പ്രളയത്തിന് പിന്നാലെ കുരുട്ടായി മലയിൽ ഒന്നര കിലോമീറ്റർ നീളത്തിൽ വിള്ളൽ ; ഞെട്ടലോടെ നാട്ടുകാർ
സ്വന്തം ലേഖകൻ
മൂവാറ്റുപുഴ : പ്രളയക്കെടുതിക്ക് ശേഷം കേരളത്തിലെ പലഭാഗത്തും മണ്ണിടിച്ചിൽ അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടായ ഭാഗങ്ങൾ ഇപ്പോഴും പഴയ നിലയിലേക്ക് എത്തിയിട്ടില്ല. അതിനിടയിൽ മൂവാറ്റുപുഴയിൽ തൃക്കളത്തൂർ കുരുട്ടായി മലയിൽ രൂപപ്പെട്ട നീളൻ വിള്ളൽ പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഒന്നര കിലോമീറ്ററിലധികം നീളത്തിലാണ് ഇത് രൂപപ്പെട്ടിരിക്കുന്നത്.പായിപ്ര പഞ്ചായത്തിൽ അവശേഷിക്കുന്ന അപൂർവം മലകളിലൊന്നാണ് കുരുട്ടായി. ഈ ഭാഗത്ത് കാട് വെട്ടിത്തെളിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികളാണു വിള്ളൽ കണ്ടത്. സമീപ പ്രദേശങ്ങളിലുള്ള മലകളിലെ ക്വാറികളുടെ പ്രവർത്തനവും മലയുടെ നിലനിൽപിനു ഭീഷണിയായിട്ടുണ്ടെന്നു നാട്ടുകാർ പറഞ്ഞു. തുടർച്ചയായി പെയ്ത മഴയെ തുടർന്ന് വെള്ളം ശക്തമായി ഒലിച്ചിറങ്ങിയുണ്ടായതാണു വിള്ളലെന്നാണു റവന്യു ഉദ്യോഗസ്ഥരുടെ നിഗമനം. വിശദമായ പഠനം നടത്തണമെന്നാവശ്യപ്പെട്ട് മൈനിങ് ആൻഡ് ജിയോളജി വകുപ്പിനു പഞ്ചായത്ത് അധികൃതർ കത്തു നൽകിയിട്ടുണ്ട്.