദരാബാദ് : 10 പാക്കറ്റില്‍ കഞ്ചാവുമായി യുവതി പിടിയില്‍. മഞ്ഞള്‍പൊടിയുടെ പാക്കറ്റിലാക്കിയാണ് കഞ്ചാവ് കടത്താൻ യുവതി ശ്രമിച്ചത്.
തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ യുവതിയെ പിടികൂടിയത്. നേഹ ബായി എന്ന സ്ത്രീയാണ് അറസ്റ്റിലായത്.
10 പാക്കറ്റുകളിലായാണ് മഞ്ഞള്‍ പൊടി എന്ന വ്യാജേനെ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മഞ്ഞള്‍പ്പൊടി പാക്കറ്റില്‍ കഞ്ചാവ് കണ്ടെത്തിയത്. പിടികൂടാൻ ശ്രമിക്കവെ യുവതി ഉദ്യോഗസ്ഥരുടെ അടുത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. ഹൈദരാബാദിലെ ദൂല്‍പ്പെട്ട് മേഖലയിലായിരുന്നു ഇത്തരത്തില്‍ മഞ്ഞള്‍ പൊടി പാക്കറ്റുകളിലെ കഞ്ചാവ് വില്‍പന നടത്തിയതെന്ന് യുവതി ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥരോട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മഞ്ഞള്‍ പൊടിയുടെ പാക്കറ്റിലടച്ച കഞ്ചാവ് ശേഖരം കണ്ടെടുത്തതിന് പിന്നാലെ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി സൂപ്രണ്ട് തിരുപതി യാദവ്, എസ്.ഐ നാഗരാജ് എന്നിവർ അറിയിച്ചു. പരിശോധനയ്ക്ക് നേതൃത്വം നല്‍കിയവരെ ഉന്നത ഉദ്യോഗസ്ഥർ അനുമോദിക്കുകയും ചെയ്തു. ഇതിന് പിന്നിലുള്ളവരെ കുറിച്ച് വിവരം ലഭിക്കാനായി അന്വേഷണം നടത്തിവരികയാണ് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഹൈദരാബാദില്‍ നേരത്തെ ലഹരി വസ്തുക്കള്‍ പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ലഹരി വസ്തുക്കള്‍ നിറച്ച ചോക്ലലേറ്റുകള്‍ വില്‍ക്കുന്നതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.