രോഗീപരിചരണത്തിനായി മാത്രം സമർപ്പിച്ച ദിനരാത്രങ്ങൾക്ക് ഒരു ചെറിയ ഇടവേള ; ഇനി അവർക്ക് രണ്ടാഴ്ചത്തെ ക്വാറന്റൈൻ ദിനങ്ങൾ

രോഗീപരിചരണത്തിനായി മാത്രം സമർപ്പിച്ച ദിനരാത്രങ്ങൾക്ക് ഒരു ചെറിയ ഇടവേള ; ഇനി അവർക്ക് രണ്ടാഴ്ചത്തെ ക്വാറന്റൈൻ ദിനങ്ങൾ

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: കഴിഞ്ഞ പതിനാല് ദിവസങ്ങളായി കോവിഡ് സ്ഥിരീകരിച്ച രോഗികളെ പരിചരിച്ച ശേഷം വീണ്ടും രണ്ടാഴ്ചത്തെ ക്വാറന്റൈനിലേക്ക് പോവുകയാണ് കണ്ണൂർ അഞ്ചരക്കണ്ടി പ്രത്യേക കോവിഡ് ആശുപത്രിയിലെ ആരോഗ്യ പ്രവത്തകർ.

രോഗീ പരിചരണത്തിനായി എത്തിയ ആദ്യ മെഡിക്കൽ സംഘത്തിലെ 34 പേർ. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങാതെ തുടർച്ചയായ ദിവസങ്ങളിൽ 12 മണിക്കൂറോളം ജോലി ചെയ്തതിന്റെ പ്രയാസങ്ങളായിരുന്നില്ല അവരുടെ മുഖത്ത് തെളിഞ്ഞ് നിന്നത്. പകരം ഒരു മഹാമാരിയെ വിജയകരമായി നേരിട്ട് 11 പേരെ കോവിഡ് മുക്തരാക്കി സ്വന്തം വീടുകളിലേക്ക് അയച്ചതിന്റെ നിർവൃതിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗീ പരിചരണ സമയത്ത് ഓർത്തോർത്ത് വ്യാകുലപ്പെടാനും സങ്കടപ്പെടാനും കാരണങ്ങളേറെയുണ്ടെങ്കിലും, വീടണയാൻ ഇനിയും രണ്ടാഴ്ചത്തെ കാത്തിരിപ്പ് ഇവർക്കുണ്ട്.

എന്നിരുന്നാലും ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ധന്യമായ അനുഭവത്തിലൂടെയാണ് തങ്ങൾ കടന്നു പോവുന്നതെന്ന് എല്ലാവരും പറയുന്നു. മാർച്ച് 27 നാണ് അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിൽ മെഡിക്കൽ സംഘത്തിലെ ആദ്യ ബാച്ച് സേവനം തുടങ്ങിയത്.

പ്രത്യേക ഉത്തരവിലൂടെ ജില്ലാ കലക്ടർ ഏറ്റെടുത്ത ആശുപത്രിയിൽ ആവശ്യമായ സംവിധാനങ്ങളൊരുക്കുന്നതിലും ഇവർ തന്നെയായിരുന്നു മുൻപിൽ ഉണ്ടായിരുന്നു. തുടർന്ന് ഉണ്ടായ 14 ദിവസങ്ങൾ ഈ ആരോഗ്യ പ്രവർത്തകർക്ക് പോരാട്ടത്തിന്റേത് കൂടിയായിരുന്നു.

സ്വന്തത്തെ കുറിച്ചും സ്വന്തക്കാരെ കുറിച്ചുമുള്ള വേവലാതികളെല്ലാം മാറ്റിവച്ച് രോഗീപരിചരണത്തിനായി മാത്രം സമർപ്പിച്ച ദിനരാത്രങ്ങൾ. കൊറോണ വൈറസ് ഭീതിക്കിടയിലും ആത്മ വിശ്വാസത്തോടെയും ആത്മസമർപ്പണത്തോടെയും തങ്ങളിലേൽപ്പിക്കപ്പെട്ട ദൗത്യം വിജയകരമായി പൂർത്തിയാക്കാനായതിന്റെ സന്തോഷത്തിലാണവർ.

ഡോക്ടർമാർ മുതൽ ക്ലീനിംഗ് സ്റ്റാഫ് വരെയുള്ളവർ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചുവെന്നതാണ് വിജയരഹസ്യമെന്ന് അവർ പറയുന്നു.

ഏഴു ഡോക്ടർമാർ, ഒരു ഹെഡ് നഴ്‌സ്, ഒൻപത് സ്റ്റാഫ് നഴ്‌സുമാർ, ഒൻപത് നഴ്‌സിംഗ് അസിസ്റ്റന്റുമാർ, അഞ്ചു ഡ്രേഡ്2 ജീവനക്കാർ, രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ഒരു ഫാർമസിസ്റ്റ് എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ വൈകുന്നേരത്തോടെ കണ്ണൂർ നഗരത്തിലെ ക്ലൈഫോർഡ് ഹോട്ടലിലേക്ക് തിരിച്ചത്.

ഇനിയുള്ള 14 ദിവസങ്ങൾ അവിടെ നിരീക്ഷണത്തിൽ കഴിഞ്ഞ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പു വരുത്തി വേണം വീട്ടിലേക്ക് മടങ്ങാൻ. അവിടെ മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾ മുതൽ തങ്ങളുടെ പരിചരണമാവശ്യമുള്ള വൃദ്ധ മാതാപിതാക്കൾ വരെ കാത്തിരിക്കുന്നുണ്ടെങ്കിലും ഈ ദുരന്തമുഖത്ത് ഇതൊരു വലിയ കാലയളവായി ഇവർ എടുക്കുന്നില്ല.

കൊറോണ രോഗിയെ പരിചരിക്കുന്നവർ ധരിക്കേണ്ട പിപിഇ കിറ്റ് തന്നെ വലിയ വെല്ലുവിളിയാണ്. ഇതു ധരിക്കാൻ തന്നെ വേണം 20 മിനിട്ടിലേറെ സമയം. സാധാരണ വസ്ത്രത്തിൽ പോലും വിയർത്തൊലിക്കുന്ന ഈ ചൂടിൽ കാറ്റ് അകത്തു കടക്കാൻ ഒരു ചെറു സുഷിരം പോലുമില്ലാത്ത ഈ ഡ്രസ്സ് ധരിച്ചാലുള്ള അവസ്ഥ ആലോചിച്ചാൽ മതി. മാത്രമല്ല, ഇത് ധരിച്ച ശേഷം അഴിക്കുന്നതു വരെയുള്ള നാലിലേറെ മണിക്കൂർ വെള്ളം കുടിക്കാൻ പോലും സാധിക്കില്ല.

ഈ വെല്ലുവിളികളെയെല്ലാം സന്തോഷത്തോടെ അതിജീവിച്ചാണ് ആദ്യ മെഡിക്കൽ സംഘം ക്വാറന്റൈനിലേക്ക് പോകുന്നത്.