
കോഴിക്കോട്: നഗരഹൃദയത്തിലെ ചെറൂട്ടി കോണ്‍വെന്റ് റോഡ്. വിശ്വാസികള്‍ പ്രാര്‍ത്ഥനാനിര്‍ഭരമായി എത്തുന്ന ദേവമാതാ കത്തീഡ്രല്‍ പരിസരം ബുധനാഴ്ച വൈകിട്ട് നടുങ്ങിയത് ഒരു നവജാത ശിശുവിന്റെ മൃതദേഹം കണ്ട വാര്‍ത്ത കേട്ടാണ്.
എന്നാല്‍ അന്വേഷണം ചെന്നെത്തിയത് പാലക്കാട് നിന്നെത്തിയ ഒരു തീര്‍ത്ഥാടക സംഘത്തിലേക്കും ആ സംഘത്തിലുണ്ടായിരുന്ന 25 വയസ്സുകാരിയായ ഫ്രാങ്കോ എന്ന യുവതിയിലേക്കുമാണ്.
പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ നിന്നും 13 ബസ്സുകളിലായി എത്തിയ വലിയൊരു തീര്‍ത്ഥാടക സംഘത്തിന്റെ ഭാഗമായിരുന്നു ഫ്രാങ്കോ. പള്ളിയുടെ പിന്നിലെ വിജനമായ സ്ഥലത്ത് പൊക്കിള്‍ക്കൊടി പോലും കൃത്യമായി വേര്‍പെടുത്താത്ത നിലയിലാണ് ആണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പള്ളിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ടൗണ്‍ എസിപി കെ.ജെ. ജോണ്‍സന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് അധികം വൈകാതെ തന്നെ പ്രതിയെ കണ്ടെത്താനായി. രക്തസ്രാവം കാരണം അവശ നിലയിലായിരുന്നിട്ടും ഒന്നും സംഭവിക്കാത്തതുപോലെ ബസ്സില്‍ പോയിരുന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
13 ടൂറിസ്റ്റ് ബസുകളിലാണ് പാലക്കാട് നിന്നുളള തീര്‍ഥാടക സംഘം കോഴിക്കോട് എത്തിയത്. പളളിയുടെ പിന്നിലെ സ്ഥലത്ത് പ്രസവിച്ചെന്നാണു യുവതി നല്‍കിയ മൊഴി. ആറുമാസം ഗര്‍ഭിണിയായ ഫ്രാങ്കോയെ തീര്‍ഥാടക സംഘം ഒപ്പം കൊണ്ടു പോകുന്നില്ലെന്ന് പറഞ്ഞെങ്കിലും ഫ്രാങ്കോ നിര്‍ബന്ധപൂര്‍വം കൂടെ കൂടുകയായിരുന്നു എന്നാണ് വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പള്ളിയുടെ പരിസരത്തു വച്ച് വേദന ഉണ്ടാകുകയും പ്രസവിക്കുകയും ചെയ്ത ഫ്രാങ്കോ ഇക്കാര്യം തീര്‍ഥാടക സംഘത്തിലെ മറ്റുള്ളവര്‍ അറിഞ്ഞാല്‍ കുഴപ്പമാകുമെന്നു കരുതി, മരിച്ചനിലയില്‍ കണ്ട കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് മൊഴിയില്‍ പറയുന്നത്. ഫ്രാങ്കോയുടെ ഭര്‍ത്താവും ഒന്നരവയസ്സുള്ള മകളും ഭര്‍ത്താവിന്റെ മാതാവും അമ്മൂമ്മയും തീര്‍ഥാടക സംഘത്തോടൊപ്പം ഉണ്ടായിരുന്നെങ്കിലും അവരെയും വിവരം അറിയിച്ചിരുന്നില്ല എന്നാണു സൂചനയെന്ന് ടൗണ്‍ എസിപി കെ.ജെ. ജോണ്‍സന്‍ പറഞ്ഞു. പ്രസവശേഷം ടൂറിസ്റ്റ് ബസില്‍ കയറി ഇരുന്ന ഫ്രാങ്കോയെ അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
പാലക്കാട് നിന്നെത്തിയ തീര്‍ഥാടക സംഘത്തിലെ ഒരു യുവാവാണ് ബുധനാഴ്ച വൈകിട്ട് നാലരയോടെ പളളിയുടെ പരിസരത്ത് മൃതദേഹം കണ്ടത്. പള്ളി വികാരിയെ ഇക്കാര്യം അറിയിച്ചതോടെ ഉടന്‍ തന്നെ പള്ളി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് യുവതിയെ പൊലീസ് തിരിച്ചറിഞ്ഞത്.
പൊക്കിള്‍ക്കൊടി അറുത്ത നിലയിലായിരുന്നു ശിശുവിന്റെ മൃതദേഹം. ക്ഷീണിതയായി കണ്ട യുവതിയെ കോട്ടപ്പുറം ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മതിയായ ചികിത്സയും പരിചരണവും ഉറപ്പാക്കിയ ശേഷം പൊലീസ് വിശദമായി ചോദ്യം ചെയ്യും.
സമീപത്ത് ആശുപത്രികള്‍ ഉണ്ടായിട്ടും യുവതി ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെയും ബന്ധുക്കളെയും അറിയിക്കാതെ പ്രസവിച്ചതിലാണു ദുരൂഹത. യുവതിയെയും കുടുംബാംഗങ്ങളെയും കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ ഇതില്‍ വ്യക്തത വരുമെന്നാണു പ്രതീക്ഷ. ടൗണ്‍ പൊലീസും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ രാത്രിയോടെ പൂര്‍ത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസ് എടുത്താണ് ടൗണ്‍ പൊലീസ് അന്വേഷണം നടത്തുന്നത്. ശിശുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.



