
സ്വന്തം ലേഖിക
ആലപ്പുഴ: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ അവധി പ്രഖ്യാപിച്ച് കലക്ടര്‍ കൃഷ്ണ തേജ ഐ.എ.എസിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വൈറല്‍.ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്ന കുറിപ്പില്‍ സ്നേഹം നിറഞ്ഞ ഭാഷയിലാണ് അഭിസംബോധന ചെയ്യുന്നത്. കുറിപ്പിലെ ഓരോ വാക്കുകളും ഏറ്റെടുത്ത ജനം അതിലെ ഉപദേശം മുന്‍ കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനോടാണോയെന്നും ചോദിച്ചു. ‘മാതാപിതാക്കളോട് കുട്ടികള്‍ സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്ന് സ്നേഹത്തോടെ പറയണമെന്ന’, ഭാഗമാണ് സോഷ്യല്‍ മീഡിയയുടെ ട്രോളിനിരയാകുന്നത്.
‘സൂക്ഷിച്ചു വണ്ടി ഓടിക്കുക, ഇത് ആരെയോ ഉദേശിച്ച് പറഞ്ഞ പോലെ, വെങ്കിട്ടരാമനെ നൈസ് ആയിട്ടങ്ങ് ഊതിയല്ലോ കലക്ടര്‍ ബ്രോ, സൂക്ഷിച്ചു വണ്ടി ഓടിക്കുക എന്നു പറയുക, കലക്ടര്‍ മാമന്‍ പൊളിയാണ്, ജീവന് വില കല്‍പ്പിക്കുന്ന കലക്ടര്‍’, എന്നിങ്ങനെയാണ് ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്‍റുകള്‍. ആലപ്പുഴ കലക്ടര്‍ രണ്ടു ദിവസമായി ആരെയോ ട്രോളുന്നത് പോലെയെന്ന കമന്‍റും ചിലര്‍ പങ്കുവെച്ചു. മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആലപ്പുഴ ജില്ലയിലെ മുന്‍ കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീറാം വെങ്കിട്ടരാമന്‍റെ കലക്ടറായുള്ള നിയമനത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് ശ്രീറാം വെങ്കിട്ടരാമനെ കലക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റി കൃഷ്ണ തേജ ഐ.എ.എസിനെ ചുമതല ഏല്‍പ്പിക്കുന്നത്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ജനറല്‍ മാനേജരായാണ് ശ്രീറാം വെങ്കിട്ടരാമന്‍റെ പുതിയ നിയമനം.
ആലപ്പുഴ ജില്ലയുടെ ചുമതലയേറ്റടുത്ത ഉടനെയുള്ള കലക്ടറുടെ ആദ്യ അവധി പ്രഖ്യാപനം ഇന്നലെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.പ്രിയപ്പെട്ട കുട്ടികളെ എന്ന സ്നേഹ വിളികളോടെ അവധി പ്രഖ്യാപിച്ച കലക്ടര്‍ അവധി ദിവസം വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകരുതെന്നും സ്നേഹത്തോടെ മുന്നറിയിപ്പ് നല്‍കി. എല്ലാവരും വീട്ടില്‍ ഇരിക്കണമെന്നും മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാര്‍ ജോലിക്ക് പോകുമ്ബോള്‍ അവരുടെ ബാഗില്‍ കുട, മഴക്കോട്ട് എന്നിവ ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്നും കലക്ടര്‍ കുട്ടികളോടായി ആവശ്യപ്പെട്ടു. മാതാപിതാക്കള്‍ ജോലിക്ക് പോകും മുമ്ബ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണമെന്നും കലക്ടര്‍ ഓര്‍മ്മിപ്പിച്ചു.
ആലപ്പുഴയില്‍ മുമ്ബ് സബ് കലക്ടറായി സേവനം അനുഷ്ഠിച്ച വ്യക്തിയാണ് കൃഷ്ണ തേജ. മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയതിന് പിന്നാലെ കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കമന്‍റ് ബോക്‌സിന് പൂട്ടു വീണു. എന്നാല്‍ കൃഷ്ണ തേജ ചാര്‍ജ് എടുത്ത ഉടന്‍ ഫേസ്ബുക്ക് പേജില്‍ കമന്‍റ് ചെയ്യാനുള്ള സൗകര്യം ഒരുക്കി. ഇതിനെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയത്. അവധിയുമായി ബന്ധപ്പെട്ട് കലക്ടറുടെ പോസ്റ്റിന് കീഴെയും നിരവധി കമന്റുകളാണ് വരുന്നത്.
ആലപ്പുഴ കലക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്:
പ്രിയപ്പെട്ട കുട്ടികളെ,
നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ…
മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാര്‍ ജോലിക്ക് പോകുമ്ബോള്‍ അവരുടെ ബാഗില്‍ കുട, മഴക്കോട്ട് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ… പോകുന്നതിന് മുന്‍പ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം.
ഞങ്ങള്‍ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്നേഹത്തോടെ പറയണം. നല്ല ശീലങ്ങള്‍ പാലിക്കണം. മിടുക്കരാകണം.
ഒരുപാട് സ്‌നേഹത്തോടെ
നിങ്ങളുടെ പ്രിയപ്പെട്ട
കളക്ടര്‍ മാമന്







