മുപ്പത് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് അവർ അച്ഛനും അമ്മയുമായി ; കാലത്തെ തോൽപ്പിച്ച് 51-ാം വയസിൽ ഗിരിജ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി; ഹൃദയസ്പർശിയായ സംഭവം കോട്ടയം മെഡിക്കൽ കോളജിൽ

സ്വന്തം ലേഖകൻ

കോട്ടയം: വിവാഹത്തിന് ശേഷം മൂന്ന് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ കാലത്തെ തോൽപ്പിച്ച് ഗിരിജയും സോമനും അച്ഛനും അമ്മയുമായി. നീണ്ട കാത്തിരിപ്പിനൊടുവിൽ 51-ാം വയസ്സിൽ ഗിരിജ സിസേറിയനിലൂടെ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായത്.

പെസഹാ വ്യാഴാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു, കാലത്തെ തോൽപ്പിച്ച ഗിരിജയുടെ പ്രസവം. 30 വർഷത്തെ കാത്തിരിപ്പിനൊടുവിൽ എത്തിയത് ആൺകുഞ്ഞും പെൺകുഞ്ഞും. ഗിരിജയുടെ പ്രായവും ആരോഗ്യവും ഒന്നും കുഞ്ഞുങ്ങളുടെ ജനനത്തിന് പ്രശ്‌നമായില്ല.

സാധാരണ വളർച്ചയുള്ള ആരോഗ്യമുള്ള കുഞ്ഞുങ്ങളാണ് ഇരുവരും. ആറ്റുനോറ്റിരുന്ന കുഞ്ഞുങ്ങളെ ഒരുനോക്ക് കാണാനായിട്ടില്ലെങ്കിലും 55കാരനായ സോമൻ പ്രവസവാർഡിന്റെ വിളിപ്പുറത്ത് പ്രാർഥനയോടെ കാത്തിരിക്കുകയായിരുന്നു. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ലോക് ഡൗൺ കാലമായതിനാൽ ഉറ്റ ബന്ധുക്കൾക്ക് എത്തിച്ചേരാനാവാത്തതിന്റെ സങ്കടവും അതിലേറെ.

തൊടുപുഴ മണക്കാട് സ്വദേശിയായ ഗിരിജയും മുതലക്കുളം കൊതകുത്തി സ്വദേശി കൂലിപ്പണിക്കാരനായ സോമനും വിവാഹിതരായിട്ട് 30 വർഷം പിന്നിട്ടു.കൂലിപ്പണിയെടുത്ത് കിട്ടുന്ന പൈസ മുഴുവൻ ഒരു കുഞ്ഞിക്കാല് കാണാനുള്ള ചികിത്സകൾക്കായി സോമൻ മാറ്റിവയ്ക്കുകയായിരുന്നു.

ഒരു വർഷമായി ചങ്ങനാശേരിയിലെ ഒരു ഡോക്ടറുടെ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കായി വീടുവിട്ടിറങ്ങിയിട്ട് ഒരു വർഷം. ചികിത്സയെ തുടർന്ന് ഗിരിജ ഗർഭിണിയായതോടെ ഏറെ ശ്രദ്ധയും വേണ്ടിവന്നു.

കോട്ടയം മെഡിക്കൽ കോളേജിലേക്ക് ചികിത്സ മാറ്റിയതോടെ താമസിക്കാൻ ഒരിടം തേടി വലയുകായിരുന്നു. സ്ത്രീ സംരക്ഷണകേന്ദ്രമായ ഗാന്ധിനഗറിലെ സാന്ത്വനമാണ് തുണയായി എത്തിയത്. ഇവിടെ നാലുമാസം ബെഡ് റെസ്റ്റിലായിരുന്നു ഗിരിജ. ഗിരിജയുടെ അമ്മ ഒപ്പംനിന്നു. സോമൻ നാട്ടിൽനിന്നും ഇടയ്ക്കിടെ ഓടിയെത്തി വേണ്ടതെല്ലാം ഗിരിജയ്ക്ക് വാങ്ങി നൽകുകയായിരുന്നു.

സിസേറിയൻ നിർദേശിച്ചതോടെ രക്തം വേണ്ടിവരുമെന്ന് ഡോക്ടർ അറിയിച്ചതോടെ വീണ്ടും ഓട്ടമായി. ലോക് ഡൗൺ ആയതിനാൽ നാട്ടിൽനിന്ന് ആളെ കൊണ്ടുവരാൻ കഴിയാതായി. രക്തദാതാക്കളുടെ ആഗോള സംഘടനയായ വേൾഡ് ബ്ലഡ് ബാങ്ക് ഡോട്ട് ഓർഗനൈസേഷന്റെ ഡയറക്ടർ, കോട്ടയത്തെ റേ മാത്യു വർഗീസ് ആണ് ഒടുവിൽ ഇവർക്ക് ആശ്രമായി എത്തിയത്.

അടിയന്തര ഘട്ടമായതിനാൽ റേയുടെ മകൻ റിച്ചാർഡ് റേയും സുഹൃത്ത് സോജിയും വ്യാഴാഴ്ച മെഡിക്കൽ കോളേജിലേക്ക് ഓടിയെത്തി രക്തം നൽകി. ഗിരിജ ഒബ്‌സർവേഷനിലാണ്, പുറത്തിറക്കിയിട്ടില്ല. കുഞ്ഞുങ്ങളെ പരിചരിച്ച് ഒപ്പമുള്ളത് അമ്മ ലക്ഷ്മിക്കുട്ടി.

അതേസമയം കൊറോണ കൊറോണ ബാധിതരായ വൃദ്ധ ദമ്പതികളെ ചികിത്സിച്ച് മാതൃകയായ കോട്ടയം മെഡിക്കൽ കോളജിന് ഇതൊരു പൊൻതൂവലായി മാറിയിട്ടുണ്ട്.