ഉദ്യോഗസ്ഥ മേലാളന്മാർ അറിയുന്നില്ല കെഎസ്ആർടിസി ബസുകളിൽ യാത്രചെയ്യുന്ന സാധാരണക്കാരന്റെ ഗതികേട് ; എന്നു മാറും ഈ ദുരിതം ?

ഉദ്യോഗസ്ഥ മേലാളന്മാർ അറിയുന്നില്ല കെഎസ്ആർടിസി ബസുകളിൽ യാത്രചെയ്യുന്ന സാധാരണക്കാരന്റെ ഗതികേട് ; എന്നു മാറും ഈ ദുരിതം ?

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം : സർക്കാർ ബോർഡ് വച്ച വാഹനങ്ങളിലും വിമാനങ്ങളിലും സ്ഥിരം യാത്ര നടത്തുന്ന ഉദ്യോഗസ്ഥ മേലാളന്മർക്ക് കെഎസ്ആർടിസി ബസുകളിൽ യാത്രചെയ്യുന്ന സാധാരണക്കാരൻ നേരിടുന്ന ദുരിതം മനസിലാകണമെന്നില്ല. ഒന്നല്ലെങ്കിൽ മറ്റൊരു കാരണത്താൽ സംസ്ഥാനത്ത് ട്രാൻസ്‌പോർട്ട് കോർപറേഷൻ എന്നും പ്രതിസന്ധിയിലാണ്. ഒരു കാലത്തും അത് മാറാനും പോകുന്നില്ല. ഏറ്റവും ഒടുവിൽ ഡ്രൈവർമാരില്ലാത്തതു കാരണം കൂട്ടത്തോടെ സർവീസുകൾ മുടക്കേണ്ടിവരുന്ന അസാധാരണ സ്ഥിതിവിശേഷമാണ് കോർപറേഷനിൽ ഇപ്പോൾ നിലനിൽക്കുന്നത്. തൊഴിലില്ലാത്തവരുടെ നാടായ സംസ്ഥാനത്ത് ആവശ്യത്തിന് ഡ്രൈവർമാരില്ലാത്തതാണ് ഇപ്പോൾ കെഎസ്ആർടിസിയും ജനങ്ങളും നേരിടുന്ന പ്രശ്‌നം. ബസ് ഓടിച്ചുകൊണ്ടിരുന്ന രണ്ടായിരത്തിലധികം താത്കാലികക്കാരെ ഒന്നടങ്കം പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് ഇപ്പോഴത്തെ പ്രതിസന്ധി. വിധി നടപ്പാക്കിയ ബുധനാഴ്ച ആയിരത്തോളം സർവീസുകൾ മുടങ്ങിയെന്നാണു റിപ്പോർട്ട്. ഗാന്ധിജയന്തി ദിനമായതിനാൽ യാത്രക്കാരും കുറവായിരുന്നു. വ്യാഴാഴ്ച അതായിരുന്നില്ല സ്ഥിതി. പ്രവൃത്തി ദിവസമായതിനാൽ എല്ലാ സ്റ്റോപ്പിലും യാത്രക്കാർ ധാരാളമായിരുന്നു. പതിവു സർവീസുകളിൽ പലതും മുടങ്ങിയതോടെ യാത്രാക്ലേശം അതിരൂക്ഷമായിരുന്നു. തെക്കൻ ജില്ലക്കാരാണ് ഏറ്റവും വലഞ്ഞത്. കെ.എസ്.ആർ.ടി.സി എങ്ങനെ പോയാലും ഒരു കുഴപ്പവുമില്ല എന്ന മട്ടിലാണ് തലപ്പത്തുള്ളവർ. വകുപ്പു മന്ത്രിയും ഇതൊന്നും അറിഞ്ഞ മട്ട് കാണിക്കാറേയില്ല. ഫലമോ? യാത്രക്കാർക്കു പെരുവഴി ശരണം.

എം പാനൽ ജീവനക്കാരുടെ ബലത്തിൽ ഓടിക്കൊണ്ടിരുന്ന കോർപറേഷന് ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി നേരത്തെ തന്നെ കനത്ത പ്രഹരമേൽപ്പിച്ചിരുന്നു. ആദ്യം എം പാനൽ കണ്ടക്ടർമാരെ ഒന്നടങ്കം പുറത്താക്കേണ്ടിവന്നു. അന്നത്തെ പ്രതിസന്ധിയിൽ നിന്ന് വല്ലവിധവും കരകയറിവരുമ്പോഴാണ് താത്കാലിക ഡ്രൈവർമാർ തുടരുന്നതിനെതിരെ വിധി ഉണ്ടായത്. രണ്ടായിരത്തിലേറെ ഡ്രൈവർമാർ ഒറ്റയടിക്കു പുറത്തു പോകേണ്ടിവന്നപ്പോൾ ഷെഡ്യൂളുകൾ പാടേ താളം തെറ്റി. ബദൽ ഏർപ്പാടുകൾക്ക് വഴികാണാതെ കോർപറേഷൻ ഉള്ള ഡ്രൈവർമാൈര വച്ച് പരമാവധി സർവീസുകൾ നടത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അനവധി സർവീസുകൾ മുടങ്ങുകയാണ്. ഓർഡിനറി മുതൽ സൂപ്പർ ക്‌ളാസ് സർവീസുകൾ വരെ മുടങ്ങുന്നുണ്ട്. ഡ്രൈവർമാരില്ലാതെ ബസ് നിരത്തിലിറക്കാനാവില്ലല്ലോ. കഴിഞ്ഞ ഏപ്രിലിലാണ് എം പാനൽ ഡ്രൈവർമാരെ മുഴുവൻ നീക്കം ചെയ്യാൻ കോടതി ഉത്തരവുണ്ടായത്. പിരിച്ചുവിട്ട എം പാനലുകാരിൽ നിന്ന് കുറെപ്പേരെ താത്കാലികാടിസ്ഥാനത്തിൽ നിയമിച്ച് സർവീസ് നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് പുതിയ ഉത്തരവു വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർവീസ് മുടങ്ങാതെ നടത്താൻ ആവശ്യമായത്ര കണ്ടക്ടർമാരും ഡ്രൈവർമാരും അവശ്യമാണ് എന്നതിൽ തർക്കമൊന്നുമില്ല. സ്ഥിരം ജീവനക്കാരെ വച്ചാൽ കൂടുതൽ വേതനവും മറ്റ് ആനുകൂല്യങ്ങളും നൽകേണ്ടിവരുമെന്നതിനാലാണ് എം പാനലുകാരെ ആശ്രയിക്കാൻ കോർപറേഷൻ അതീവ താത്പര്യം കാണിച്ചിരുന്നത്. താത്കാലികക്കാർക്ക് ദിവസ വേതനം മാത്രം നൽകിയാൽ മതി. അതിന്റെ ഇരട്ടിയോ അതിലധികമോ വേണം സ്ഥിരം ജീവനക്കാർക്ക്. പരമാവധി സർവീസ് നടത്തിയാൽപ്പോലും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഴിയാതെ വിഷമിക്കുന്ന കോർപറേഷന് സ്ഥിരം ജീവനക്കാർ വെല്ലുവിളിയാകുന്നത് ഇതുകൊണ്ടാണ്. ജീവനക്കാർ ഇവിടെ പണ്ടേ കൂടുതലാണെന്ന ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തിൽ ചെലവു കുറയ്ക്കാനുള്ള വഴിയായിട്ടാണ് എം പാനലുകാരെ കോർപറേഷൻ കണ്ടിരുന്നത്.

ജീവനക്കാരുടെ കുറവു മൂലം സർവീസുകൾ മുടങ്ങുകയെന്നാൽ വരുമാനവും അതനുസരിച്ച് കുറയുക എന്നാണർത്ഥം. ശരാശരി ഏഴ് – ഏഴരക്കോടി രൂപ പ്രതിദിന വരുമാനമുണ്ടായിരുന്നത് സർവീസുകൾ വെട്ടിച്ചുരുക്കുന്നതോടെ ആറോ ആറരയോ കോടിയായി ചുരുങ്ങും. ശമ്പളവും പെൻഷനും കൃത്യസമയത്ത് നൽകാനാകാതെ കൈകാലിട്ടടിക്കുന്ന കോർപറേഷന് ഇപ്പോഴത്തെ പ്രതിസന്ധി താങ്ങാവുന്നതിലും അധികമാണ്. യാത്രക്കാരുടെ കാര്യമാകട്ടെ ഇതിനെക്കാളൊക്കെ കഷ്ടവും. അവരുടെ പ്രയാസം കണ്ടറിഞ്ഞ് പരിഹാരമുണ്ടാക്കാൻ ആരും മുന്നോട്ടുവരുന്നില്ല. പൊതുയാത്രാരംഗത്ത് മുന്നിൽ നിൽക്കുന്ന കെ.എസ്.ആർ.ടി.സി തന്നെ വേണം ഇതിനു മുൻകൈയെടുക്കാൻ .ഏറ്റവും ഉയർന്ന യാത്രക്കൂലി ഈടാക്കിയിട്ടും യാത്രക്കാർക്ക് ആവശ്യമായ തോതിൽ സർവീസ് നൽകാൻ കഴിയുന്നില്ലെങ്കിൽ ഈ പണി മതിയാക്കുകയാവും ഭേദം. സ്ഥിരം ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിൽ മനഃപൂർവം കാണിച്ച വീഴ്ചയാണ് പ്രതിസന്ധിയായി രൂപപ്പെട്ടത്. കോടതി വിധിയുടെ വെളിച്ചത്തിൽ താത്കാലികക്കാരുമായി ഇനിയും മുമ്പോട്ടു പോകാനാവില്ലെന്നു വ്യക്തമായിട്ടുണ്ട്. സ്ഥിരം ജീവനക്കാരെ നിയമിക്കാനുള്ള നടപടി ഇനി വൈകിച്ചുകൂടാ. യാത്രക്കാരെ നിരത്തിൽ നിറുത്തി വലയ്ക്കുന്ന ക്രൂരവിനോദം അവസാനിപ്പിക്കുക തന്നെ വേണം.

Tags :