സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; കുമരകത്തെ ബോട്ട് ക്ലബ്ബുകൾ അരങ്ങാെഴിയുന്നു: ഇക്കുറി രണ്ട് ക്ലബ്ബുകൾ മാത്രം:നാട്ടുകാരുടെ മുത്തേരിമട പൂരത്തിനും മങ്ങലേറ്റു.
കുമരകം : സാമ്പത്തിക പ്രതിസന്ധി മൂലം കുമരകത്ത് ബോട്ട് ക്ലബുകളുടെ പ്രവർത്തനം നിർത്തലാക്കി വരുന്നു. മുൻ വർഷങ്ങളിൽ അഞ്ചും ആറും ബോട്ട് ക്ലബുകൾ ഉണ്ടായിരുന്നു. ഇന്നത് രണ്ടായി ചുരുങ്ങി.
ചുണ്ടൻവള്ളങ്ങളിൽ വള്ളങ്ങളിൽ മത്സരിക്കാൻ ഒരു ക്ലബ്ബുമാത്രമാണ് ആദ്യകാലങ്ങളിൽ രംഗത്തുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ കുമരകം പഞ്ചായത്തിൽ നിന്നും മാത്രം അഞ്ച് ബോട്ട് ക്ലബ്ബുകൾ നെഹ്‌റു ട്രോഫി ജലമേളയിൽ ചുണ്ടൻ വള്ളത്തിൽ തുഴയെറിയാനെത്തിയിരുന്നു.. 2010 മുതലാണ് ഓരോ കൊല്ലവും ക്ലബ്ബുകളുടെ എണ്ണം കൂടികൊണ്ടിരുന്നത്. ഇതോടെ കുമരകം ക്ലബ്ബുകൾ നെഹ്‌റു ട്രോഫിയിൽ പരസ്പരം ഫെെനലിൽ പാേലും ഏറ്റുമുട്ടേണ്ടി വന്നു.
ക്ലബ്ബുകളുടെ വർദ്ധനവ് ഓളപ്പരപ്പിലെ ഒളിമ്പിക്സിനു മുൻപുള്ള ഞായറാഴ്ച കുമരകം മുത്തേരിമടയാറിൽ നടക്കുന്ന പരിശീലന തുഴച്ചിൽ, ഒരു ചെറു ജലോത്സവമാക്കി മാറ്റി. നാട്ടുകാർ അതിനൊരു പേരുമിട്ടു മുത്തേരിമട പൂരം. എല്ലാ വർഷവും കുമരകംകാർ മുത്തേരിമട പൂരത്തിനുള്ള കാത്തിരുപ്പിലായി. ഓരോ വർഷവും ക്ലബ്ബുകളുടെ എണ്ണം വർധിക്കുന്നത് മുത്തേരിമട പൂരത്തിന്റെയും ആകർഷണീയത വർധിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഇക്കുറി മുത്തേരിമടയിൽ പഴയ ആവേശം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് കുമരകത്തെ വള്ളംകളി പ്രേമികൾ,. കാരണം മറ്റൊന്നുമല്ല. മുത്തേരിമടയാറിനെ കീറിമുറിച്ചുകൊണ്ട് മിനുട്ടുകളുടെ വ്യത്യാസത്തിൽ നാലും അഞ്ചും ചുണ്ടൻ വള്ളങ്ങൾ ചീറിപായാനെത്തില്ല .. കുമരകത്ത് നിന്നും ഇക്കുറി രണ്ടേ രണ്ട് ബോട്ട് ക്ലബ്ബുകൾ മാത്രമാണ് നെഹ്‌റുവിന്റെ കയ്യൊപ്പ് പതിഞ്ഞ വെള്ളിക്കപ്പിനായി മത്സരരംഗത്ത് ഉണ്ടാകു.
കുമരകം ടൗൺ ബോട്ട് ക്ലബ്ബും, കുമരകം ബോട്ട് ക്ലബ്ബുമാണവ. 2019 -ൽ വെള്ളികപ്പ് സ്വന്തമാക്കി, ശേഷം നടന്ന 2022,23 നെഹ്‌റു ട്രോഫി ഫൈനലുകളിൽ ഇടം നേടിയ നടുഭാഗം ചുണ്ടനുമായാണ് ഇത്തവണ കെ.റ്റി.ബി.സി കടന്നു വരുന്നത്. കുമരകം ബോട്ട് ക്ലബ്ബ് ഇക്കുറി പങ്കെടുക്കുന്നത് ഏത് ചുണ്ടൻ വള്ളത്തിലാണെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല.
രണ്ട് ഹാക്ട്രിക് ഉൾപ്പടെ ഏഴു തവണ വെള്ളിക്കപ്പിൽ മുത്തമിട്ട ചരിത്രമുള്ള ക്ലബ്ബാണ് കുമരകം ബോട്ട് ക്ലബ്ബ്, നല്ലാനിക്കൽ പാപ്പച്ചൻ ക്യാപ്റ്റനായി ക്ലബ് പുന്നമടയിൽ എത്തിയാപ്പോഴൊക്കെ അത് പുതു ചരിത്രമായി. വള്ളംകളി ശൈലി മാറി, കൂടുതൽ പ്രഫഷണലായി, കുമരകത്ത് പല പല ക്ലബ്ബുകൾ വന്നു,. ഇതിനിടയിലും കുമരകം ബോട്ട് ക്ലബ്ബ് അതിലൊന്നും തളരാതെ മത്സര രംഗത്ത് പിടിച്ചു നിക്കുന്നത് പഴയ പ്രതാപം നിലനിർത്താൻ ഒരുപറ്റം ചെറുപ്പക്കാർ മുന്നിട്ടിറങ്ങുന്നത് കൊണ്ടാണ്.
അവരാണ് ഇക്കൊല്ലവും ക്ലബ്ബിന്റെ കരുത്ത്. ഇത്തവണ ക്ലബ്ബ് ഐബിആർഎ കൊച്ചി ബോട്ട് ക്ലബ്ബുമായി ചേർന്നു നെഹ്‌റു ട്രോഫിയിൽ പങ്കെടുക്കുമെന്ന അഭ്യൂഹങ്ങൾ നിലവിലുണ്ട്. ഏതായാലും പ്രതാപ കാലത്തെ ഓർമ്മിപ്പിക്കും വിധം പ്രകടനം കാഴ്ചവെക്കാൻ കുമരകത്തെ വള്ളംകളി ചരിത്രത്തോളം പഴക്കമുള്ള കുമരകം ബോട്ട് ക്ലബ്ബിനാകട്ടെ എന്ന് പ്രത്യാശിക്കാം.
ഹാട്രിക് ഉൾപ്പെടെ 6 തവണ നെഹ്റു ട്രോഫി ജേതാക്കളായ കുമരകം ടൗൺ ബോട്ട് ക്ലബ്ബ് ഇത്തവണ കൂടുതൽ കരുത്തോടെയാണ് പുന്നമടയിലെത്തുക. നിലവിലെ ചുണ്ടൻ വള്ളങ്ങളിൽ ഏറ്റവും മികച്ചതെന്നു കരുതുന്ന നടുഭാഗം വള്ളത്തിലാണ് ക്ലബ്ബ് ഇക്കുറി മത്സരത്തിനിറങ്ങുക .
കുമരകം സ്വദേശിയായ സുനീഷ് നന്ദികണ്ണന്തറയാണ് ക്ലബ്ബിനെ നയിക്കുന്നത്. കഴിഞ്ഞ കൊല്ലം മൈക്രോ സെക്കണ്ടുകൾക്ക് നഷ്ടപെട്ട ട്രോഫി ഇത്തവണ കുമരകത്തെത്തിക്കാനാണ് ക്ലബ്ബിന്റെ പരിശ്രമം. സാമ്പത്തിക ബുദ്ധിമുട്ടും, മറ്റു കാരണങ്ങളും മൂലം കുമരകത്ത് നിന്നും കഴിഞ്ഞ വർഷം പങ്കെടുത്ത മറ്റു മൂന്ന് ബോട്ട് ക്ലബ്ബുകൾ ഇത്തവണ പുന്നമടയിൽ ചുണ്ടനിൽ തുഴയെറിയില്ല. കഴിഞ്ഞ വർഷം മത്സരത്തിന് ശേഷം തുഴച്ചിൽകാർക്ക് പണം നൽകാത്തതിനാൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ അവസ്ഥ പാേലും ഉണ്ടായി.