
സ്കാനറും, കസ്റ്റംസും തോറ്റു, വസ്ത്രത്തിനുള്ളില്‍ തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമിച്ച 75 ലക്ഷത്തിന്‍റെ സ്വർണ്ണം ; കോഴിക്കോട് വിമാനത്താവളത്തിന് പുറത്ത് വച്ച് പോലീസ് പിടികൂടി.
കോഴിക്കോട്: കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് കടന്ന രണ്ട് ആളുകളെയാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് സ്വര്‍ണം വാങ്ങാൻ എത്തിയ ആളെയും പൊലീസ് അറസ്റ്റ് ചെയ്തു. കോഴികോട് കൊടുവള്ളി സ്വദേശി സിദ്ധീഖ്, മലപ്പുറം കാവനൂര്‍ സ്വദേശി സൈതലവി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വസ്ത്രത്തില്‍ തേച്ചു പിടിപ്പിച്ച നിലയില്‍ കാണപ്പെട്ട മുക്കാല്‍ കോടിയോളം രൂപ വിലവരുന്ന സ്വര്‍ണ്ണവുമായാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ദുബായില്‍ നിന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് ഇവര്‍ കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. അത്യാധുനിക സ്കാനിംഗ് സംവിധാനങ്ങളെ മറികടന്ന് ആദ്യം എയര്‍പോര്‍ട്ടിന് പുറത്തെത്തിയത് സിദ്ധീഖ് ആയിരുന്നു. സിദ്ധീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കടത്ത് സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ട് പരിസരത്ത് കൊടുവള്ളി സ്വദേശി ഷറഫുദ്ദീന്‍ കാത്തു നില്‍പ്പൂണ്ടെന്ന് അറിഞ്ഞത്. തുടര്‍ന്ന് ഷറഫുദ്ദീനെയും പോലീസ് കുടുക്കി. ഷറഫുദ്ദീനെ ചോദ്യം ചെയ്തതോടെ രണ്ടാമത്തെ യാത്രക്കാരന്‍റെ വിവരങ്ങള്‍ പൊലീസിന് കിട്ടി.
തുടര്‍ന്ന് വിമാനത്താവളത്തിന് പുറത്ത് കാത്തുനില്‍ക്കുകയായിരുന്ന സൈദലവിലെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാന്‍റിന് അകത്തും സോക്‌സിലും ആയിരുന്നു സ്വര്‍ണ്ണ മിശ്രിതം. സ്വര്‍ണ്ണ കടത്തുകാര്‍ക്ക് നല്‍കാനായി ഷറഫുദ്ദീന്‍ കരുതിയിരുന്ന ഒരു ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. വസ്ത്രത്തില്‍ നിന്ന് രണ്ടര കിലോയോളം സ്വര്‍ണ്ണ മിശ്രിതം വേര്‍തിരിച്ചെടുത്തു. ഇതില്‍നിന്ന് 1600 ഗ്രാം സ്വര്‍ണ്ണം കിട്ടും. ഈ വര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വെച്ച് പൊലീസ് പിടികൂടുന്ന 36-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
