play-sharp-fill
പഴയ കാല പ്രൗഡി കൊതിച്ച് ട്രാവൻകൂർ സിമന്റ്‌സ്; പ്രതീക്ഷിക്കുന്നത് സർക്കാരിന്റെ കൈത്താങ്ങ്: 26 ന് മന്ത്രി ജയരാജൻ കമ്പനിയിൽ എത്തും

പഴയ കാല പ്രൗഡി കൊതിച്ച് ട്രാവൻകൂർ സിമന്റ്‌സ്; പ്രതീക്ഷിക്കുന്നത് സർക്കാരിന്റെ കൈത്താങ്ങ്: 26 ന് മന്ത്രി ജയരാജൻ കമ്പനിയിൽ എത്തും

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ജില്ലയിലെ നാട്ടകം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൻകൂർ സിമന്റ്സ് വെള്ള സിമന്റ് ഉദ്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെതും, തെക്കേ ഇന്ത്യയിലെ ഏക കമ്പനിയുമാണ്. ട്രാവൻകൂർ സിമന്റ്സിന്റെ ‘ വേമ്പനാട്’ വൈറ്റ് സിമന്റ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അംഗീകാരമുള്ള ലോകാത്തര ഗുണനിലവാരമുള്ള വൈറ്റ് സിമന്റാണ്.

സ്വാതന്ത്ര്യത്തിന് ഒരു വർഷം മുൻപ്, 1946 ലാണ് ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ് എന്ന കമ്പനി ട്രാവൻകൂർ കമ്പനീസ് ആക്ട് പ്രകാരം നിലവിൽ വന്നത്. സർ സി.പി രാമസ്വാമി അയ്യരുടെ കാലത്തു, വേമ്പനാട്ടുകായലിലെ നിക്ഷേപമായ വെള്ളകക്ക ഉത്പാദനം എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പ്രവർത്തനം ആരംഭിച്ചത്. കൊടൂരാറിന്റെ സമീപത്തു തന്നെ കമ്പനി സ്ഥാപിച്ചതിനു പ്രത്യേക ലക്ഷ്യങ്ങളുമുണ്ടായിരുന്നു. വേമ്പനാട്ടുകായലിൽ നിന്നും ജലമാർഗം വെള്ളകക്ക ഇവിടെ എത്തിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമായിരുന്നു നാട്ടകത്തെ ജലപാത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ അരലക്ഷം ടൺ വാർഷിക സ്ഥാപിത ശേഷിയുള്ള ഗ്രേ സിമന്റ് പ്ലാന്റാണ് ആദ്യം പ്രവർത്തനം ആരംഭിച്ചത്. വെള്ളകക്ക ഉപയോഗിച്ചുള്ള ഗ്രേ സിമന്റ് ഉദ്പാദനം ലാഭകരമല്ലെന്നു കണ്ടതോടെ കമ്പനി 1956 ൽ ഗ്രേ സിമന്റിനൊപ്പം വെള്ള സിമന്റ് കൂടി ഉത്പാദനം ആരംഭിച്ചു. പിന്നീട്, 1974 ൽ ഗ്രേ സിമന്റ് ഉത്പാദനം ഏതാണ്ട് പൂർണമായും നിർത്തലാക്കി. ഇതോടെയാണ്, ട്രാവൻകൂർ സിമന്റ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അഭിമാനകരമായ വെള്ള സിമന്റ് ഉത്പാദനം ആരംഭിക്കുന്നത്.

1989 ലാണ് കമ്പനിയെ സംസ്ഥാന സർക്കാർ, വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാക്കി മാറ്റിയത്. 2000 വരെ ലാഭത്തിലായിരുന്ന സ്ഥാപനം സർക്കാരിലേയ്ക്ക് അതുവരെ തുടർച്ചയായി ലാഭ വിഹിതവും നൽകിയിട്ടുമുണ്ട്. ഫർണസ് ഓയിലിന്റെ വില വർദ്ധനവും, വൈദ്യുതി നിരക്ക് വർദ്ധിച്ചതും, ജെ.കെ ബിർള പോലെയുള്ള വൻകിട കുത്തക കമ്പനികളുടെ വിപണിയിലേയ്ക്കുള്ള പ്രവേശനവും അടക്കമുള്ള കമ്പനിയെ കാലക്രമേണ നഷ്ടത്തിലേയ്ക്കു നയിക്കുകയായിരുന്നു. ഇതോടെ കമ്പനിയുടെ പ്രവർത്തന മൂലധനം പൂർണമായും ഇല്ലാതെയായി. ഇതിനു പുറമേ കേന്ദ്ര സർക്കാരിന്റെ തീരദേശ പരിപാലന നിയമപ്രകാരമുള്ള ഉത്തരവ് മൂലം 2014 മുതൽ വേമ്പനാട്ടുകായലിൽ നിന്നുള്ള കക്കഖനനം പൂർണമായും നിർത്തലാക്കിയത് കമ്പനിയെ സാരമായി ബാധിച്ചു.

വൈറ്റ് സിമന്റ് ഉത്പാദിപ്പിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുവായ വെള്ള ക്ലിങ്കർ വിദേശരാജ്യങ്ങളിൽ നിന്നാണ് കമ്പനി ഇപ്പോൾ ഇറക്കുമതി ചെയ്യുന്നത്. വെള്ള സിമന്റിന്റെ ഉത്പാദനത്തിനായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ കമ്പനി ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ല. മുൻപുണ്ടായിരുന്ന അതേ ഗുണനിലവാരത്തിൽ തന്നെയാണ് കമ്പനി ഇപ്പോഴും വെള്ളസിമന്റ് ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ട്രാവൻകൂർ സിമന്റ്സിന്റെ ഉത്പന്നങ്ങൾക്കു മാർക്കറ്റിൽ ഇപ്പോഴും നല്ല സ്വീകാര്യതയാണ്. ഇതോടൊപ്പം വേമ്പനാട് ബ്രാൻഡ് വാൾപുട്ടിയും കമ്പനി വിപണിയിൽ ഇറക്കുന്നുണ്ട്.

വിപണിയിൽ നിന്നും ലാഭം കണ്ടെത്താനാവാത്ത പ്രതിസന്ധിക്കാലത്ത് കമ്പനിയ്ക്കു കൈത്താങ്ങായി നിൽക്കുന്നത് സംസ്ഥാന സർക്കാരിന്റെ സമയോചിതമായ ഇടപെടൽ ഒന്നുമാത്രമാണ്. കമ്പനിയുടെ പ്രവർത്തനത്തിനും ഉത്പാദനത്തിനും ആവശ്യമായ മൂലധനം ലഭ്യമല്ലാത്തതിനാൽ സർക്കാർ സമയാ സമയങ്ങളിൽ ആവശ്യമായ മൂലധനം നൽകിവരുന്നു. ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം മാത്രം രണ്ടായിരത്തോളം ലക്ഷം രൂപയാണ് പ്രവർത്തന മൂലധനം ഇനത്തിൽ കമ്പനിയ്ക്കു നൽകിയത്. തുടക്ക കാലത്ത് 633 ജീവനക്കാരാണ് കമ്പനിയിലുണ്ടായിരുന്നത്. നിലവിൽ 213 പേർ ഇപ്പോൾ ജോലി ചെയ്തു വരുന്നു.

ഒരു കാലത്ത് മാർക്കറ്റുകൾ കീഴടക്കിയിരുന്ന ട്രാവൻകൂർ സിമന്റ്സ് എന്ന പൊതുമേഖലാ സ്ഥാപനം ഇന്ന് ലാഭത്തിലേക്കു കുതിച്ചുയരാൻ സർക്കാരിന്റെ കൈത്താങ്ങ് തേടുകയാണ്. ഇപ്പോഴത്തെ കിതപ്പിനെ ഊർജമാക്കി മാറ്റി മുന്നേറുവാൻ നാട്ടകം ട്രാവൻകൂർ സിമന്റ്സിനു വേണ്ടത് സർക്കാരിന്റെ ഒരു കൈ സഹായമാണ്.

കമ്പനിയെ നവീകരിക്കുന്നതിനായി സർക്കാരിന്റെ ഭാഗത്തു നിന്നും അനുകമ്പാപൂർണമായ നടപടികളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. നിലവിലുള്ള പ്രവർത്തനങ്ങൾ ലാഭകരമാക്കുന്നതിനു ലക്ഷ്യമിട്ടുള്ള യന്ത്രങ്ങൾ വാങ്ങുന്നതിനും നവീകരണവും അനുബന്ധ സാധ്യതകളും പഠിക്കുന്നതിനുമായി വിശദമായ പഠനം തന്നെ സർക്കാർ ഇടപെടലുകളും കമ്പനിയിൽ നടത്തിയിട്ടുണ്ട്. സാമ്പത്തിക ലഭ്യത അനുസരിച്ചു ഈ പഠനം പ്രാബല്യത്തിൽ വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പുതിയ പഠനം അനുസരിച്ച് നിലവിലുള്ള വെള്ള സിമന്റ് ഉത്പാദനത്തിനു പുറമേ ഗ്രേ സിമന്റ് കൂടി ഉത്പാദിപ്പിക്കുന്നതിനുള്ള നടപടികൾ കമ്പനിയിൽ ആരംഭിച്ചിട്ടുണ്ട്.

ഇതിനു പുറമേ പ്രതിവർഷം ഒരു ലക്ഷം വൈദ്യുതി തൂണുകൾ ഉദ്പാദിപ്പിച്ചു കെ.എസ്.ഇ.ബിയ്ക്കു നൽകുന്നതിനുള്ള ഒരു പോൾ കാസ്റ്റിംങ് യൂണിറ്റ് ഈ സ്ഥാപനത്തിൽ തുടങ്ങുന്നതിനുള്ള നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഈ രണ്ടു പദ്ധതികളും പൂർത്തീകരിക്കുന്നതോടു കൂടി ട്രാവൻകൂർ സിമന്റ്‌സ് എന്ന ഈ പൊതുമേഖലാ സ്ഥാപനം അതിന്റെ മുൻകാല പ്രൗഡിയിലേയ്ക്കു മടങ്ങി വൻ ലാഭത്തിലേയ്ക്കു കുതിക്കുമെന്നുള്ളതിനു സംശയമില്ല. കൂടാതെ, പ്രസ്തുത പദ്ധതികൾ പൂർത്തീകരിക്കുമ്പോൾ നേരിട്ടും അല്ലാതെയും ജോലി സാധ്യത ഉണ്ടാകുമെന്നതിലും ഈ പ്രദേശത്തെ സാമ്പത്തിക പുരോഗതിയ്ക്കു കാരണമാകുമെന്നതിലും തർക്കമില്ല.

_പുതിയ മുഖവുമായി_
_ട്രാവൻകൂർ_ _സിമന്റ്‌സ്_

പ്രതിസന്ധിയിൽപ്പെട്ടുഴറുന്ന ട്രാവൻകൂർ സിമന്റ്‌സിനു പുതിയ കൈത്താങ്ങ് നൽകുകയാണ് സംസ്ഥാന സർക്കാർ. ട്രാവൻകൂർ സിമന്റ്‌സ് ലിമിറ്റഡിന്റെ പുനരുദ്ധാരണ, വൈവിദ്ധ്യവൽക്കരണ നടപടികളുടെ ഭാഗമായി ഗ്രേ സിമന്റ് ഉത്പാദന യൂണിറ്റിന്റെയും വൈദ്യുതി കോൺക്രീറ്റ് പോസ്റ്റ് നിർമ്മാണ യൂണിറ്റിന്റെയും ശിലാസ്ഥാപന കർമ്മവും കമ്പനിയിൽ നിന്നും വിരമിച്ച ജീവനക്കാരുടെ ആനൂകൂല്യ കുടിശിക വിതരണവും 26 ന് വൈകിട്ട് മൂന്നിനു നടക്കും. ഗ്രേ സിമന്റ് ഉദ്പാദന യൂണിറ്റും, വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണവും മന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്യും. വൈദ്യുതി കോൺക്രീറ്റ് പോസ്റ്റ് നിർമ്മാണ യൂണിറ്റ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി, ജോസ് കെ.മാണി എം.പി, നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന, നഗരസഭ അംഗം അരുൺ ഷാജി എന്നിവർ ആശംസ അർപ്പിക്കും. വ്യവസായ വകുപ്പ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് സ്വാഗതം ആശംസിക്കും. ട്രാവൻകൂർ സിമന്റ്‌സിന്റെയും മലബാർ സിമന്റ്‌സിന്റെയും ഡയറക്ടർ എസ്.ഗണേഷ്‌കുമാർ പദ്ധതി അവതരണം നടത്തും. ട്രാവൻകൂർ സിമന്റ്‌സ് ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിംങ് ഡയറക്ടർ എസ്.സന്തോഷ് കൃതജ്ഞത അർപ്പിക്കും.