ജില്ലാ പഞ്ചായത്ത്: ഒരു കോടി രൂപയ്ക്ക് ലാപ് ടോപ്പ് വാങ്ങി നൽകും

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലാ പഞ്ചായത്തിന്റെ കീഴിലുളള ഗവൺമെന്റ്, എയ്ഡഡ് ഹൈസ്കൂൾ, ഹയർസെക്കണ്ടറി സ്കൂളുകളിലെ എസ്.എസ്.എൽ.സി, +2 വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്ത് ലാപ്പ് ടോപ്പ് നൽകുന്നു.

ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്കായിരിക്കും അർഹത. എസ്.സി, എസ്.റ്റി, ഒ.ഇ.സി, ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട കുട്ടികൾക്ക് മുൻഗണന ഉണ്ടാകും. ജനറൽ വിഭാഗത്തെയും പരിഗണിക്കും.

ജില്ലാപഞ്ചായത്തിന്റെ 22 ഡിവിഷനുകളിൽ 20 ലാപ്പ് ടോപ്പ് വീതം നൽകി ആകെ 440 ലാപ് ടോപ്പുകളാണ് വിതരണം ചെയ്യുക. ഒരു കോടി രൂപയാണ് ഈ പദ്ധതിയ്ക്കായി അനുവദിച്ചിട്ടുള്ളത്. ഓൺലൈൻ വിദ്യാഭ്യാസത്തിന് സ്വന്തമായി സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ ജീവൻവെടിഞ്ഞ ദേവിക എന്ന വിദ്യാർത്ഥിനിയുടെ സ്മരണയ്ക്കായി ഈ പദ്ധതിയ്ക്ക് ദേവിക സാന്ത്വനം എന്നാണ് പേരിട്ടിരിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

ലാപ് ടോപ്പിനുള്ള അപേഷ 20-ാം തിയതിയ്ക്കകം അതാത് സ്കൂൾ അധികൃതർക്ക് നൽകേണ്ടതാണ്. ഈ പദ്ധതിയുടെ ഗുണഭോക്താക്കളെ സ്കൂൾ അധികൃതർ വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ തിരഞ്ഞെടുക്കുക. ജില്ലാ പഞ്ചായത്ത് മെമ്പർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, പ്രിൻസിപ്പൽമാരുടെ പ്രതിനിധി, ഹെഡ്മാസ്റ്ററുടെ പ്രതിനിധി എന്നിവരടങ്ങിയ സമിതി മേൽനോട്ടം വഹിക്കും.

പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലിൽ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പെണ്ണമ്മ ജോസഫ്, അംഗങ്ങളായ പി. സുഗതൻ, അഡ്വ.കെ.കെ രഞ്ജിത്ത്, ജയേഷ് മോഹൻ, മഹേഷ് ചന്ദ്രൻ, ബെറ്റി റോയി, കല മങ്ങാട്ട് എന്നിവർ പങ്കെടുത്തു.