കുടുംബശ്രീയുടെ സ്വന്തം അരി ഗ്രാമശ്രീയുടെ ആദ്യ വിൽപ്പന സി.കെ ആശ എം.എൽ.എ നിർവഹിച്ചു

സ്വന്തം ലേഖകൻ

കോട്ടയം:കാർഷിക മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് മുന്നോട്ട് കുതിക്കുന്ന കുടുംബശ്രീ വിപണിയിലെത്തിക്കുന്ന കുടുംബശ്രീയുടെ സ്വന്തം അരിയായ ‘ഗ്രാമശ്രീ’യുടെ ആദ്യ വിൽപ്പന സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാഗമ്പടം മൈതാനിയിലെ വേദിയിൽ വെച്ച് ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിന് നൽകി സി.കെ ആശ എം.എൽ.എ നിർവഹിച്ചു.
കുടുംബശ്രീ ജില്ലാ മിഷനും വെച്ചൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി മഹിളാ കിസാൻ സശാക്തീകരൺ പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി വെച്ചൂർ പഞ്ചായത്തിലെ പാടശേഖരങ്ങളിലെ നെല്ല് വനിതാ കർഷകരുടെ നേതൃത്വത്തിൽ പരമ്പരാഗത രീതിയിൽ പുഴുങ്ങി, ഉണങ്ങി ഗുണമേന്മയോടെയാണ് വിപണിയിലെത്തിക്കുന്നത് . ആദ്യഘട്ടത്തിൽ കുടുംബശ്രീയുടെ വിപണന കേന്ദ്രങ്ങളിലൂടെയും, നാട്ടുചന്തകളിലൂടെയുമാണ് ഗ്രാമശ്രീ വിറ്റഴിക്കുക. കാർഷിക മേഖലയ്ക്കും ജില്ലയിലെ കർഷകർക്കും ഊർജം പകരുന്ന പദ്ധതിയാണ് അരി വിപണിയിലെത്തിക്കുന്നതിലൂടെ യാഥാർത്ഥ്യമാകുന്നത്. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ എം.ബിനോയ് കുമാർ,ജില്ലാ മിഷൻ കോർഡിനേറ്റർ പി.എൻ സുരേഷ്, ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ സാബു സി.മാത്യു,ജനപ്രതിനിധികൾ, പ്രോഗ്രാം മാനേജർ അനൂപ്‌ ചന്ദ്രൻ, പ്രോഗ്രാം മാനേജർമാർ, ബ്ലോക്ക് കോർഡിനേറ്റർ ആര്യാമോൾ, ബ്ലോക്ക് കോർഡിനേറ്റർമാർ, കുടുംബശ്രീ പ്രവർത്തകർ, കർഷകർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.