ആനവണ്ടിയുടെ ആനവരക്കാരൻ ആർട്ടിസ്റ്റ് മാധവൻകുട്ടി ഇനി ഓർമ

ആനവണ്ടിയുടെ ആനവരക്കാരൻ ആർട്ടിസ്റ്റ് മാധവൻകുട്ടി ഇനി ഓർമ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിൽ ഔദ്യോഗികമുദ്രയായ ആനച്ചിത്രങ്ങൾ വരച്ച ആർട്ടിസ്റ്റ് മാധവൻകുട്ടി ഇനി ഓർമ. കെ.എസ്.ആർ.ടി.സി.യിൽ 35 വർഷം ആർട്ടിസ്റ്റ് കം ഫോട്ടോഗ്രാഫറായി ജോലിചെയ്ത കണ്ടാണശ്ശേരി അഭിലാഷ് ഭവനിൽ മാധവൻകുട്ടി (71) യാത്രയായപ്പോൾ ആനവണ്ടികളിൽ അദ്ദേഹം വരച്ച ചിത്രങ്ങൾ ‘തലയെടുപ്പോടെ’യുണ്ട്.

ആനകൾ മുഖാമുഖംനിന്ന് തുമ്പിയുയർത്തി നിൽക്കുന്ന ചിത്രം അദ്ദേഹം മൂവായിരത്തിലേറെ ബസുകളിൽ വരച്ചിട്ടുണ്ട്. 1973-ൽ ഏറ്റുമാനൂർ ഡിപ്പോയിലായിരുന്നു ആർട്ടിസ്റ്റായി നിയമനം. ചെറുപ്പംമുതലേ ആനകളെ വരയ്ക്കുന്നത് ഇഷ്ടമായിരുന്നതിനാൽ ജോലി അദ്ദേഹത്തിന് എന്നും ഹരമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാധവൻകുട്ടി ജോലിക്ക് കയറുന്നതിനു മുമ്പുണ്ടായിരുന്ന ആനച്ചിത്രത്തിൽ ചെറിയൊരു മാറ്റം വരുത്തി. ആനകളുടെ തലയെടുപ്പും കൊമ്പിന്റെ നീളവും കൂട്ടി. അതോടെ മാധവൻകുട്ടി ശ്രദ്ധേയനായി. കോട്ടയം, കൊട്ടാരക്കര, മാവേലിക്കര, അടൂർ, കായംകുളം, കരുനാഗപ്പിള്ളി, കൊല്ലം സ്റ്റേഷനുകളിലും ജോലിചെയ്തു. ഏറ്റവും ഒടുവിൽ ഗുരുവായൂർ ഡിപ്പോയിലെത്തി. വിരമിച്ചശേഷം ഗുരുവായൂരിനടുത്ത് കണ്ടാണശ്ശേരിയിൽ സ്ഥിരതാമസമാക്കി.

പിന്നീട് വന്ന ആർട്ടിസ്റ്റുകൾ മാധവൻകുട്ടിയുടെ ശൈലിയാണ് പിന്തുടർന്നത്. ബസുകളിലെ ആനച്ചിത്രങ്ങൾക്ക് പുതുമ കൊണ്ടുവന്നതോടെ മാധവൻകുട്ടി കെ.എസ്.ആർ.ടി.സി.യിൽ തലയെടുപ്പുള്ള ചിത്രകാരനായി അറിയപ്പെട്ടു. ഏറ്റവും ഒടുവിലാണ് ഗുരുവായൂർ ഡിപ്പോയിലെത്തുന്നത്. ആനകൾ വളരുന്ന ഗുരുവായൂരിൽനിന്നുതന്നെ ആനച്ചിത്രകാരനായി വിരമിച്ചതിന്റെ സന്തോഷവും അദ്ദേഹത്തിനുണ്ട്.

1965-ൽ ലളിതകലാ അക്കാദമിയുടേതടക്കം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അടുത്തിടെ കണ്ടാണശ്ശേരി മാക് കലാകൂട്ടായ്മ അദ്ദേഹത്തെ ആദരിച്ചു. അറിയപ്പെടുന്ന നാഗസ്വരവിദ്വാനായിരുന്ന കൊട്ടാരക്കര വെട്ടിക്കവല ഉമ്മിണിയുടെയും കാർത്ത്യായനിയുടെയും മകനാണ്. ഭാര്യ: സരള. മക്കൾ: അഭിലാഷ് (ന്യൂഡൽഹി), ആശ. മരുമക്കൾ: സുമ (ന്യൂഡൽഹി), സുധീരൻ (ദുബായ്). സംസ്‌കാരം വെള്ളിയാഴ്ച.