
കൊവിഡിനു പിന്നാലെ പെരുമഴയും: ജില്ലയിൽ മൂന്നിടത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; അതീവ ജാഗ്രതയിൽ ജില്ലാ ഭരണകൂടം
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊവിഡിനു പിന്നാലെ വാശിയ്‌ക്കെന്ന പോലെ പെയ്യുന്ന കനത്ത മഴയിൽ ജില്ലയിൽ ദുരിതത്തിന് തുടക്കമായി. ചൊവ്വാഴ്ച രാത്രിയിൽ ആരംഭിച്ച പെരുമഴ ഒരു തെല്ലും മയമില്ലാതെ ജില്ലയിൽ ഇടിച്ചു കുത്തി പെയ്യുന്നതോടെ മൂന്നു ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതുവരെ തുറന്നിരിക്കുന്നത്.
ചങ്ങാശേരി താലൂക്കിൽ വാകത്താനം തൃക്കോം ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മൂന്നു കുടുംബങ്ങളിലെ എട്ടു പേരെ ഇവിടേക്ക് മാറ്റി. ഇതോടെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം മൂന്നായി. മണർകാട് ഗവൺമെന്റ് യു.പി. സ്‌കൂളിലും അയർകുന്നം പുന്നത്തുറ സെന്റ് ജോസഫ്സ് എൽ.പി. സ്‌കൂളിലുമാണ് മറ്റു ക്യാമ്പുകൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയർകുന്നം പുന്നത്തുറ സെന്റ് ജോസഫ് എൽ.പി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. രണ്ടു കുടുംബങ്ങളിലെ അഞ്ചു പേരാണ് ഇവിടെയുള്ളത്. മണർകാട് ഗവൺമെന്റ് യു.പി. സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നാലു കുടുംബങ്ങളിലെ 14 പേരെ ഇവിടേക്ക് മാറ്റി. ഇതിൽ ഏട്ട് പുരുഷൻമാരും ആറു സ്ത്രീകളും ഉൾപ്പെടുന്നു. വിജയപുരം പഞ്ചായത്തിൽ അപകട സാധ്യതാ മേഖലയിലുള്ള രണ്ടു കുടുംബങ്ങളെ ഒഴിപ്പിച്ചു. ഇവർ ബന്ധുക്കളുടെ വീടുകളിലേക്ക് മാറി.
പ്രകൃതി ദുരന്ത സാധ്യതയുള്ള കൂട്ടിക്കലിലെ വല്യേന്ത, കൊടുങ്ങ മേഖലകളിൽ ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി അനൗൺസ്മെന്റ് നടത്തി.
നാട്ടുകാർ വീടു വിട്ടിറങ്ങാൻ വിസമ്മതിച്ച സാഹചര്യത്തിൽ കിടപ്പു രോഗികളെ കൂട്ടിക്കൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് നടപടി തുടങ്ങി.
റവന്യു, ഫയർ ഫോഴ്സ്, പോലീസ്, പഞ്ചായയ്ത്ത്, ആരോഗ്യ വകുപ്പ് അധികൃതർ നടപടികൾക്ക് നേതൃത്വം നൽകി.