Spread the love

കോട്ടയം: അസംഘടിത മേഖലയിലെ തൊഴിലാളികൾ, കർഷകർ, ഗ്രാമീണ സംരംഭകർ, സ്വയംതൊഴിൽ ചെയ്യുന്നവർ എന്നിവർക്ക് സാമൂഹിക സുരക്ഷയും വിരമിക്കലാനന്തര സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (PFRDA) അവതരിപ്പിച്ച എൻ.പി.എസ്. സഞ്ചയ് (NPS Sanchay) പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ പരിപാടിയും ജൂൺ 25-ന് കോട്ടയം ഹോട്ടൽ ഫ്ലോറൽ പാലസിൽ നടന്നു.

video
play-sharp-fill

കേരള സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി (SLBC), ലീഡ് ബാങ്ക് കോട്ടയം, നാബാർഡ്, ജില്ലയിലെ വിവിധ ബാങ്കുകൾ, കോമൺ സർവീസ് സെന്ററുകൾ (CSC) എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ജില്ലയിലെ ബാങ്കുകൾ, കൃഷി-അനുബന്ധ മേഖലകളിലെ പ്രതിനിധികൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), കോമൺ സർവീസ് സെന്റർ (CSC) പ്രതിനിധികൾ, ഗ്രാമീണ സംരംഭകർ, കർഷകർ, പൊതുജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി.എഫ്.ആർ.ഡി.എയെ പ്രതിനിധീകരിച്ച മുതിർന്ന ഉദ്യോഗസ്ഥ ശ ഡിംപിൾ മിത്തൽ പരിപാടി ഉദ്ഘാടനം ചെയ്തു. ലീഡ് ഡിസ്ട്രിക്ട് മാനേജർ  അനുരാജ് എം.എസ്. സ്വാഗതം ആശംസിച്ചു.

നാബാർഡ് കോട്ടയം ഡെപ്യൂട്ടി ജനറൽ മാനേജർ  റെജി വർഗീസ്, കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ മാനേജർ ശ്രീമതി ശോഭ കെ.കെ. , കേരള സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി (SLBC) സീനിയർ മാനേജർ  അച്യുത് ജെ. ശങ്കർ, ആർസെറ്റി ഡയറക്ടർ മിനി സൂസൻ വർഗീസ് എന്നിവർ ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

തുടർന്ന് PFRDA-യിലെ ഇക്കണോമിസ്റ്റ് ശുഭം ഖണ്ഡേൽവാൾ എൻ.പി.എസ്. സഞ്ചയ് പദ്ധതിയുടെ ലക്ഷ്യങ്ങളും സവിശേഷതകളും കൃഷി, അനുബന്ധ മേഖലകൾ, ഗ്രാമീണ നാനോ സംരംഭങ്ങൾ എന്നിവയ്ക്ക് പദ്ധതിയിലൂടെ ലഭ്യമാകുന്ന അവസരങ്ങളും വിശദീകരിച്ച് സാങ്കേതിക സെഷൻ അവതരിപ്പിച്ചു.

ബാങ്കുകളുടെയും വിവിധ സ്ഥാപനങ്ങളുടെയും മികച്ച പ്രവർത്തനാനുഭവങ്ങൾ പങ്കുവെച്ചതോടൊപ്പം സംശയനിവാരണ സെഷനും സംഘടിപ്പിച്ചു.

ഉച്ചയ്ക്ക് ശേഷം കോമൺ സർവീസ് സെന്റർ (CSC) സെന്റർ മാനേജർമാർക്കും വില്ലേജ് ലെവൽ എന്റർപ്രണർമാർക്കുമായി (VLE) പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു.

പിഎഫ്ആർഡിഎയുടെ പരിശീലകനായ  രാജ്ഗുരു പരിശീലന സെഷന് നേതൃത്വം നൽകി. എൻ.പി.എസ്. സഞ്ചയ് പദ്ധതിയുടെ ഡിജിറ്റൽ എൻറോൾമെന്റ് നടപടിക്രമങ്ങൾ, പൊതുജനങ്ങൾക്ക് പദ്ധതിയിൽ അംഗത്വം നൽകുന്ന രീതികൾ, സേവന വിതരണ സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദമായി പരിശീലനം നൽകി.

പരിപാടി വേദിയിൽ തന്നെ എൻ.പി.എസ്. സഞ്ചയ് പദ്ധതിയിൽ അംഗമാകാൻ താൽപര്യമുള്ള പൊതുജനങ്ങൾക്കായി പ്രത്യേക എൻറോൾമെന്റ് സൗകര്യവും ഒരുക്കിയിരുന്നു. നിരവധി പേർ പരിപാടിക്കിടെ തന്നെ പദ്ധതിയിൽ അംഗമാകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി.

എൻ.പി.എസ്. സഞ്ചയ് എന്താണ്?

ഇന്ത്യയിലെ തൊഴിൽ ശക്തിയുടെ ഏകദേശം 90 ശതമാനവും അസംഘടിത മേഖലയിലാണുള്ളത്. ഇവരിൽ ഭൂരിഭാഗം പേർക്കും വിരമിക്കലിനുശേഷം സ്ഥിരമായ വരുമാനമോ പെൻഷൻ പരിരക്ഷയോ ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് പെൻഷൻ പരിരക്ഷ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി PFRDA എൻ.പി.എസ്. സഞ്ചയ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

നിലവിലുള്ള അടൽ പെൻഷൻ യോജന (APY) 18 മുതൽ 40 വയസ് വരെയുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ, 18 മുതൽ 85 വയസ്സ് വരെ പ്രായമുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും എൻ.പി.എസ്. സഞ്ചയിലൂടെ ദേശീയ പെൻഷൻ സംവിധാനത്തിന്റെ ഭാഗമാകാൻ കഴിയും.

ലളിതമായ നിക്ഷേപ സംവിധാനം, പ്രൊഫഷണൽ ഫണ്ട് മാനേജ്മെന്റ്, വിപണിയുമായി ബന്ധിപ്പിച്ച ദീർഘകാല വരുമാന സാധ്യത (Market-linked Returns), രാജ്യവ്യാപക പോർട്ടബിലിറ്റി, പെൻഷൻ ഫണ്ട് മാറ്റുന്നതിനും നിക്ഷേപ ഓപ്ഷനുകൾ മാറ്റുന്നതിനുമുള്ള സൗകര്യം എന്നിവ പദ്ധതിയുടെ പ്രധാന സവിശേഷതകളാണ്.

പദ്ധതിയിൽ അക്കൗണ്ട് ആരംഭിക്കുന്നതിന് ₹250 പ്രാരംഭ നിക്ഷേപം മതിയാകും. തുടർന്ന് ഓരോ നിക്ഷേപത്തിനും കുറഞ്ഞത് ₹10 മുതൽ സംഭാവന നൽകാൻ സാധിക്കും. അംഗീകൃത ബാങ്കുകൾ, പോയിന്റ്സ് ഓഫ് പ്രസൻസ് (PoPs), കോമൺ സർവീസ് സെന്ററുകൾ (CSC) എന്നിവ വഴി പൊതുജനങ്ങൾക്ക് പദ്ധതിയിൽ അംഗമാകാവുന്നതാണ്.

ഗ്രാമീണ മേഖലയിലെ ജനങ്ങൾ, കർഷകർ, സ്വയംതൊഴിൽ ചെയ്യുന്നവർ, അസംഘടിത മേഖലയിലെ തൊഴിലാളികൾ എന്നിവർ ദീർഘകാല സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി എൻ.പി.എസ്. സഞ്ചയ് പദ്ധതിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.