കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഢിപ്പിച്ച വൈദീകരെ സഭ സംരക്ഷിക്കുന്നു

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഢിപ്പിച്ച വൈദീകരെ സഭ സംരക്ഷിക്കുന്നു

ശ്രീകുമാർ

കോട്ടയം: കുമ്പസാര രഹസ്യം ഭർത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയായ യുവതിയെ ലൈംഗീക പീഢനത്തിന് ഇരയാക്കിയ വൈദീകർക്കെതിരെ നടപടിയില്ല. ആദ്യം കുമ്പസാരം കേട്ട വൈദീകനാണ് ബ്‌ളാക്ക് മെയിൽ ചെയ്തു പീഡിപ്പിച്ചത്. പിന്നീട് യുവതിയുടെ ചിത്രം മറ്റു വൈദീകർക്ക് നൽകുകയും ഇവരും യുവതിയെ പല സ്ഥലത്തുമെത്തിച്ചു പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ഇവരെ അന്വേഷണ വിധേയമായി പള്ളികളുടെ വികാരി സ്ഥാനത്തു നിന്ന് മാറ്റിയിരിക്കുകയാണ്. തിരുവല്ല സ്വദേശിയായ വീട്ടമ്മയുമായി ഈ വൈദികർക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. പരാതി ഉണ്ടെങ്കിലും ഇവർക്കെതിരെ എഫ് ഐആർ എടുത്തിട്ടില്ലെന്നാണ് പരാതിക്കാരൻ പറയുന്നത്. വൈദികർ മാനനഷ്ട കേസ് ഫയൽ ചെയ്താൽ നേരിടാൻ തന്റെ പക്കൽ തെളിവുകൾ ഉണ്ടെന്നും മല്ലപ്പള്ളി സ്വദേശിയായ പരാതിക്കാരൻ പറഞ്ഞു.ഓർത്തഡോക്‌സ് സഭാ നേതൃത്വത്തിന് മെയ് 7 നാണ് പരാതി നൽകിയതെങ്കിലും ജൂൺ 22 നാണ് അന്വേഷണ കമ്മീഷൻ തെളിവെടുപ്പിന് വിളിപ്പിച്ചത്. സഭാ നേതൃത്വം രാഷ്ട്രീയ സമ്മർദ്ദം ഉപയോഗിച്ച് കേസ് ഒതുക്കി തീർക്കാനാണ് ശ്രമിക്കുന്നത്. അതിനാൽ നീതി ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് പരാതിക്കാരൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. .വിവാഹത്തിന് മുൻപ് തന്റെ ഭാര്യക്ക് ഓർത്തഡോക്‌സ് സഭയിലെ ഒരു വൈദികനുമായി ബന്ധമുണ്ടായിരുന്നെന്നും ഇക്കാര്യം മറ്റൊരു വൈദികനുമുന്നിൽ കുമ്പസാരിച്ചപ്പോൾ കുമ്പസാര രഹസ്യം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി ആ വൈദികൻ പീഡിപ്പിച്ചെന്നും ഇതേ വൈദികൻ പിന്നീട് രഹസ്യ ഫോട്ടോ പങ്ക് വെച്ചതിനെ തുടർന്ന് മറ്റ് മൂന്ന് വൈദികർ തന്റെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചെന്നുമാണ് മല്ലപ്പള്ളി സ്വദേശിയായ യുവാവ് ഓർത്തഡോക്‌സ് സഭ മെത്രാ പൊലീത്തക്ക് നൽകിയ പരാതിയുടെ ഉള്ളടക്കം. സംഭവത്തിൽ നിരണം ഭദ്രാസനത്തിലെ മൂന്നും തിരുവല്ല, ഡൽഹി ഭദ്രാസനങ്ങളിൽ നിന്ന് രണ്ടും അടക്കം 5 വൈദികരെ സസ്‌പെൻഡ് ചെയ്തിരുന്നു.