
കൊച്ചി: കൊച്ചി സെക്സ് റാക്കറ്റ് കേസിന് പിന്നില്‍ പരാതിക്കാരിയായ യുവതിക്ക് തങ്ങളോടുള്ള വ്യക്തിവൈരാഗ്യമാണെന്ന് കേസിലെ രണ്ടും അഞ്ചും പ്രതികളായ യുവതികള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ പൂർണമായും വ്യാജമാണെന്നും അങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലെന്നുമാണ് നിലവില്‍ യു.എ.ഇയിലുള്ള ഇവരുടെ വാദം. ദുബായിലെത്തി ഒരു മാസത്തിന് ശേഷം പരാതിക്കാരിയായ യുവതി ഉള്‍പ്പെട്ട ഒരു പ്രശ്നം തങ്ങള്‍ ചോദ്യം ചെയ്തതാണ് ഈ പ്രതികാര ബുദ്ധിക്ക് കാരണമെന്നും ഇവർ വിശദീകരിക്കുന്നു.
‘യുവതി ദുബായിലെത്തി ഒരു മാസം കഴിഞ്ഞപ്പോള്‍ ചില മോശം കാര്യങ്ങള്‍ ചെയ്യാൻ തുടങ്ങി. ഇതോടെയാണ് ഞങ്ങള്‍ ഇതിനെതിരെ പ്രതികരിച്ചത്. എന്തിനാണ് നമ്മളെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്, ഇത് ഞങ്ങളെയും ബാധിക്കുമെന്ന് പറഞ്ഞ് ചോദ്യം ചെയ്യുകയും ചില തെളിവുകള്‍ കണ്ടെത്തുകയും ചെയ്തു. ഈ തെളിവുകള്‍ സിന്ധു എന്ന് പറയുന്ന വ്യക്തിക്ക് ഞങ്ങള്‍ അയച്ചുകൊടുത്തിരുന്നു. ഇതിനിടെ പരാതിക്കാരിയുടെ ഫോണ്‍ ഞങ്ങള്‍ പരിശോധിച്ചതിന്റെ പേരില്‍ ആ പെണ്‍കുട്ടി അവിടെവച്ച് ഫോണ്‍ തല്ലിപ്പൊട്ടിക്കുകയും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുബായ് പൊലീസില്‍ പരാതി നല്കിയിട്ടുണ്ടെങ്കില് അവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാലോ, അവരുടെ ഫോണും പാസ്പോർട്ടും പരിശോധിച്ചാലോ സത്യമെന്താണെന്ന് വ്യക്തമാകും. ഈ പെണ്‍കുട്ടി വരുമ്പോള്‍ ഞങ്ങളും ഇവരുടെ കൂടെയുണ്ടായിരുന്നു. കേസില്‍ പ്രതിയാക്കപ്പെട്ട ബിലാല്‍ എന്ന വ്യക്തിയെ ഒരു സുഹൃത്ത് വഴിയാണ് ഞങ്ങള്‍ക്ക് പരിചയം. സത്യം പുറത്തുവരണം. സത്യം തെളിയിക്കാൻ ആവശ്യമായ തെളിവുകള്‍ കണ്ടെത്താൻ ഞങ്ങള്‍ ഉറച്ചുനില്‍ക്കുകയാണ്. അവർക്ക് വാക്കാല്‍ പറയുന്നതല്ലാതെ ഇതുവരെ ഒരു തെളിവും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാല്‍ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാനുള്ള കൃത്യമായ രേഖകള്‍ ഞങ്ങളുടെ കൈവശമുണ്ട്.’-യുവതികള്‍ കൂട്ടിച്ചേർത്തു.
മോഡലിംഗിന്റെ മറവില്‍ പെണ്‍കുട്ടികളെ ദുബായിലേക്ക് കൊണ്ടുപോകുകയും, അവിടെവച്ച് ലഹരിമരുന്ന് നല്കി ഒരു മാസത്തോളം മുറിയില്‍ പൂട്ടിയിട്ട് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു എന്നായിരുന്നു കേസില്‍ ആദ്യം ഉയർന്നുവന്ന പരാതി. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കടുത്ത വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികള്‍ നിലവില്‍ ദുബായിലാണെന്നും ഇവരെ നാട്ടിലെത്തിക്കാൻ ശ്രമിക്കുകയാണെന്നുമാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
എന്നാല്‍, ദുബായില്‍വച്ച് നടന്ന ചില സാമ്പത്തിക തർക്കങ്ങളെത്തുടർന്നാണ് യുവതി നാട്ടിലെത്തി വ്യാജപരാതി നല്‍കിയതെന്നാണ് പ്രതികളുടെ പക്ഷം. യുവതിയുടെ അനുവാദമില്ലാതെ ആരും അവരെ ഉപദ്രവിച്ചിട്ടില്ലെന്നും, ബലാത്സംഗം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ച കഥകള്‍ മാത്രമാണെന്നും ദുബായിലുള്ള പ്രതികള്‍ ആവർത്തിക്കുന്നു.







