കുട്ടനാട്ടിൽ ആശങ്ക വർദ്ധിക്കുന്നു : പുളിങ്കുന്ന് പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോൺ ; നാലിലധികം പേർ ഒത്തുചേരുന്നതിന് വിലക്ക് ; നിയന്ത്രണങ്ങൾ ഇങ്ങനെ

കുട്ടനാട്ടിൽ ആശങ്ക വർദ്ധിക്കുന്നു : പുളിങ്കുന്ന് പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോൺ ; നാലിലധികം പേർ ഒത്തുചേരുന്നതിന് വിലക്ക് ; നിയന്ത്രണങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

ആലപ്പുഴ : പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളും കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച് ജില്ല കളക്ടർ ഉത്തരവിട്ടു.

വൈറസ് ബാധ സ്ഥിരീകരിച്ചയാൾക്ക് പഞ്ചായത്തിലെ ഒട്ടനവധി ആളുകളുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടെന്ന് ജില്ല മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്തിരുന്നു. രോഗ വ്യാപനം തടയുന്നതിന് പഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളും കണ്ടെയിൻമെന്റ് സോൺ ആക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ പശ്ചാത്തലത്തിലാണ് പുളിങ്കുന്ന് പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണാക്കി ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല കളക്ടർ ഉത്തരവിട്ടത്.

ഇതോടെ പഞ്ചായത്തിലെ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. അവശ്യവസ്തുക്കളുടെ വിതരണത്തിനും, അടിയന്തിര വൈദ്യസഹായത്തിനുമുള്ള യാത്രയ്ക്കും നിയന്ത്രണങ്ങൾക്ക് വിധേയമായി ഇളവുകൾ ഉണ്ടായിരിക്കും. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിലൂടെയുള്ള ഗതാഗതം അനുവദനീയമാണ്. എന്നാൽ നിയന്ത്രണങ്ങൾ ഉളള പ്രദേശങ്ങളിൽ റോഡുകളിലൂടെ യാത്ര ചെയ്യുന്നവർ ഇറങ്ങുവാനോ /കയറുവാനോ പാടുളളതല്ല.

അവശ്യ / ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മാത്രം രാവിലെ 8 മണി മുതൽ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങൾക്ക് (പി.ഡി.എസ്.) രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയും പ്രവർത്തിക്കാം. ഒരേ സമയം അഞ്ചിലധികം പേർ എത്താൻ പാടില്ല. മറ്റ് സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല.

ഈ പ്രദേശങ്ങളിൽ യാതൊരു കാരണവശാലും നാലിലധികം ആളുകൾ കൂട്ടംകൂടാൻ പാടില്ല. പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പുറത്തുനിന്ന് അവശ്യ വസ്തുക്കൾ ആവശ്യമായി വരുന്നപക്ഷം പൊലീസ് / വാർഡ് ആർ.ആർ.റ്റി കളുടെ സേവനം തേടാവുന്നതാണെന്നും ഉത്തരവിലുണ്ട്.

ആരാധാനാലയങ്ങൾ തുറക്കാൻ പാടില്ല. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് പരമാവധി 20 പേർക്ക് മാത്രം പങ്കെടുക്കാം.
കോവിഡ് 19 രോഗനിർവ്യാപന പ്രവർത്തനവുമായി നേരിട്ട് ബന്ധമുള്ള സർക്കാർ ഓഫീസുകൾ മാത്രം അവശ്യ ജീവനക്കാരെ വച്ച് പ്രവർത്തിപ്പിക്കാനും അനുമതിയുണ്ട്.

ഇവയ്ക്ക് പുറമെ പൊലീസ്, ട്രഷറി, പെട്രോളിയം, എൽ.പി.ജി, പോസ്റ്റോഫീസുകൾ എന്നിവയ്ക്കും നിയന്ത്രണമാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം. ഈ പ്രദേശങ്ങളിലെ മുഴുവൻ വാർഡുതല ജാഗ്രതാസമിതികളും അടിയന്തിരമായി കോവിഡ് 19 നിർവ്യാപന /നിരീക്ഷണ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശം നൽകി.

നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും 2005 ദുരന്തനിവാരണ നിയമപ്രകാരവും ഐ.പി.സി സെക്ഷൻ 188, 269 പ്രകാരവും നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.