
കോട്ടയം: ഭക്തിയുടെ നിറവിൽ കുമാരനല്ലൂർ ക്ഷേത്രത്തിൽ നിന്നുള്ള ദേവീ ചൈതന്യമാവാഹിച്ച പ്രതിഷ്ഠയുമായി ഉതൃട്ടാതി ഊരുചുറ്റു വള്ളംകളി ആരംഭിച്ചു.
ക്ഷേത്രത്തിലെ പ്രഭാത പൂജകൾക്ക് ശേഷം ദേവിയുടെ പരാശക്തി ചൈതന്യം ആവാഹിച്ച സിംഹവാഹനം ഭക്തജനങ്ങൾ തിരുനടയിൽ നിന്ന് കര വഞ്ചിയായി ആറാട്ട് കടവിൽ കൊണ്ടുവന്ന് കരുവാറ്റ ചുണ്ടൻ വള്ളത്തിൽ പ്രതിഷ്ഠിച്ചു. ശേഷം കളിവള്ളങ്ങളുടെ അകമ്പടിയോടെ മീനച്ചിലാറിന്റെ കൈവഴികളിലൂടെ സഞ്ചരിച്ച് ആറാട്ടുകടവിൽ നിന്ന് പുറപ്പെട്ടു.
സൂര്യകാലടി മനയിൽ എത്തി പറ സ്വീകരിച്ച ശേഷം നാഗമ്പടം, ചുങ്കം, തിരുവാറ്റ വഴി മീനച്ചിലാറിന്റെ കൈവഴിയിലൂടെ പ്രവേശിച്ച് അയ്മനം, കല്ലുമട കുമ്മനം മറ്റ് പടിഞ്ഞാറൻ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് കുമാരനല്ലൂർ വടക്കേനട വഴി ആറാട്ട് കടവിൽ തിരികെയത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് കരവഞ്ചിയായി വഞ്ചിപ്പാട്ടിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ സിംഹവാഹനത്തെ ക്ഷേത്രത്തിന്റെ കിഴക്കെ ഗോപുരത്തിൽ സമർപ്പിക്കുന്നതോടെ ചടങ്ങ് സമാപിക്കും. ശേഷം അത്താഴപൂജയും മറ്റ് ചടങ്ങുകളും നടക്കും. ക്ഷേത്രത്തിലെ ഉച്ച ശീവേലി വരെയുള്ള ചടങ്ങുകൾ രാവിലെ 8 മണിക്ക് മുൻപായി നടത്തി ക്ഷേത്രനട അടച്ചിരിക്കുകയാണ്.







