
കോവിഡ് കേരളത്തിൽ അപകടകരമായ സ്ഥിതിയിലേയ്ക്ക്: കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി; അഞ്ചു ദിവസത്തിനിടെ മരിച്ചത് അഞ്ചു പേർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും രോഗബാധിതരായ മലയാളികൾ എത്തുകയും, രോഗബാധിതരുടെ സംഖ്യ ഇരട്ടിയാകുകയും ചെയ്ത സാഹചര്യത്തിൽ കേരളത്തിലും കൊറോണ മരണം വർദ്ധിക്കുന്നു. വെള്ളിയാഴ്ച മാത്രം രണ്ടു പേരാണ് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളേജിൽ തിരുവല്ല സ്വദേശി മരിച്ചപ്പോൾ വൈകിട്ട് ചെങ്ങന്നൂർ സ്വദേശി ആലപ്പുഴ മെഡിക്കൽ കോളേജിൽ വച്ചാണ് മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ് ജോയി (39) ആണ് മരിച്ചത്. അബൂദബിയിൽ നിന്നുമെത്തിയ ജോസ് ജോയി കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടര മണിയോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.
ഗുരുതരമായ കരൾ രോഗം ബാധിച്ചിരുന്ന ഇദ്ദേഹത്തിന്റെ സ്രവം കൊവിഡ് പരിശോധനക്ക് അയച്ചതായും ഫലം കാത്തിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. അതിനിടെ, സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. തിരുവല്ല ഇടിഞ്ഞില്ലം പ്രക്കാട്ട് ജോഷി മാത്യു (69) ആണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ഇതോടെ സംസ്ഥാനത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. ഷാർജയിൽ ജോലി ചെയ്തിരുന്ന ജോഷി മെയ് 11ന് ദുബൈ-കൊച്ചി വിമാനത്തിലാണ് നാട്ടിലെത്തിയത്. പത്തനംതിട്ടയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുകയായിരുന്ന ഇദ്ദേഹം മെയ് 16ന് സാമ്ബിൾ ശേഖരിക്കുന്നതുവരെ രോഗലക്ഷണങ്ങൾ കാണിച്ചിരുന്നില്ല. പിന്നീട് രോഗം സ്ഥിരീകരിച്ചതോടെ മെയ് 18ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കടുത്ത പ്രമേഹ രോഗിയായ ജോഷിയെ വിദഗ്ധ ചികിത്സയ്ക്കായി മെയ് 25ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 27 മുതൽ വെന്റിലേറ്ററിലായിരുന്നു.
സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതും മരണം വർദ്ധിക്കുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. ഇതിനിടെയാണ് ഇപ്പോൾ കൊറോണക്കാലത്ത് കൂടുതൽ മലയാളികൾ സംസ്ഥാനത്ത് തന്നെ രോഗം ബാധിച്ച് മരിക്കുന്നത്.