
വിപണി വിലയ്ക്ക് ഡീസല്‍ ലഭ്യമാക്കണം; ഹൈക്കോടതി വിധിക്കെതിരെ കെഎസ്‌ആര്‍ടിസി സുപ്രീംകോടതിയില്‍
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: വിപണി വിലയേക്കാള്‍ കൂടിയ തുകയ്ക്ക് ഇന്ധനം വാങ്ങണമെന്ന എണ്ണക്കമ്പനികളുടെ നിര്‍ദേശം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ കെഎസ്‌ആര്‍ടിസി സുപ്രീംകോടതിയില്‍.
ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് കെഎസ്‌ആര്‍ടിസി സമര്‍പ്പിച്ച അപ്പീലില്‍ ആവശ്യപ്പെട്ടു. വിപണി വിലയ്ക്ക് ഡീസല്‍ ലഭ്യമാക്കണമെന്നും കെഎസ്‌ആര്‍ടിസി ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധിക വിലയ്ക്ക് ഡീസല്‍ വാങ്ങുന്നത് കെഎസ്‌ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും. ഈ നില തുടര്‍ന്നാല്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും കെഎസ്‌ആര്‍ടിസി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കെഎസ്‌ആര്‍ടിസിക്ക് വിപണിവിലയ്ക്ക് ഡീസല്‍ നല്‍കണമെന്ന് എണ്ണക്കമ്പനികളുടെ നിര്‍ദേശം തള്ളിക്കൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിച്ചിരുന്നു.
ഇതിനെതിരെ എണ്ണക്കമ്പനികള്‍ നല്‍കിയ അപ്പീലിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.
പ്രഥമദൃഷ്ട്യാ വിലനിര്‍ണയത്തില്‍ അപാകതയുണ്ടെന്നും കെഎസ്‌ആര്‍ടിസിക്ക് മാര്‍ക്കറ്റ് വിലയില്‍ ഡീസല്‍ നല്‍കണമെന്നുമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. ബള്‍ക്ക് യൂസര്‍ എന്ന പേരിലാണ് കമ്പനികള്‍ കൂടിയ വില ഈടാക്കുന്നത്. പൊതുജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനുവേണ്ടി സേവനം നടത്തുന്ന കെഎസ്‌ആര്‍ടിസിക്ക് ഇരട്ടി നിരക്കില്‍ ഇന്ധനം നല്‍കുന്നത് നീതീകരിക്കാനാകില്ലെന്നാണ് സിംഗിള്‍ബെഞ്ച് അഭിപ്രായപ്പെട്ടത്.
സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസിക്ക് 4 ലക്ഷം ലിറ്റര്‍ ഡീസല്‍ ആണ് പ്രതിദിന ഉപയോഗം. ഇതിനാല്‍ ബള്‍ക്ക് കണ്‍സ്യൂമറായാണ് കെഎസ്‌ആര്‍ടിസിയെ പെട്രോളിയം കോര്‍പ്പറേഷനുകള്‍ പരിഗണിക്കുന്നത്. ഇരട്ട വില സംവിധാനം നടപ്പാക്കിയതോടെ കെഎസ്‌ആര്‍ടിസി കൂടുതല്‍ ഇന്ധനം ആവശ്യമായ കുത്തക സ്ഥാപനങ്ങളുടെ പട്ടികയിലായി.
നേരത്തേ വിപണി വിലയെക്കാള്‍ 1.90 രൂപ ലീറ്ററിനു കുറച്ചാണ് കെഎസ്‌ആര്‍ടിസിക്ക് ഡിസ്‌കൗണ്ട് നല്‍കിയിരുന്നത്. ബള്‍ക്ക് പര്‍ച്ചേസില്‍ മാറ്റം വന്നതോടെ 1 ലീറ്റര്‍ ഡീസലിന് വിപണി വിലയേക്കാള്‍ 27 രൂപ അധികം നല്‍കേണ്ട സ്ഥിതിയാണ്.