കോട്ടയം രാജധാനി ബാർ ഹോട്ടൽ ഉടമയ്ക്കെതിരെ നാലര കോടിയുടെ തട്ടിപ്പ് കേസ്: വെസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്.

Spread the love

കോട്ടയം: പാര്‍ട്ണര്‍ഷിപ് വാഗ്ദാനം ചെയ്ത് വിദേശ വ്യവസായിയെയും ക്വാറി ഉടമയെയും നാലരക്കോടി രൂപ കബളിപ്പിച്ചുവെന്ന പരാതിയില്‍ കോട്ടയം തിരുനക്കരയിലെ രാജധാനി ബാര്‍ ഹോട്ടൽ ഉടമകള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് വെസ്റ്റ് പോലീസ് കേസ് എടുത്തു.
ഏറ്റുമാനൂര്‍ ചിറയില്‍ തോംസണ്‍ വില്ലയില്‍ ജെയ്സനാണ് പരാതിക്കാരന്‍. തിരുനക്കരയിലെ മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന രാജധാനി ബാര്‍ ഹോട്ടലിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്.

video
play-sharp-fill

ഹോട്ടല്‍ നടത്തിപ്പില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ജെയ്സണ്‍ ലൂക്കോസിന്റെയും വിദേശ വ്യവസായി ജോബിന്‍സ് ജോസിന്റെയും കൈയില്‍ നിന്നും പല തവണയായി നാലരക്കോടി രൂപ വാങ്ങുകയും ഒടുക്കം പങ്കാളിത്തം നല്‍കാതെ കബളിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

ബിനിത് രാധാകൃഷ്ണനും ഭാര്യ ആശയുമാണ് ഹോട്ടല്‍ രാജധാനിയുടെ ഉടമകള്‍. കോട്ടയം വെസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തുടരന്വേഷണത്തിനായി കോട്ടയം ഡിസ്ട്രിക്റ്റ് ക്രൈംബ്രാഞ്ചിന് കൈമാറി. ഡിവൈ.എസ്.പി പി.കെ സാബുവിനാണ് അന്വേഷണ ചുമതല. ബിനിത്ത് ലൈസന്‍സി ആണെന്ന് തെറ്റിധരിപ്പിച്ച്‌ ഹോട്ടല്‍ രാജധാനിയില്‍ 2.20 കോടി രൂപയ്ക്ക് ഫോര്‍സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ ഉള്‍പ്പെടെ എല്ലാവിധ ലൈസന്‍സ് നടപടികളും നവീകരണവും പൂര്‍ത്തിയാക്കി, 48 ശതമാനം ഷെയര്‍ വാഗ്ദാനം ചെയ്ത് 2020 ഫെബ്രുവരി ഒമ്പതിന് എഗ്രിമെന്റില്‍ ഏര്‍പ്പെട്ടതിന് ശേഷം 2021 ഒക്ടോബര്‍ വരെ ജെയ്സന്റെയും ഭാര്യയുടേയും സുഹൃത്ത് ജോബിന്റെയും വിവിധ ബാങ്ക് അക്കൌണ്ടുകള്‍ മുഖാന്തിരം പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് 4.12 കോടി രൂപ വാങ്ങിയെടുത്തു. എന്നിട്ട് നാളിതു വരെ പാര്‍ട്ണര്‍ഷിപ്പ് ബിസിനസില്‍ ചേര്‍ക്കാതെയും എഗ്രിമെന്റിന് വിരുദ്ധമായി മറ്റൊരാളുമായി ചേര്‍ന്ന് ഹോട്ടല്‍ നവീകരിച്ച്‌ മറിച്ചു വില്‍പ്പനയ്ക്ക് ശ്രമിച്ച്‌ തട്ടിപ്പ് നടത്തിയെന്നുമാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തേ, കണ്ണൂരിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സിവില്‍ കേസ് നടത്തിപ്പിനായി എറണാകുളത്തെ ഒരു ലീഗല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തെ പവര്‍ ഓഫ് അറ്റോര്‍ണിയായി നിയോഗിച്ചിരുന്നു. കേസ് നടത്തിപ്പിനിടെ പവര്‍ ഓഫ് അറ്റോര്‍ണിയില്‍ നിന്നൊഴിവാക്കിയതു മൂലം സ്ഥാപനത്തിനുണ്ടായ സാമ്പത്തിക ബാദ്ധ്യത ചോദ്യം ചെയ്തതിന്റെ വിരോധത്തില്‍ സ്ഥാപനത്തില്‍ നിന്നും ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും സ്റ്റാമ്പ് പേപ്പറുകളും മോഷ്ടിച്ചതിനും ഗൂണ്ടകളെ വിട്ടു ഭീഷണിപ്പെടുത്തിയതിനും എറണാകുളം സെന്‍ട്രല്‍ പൊലീസും ബിനിത്തിനും ഭാര്യ ആശയ്ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസും പൊലീസ് അന്വേഷണത്തിലാണ്.

25 ലക്ഷം രൂപ ലീഗല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തെ കബളിപ്പിച്ചുവെന്നാണ് കേസ്. കൂടാതെ ഏതാനും വര്‍ഷം മുമ്പ് അനധികൃത നിര്‍മാണം മൂലം സ്ലാബ് തകര്‍ന്നുവീണ് രാജധാനി ബാര്‍ അങ്കണത്തില്‍ ലോട്ടറി കടയിലെ ജീവനക്കാരൻ മരിക്കാന്‍ ഇടയായ സംഭവത്തിലും ബിനിത് രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കി കോട്ടയം വെസ്റ്റ് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

രാജധാനി ഹോട്ടല്‍ ഉടമകള്‍ ആയ ബിനിത് രാധാകൃഷ്ണനും ഭാര്യയും നിരവധി വ്യവസായികളില്‍ നിന്നും ബാറില്‍ പാര്‍ട്ണര്‍ഷിപ്പ് വാഗ്ദാനം ചെയ്ത് മുമ്പും പണം തട്ടിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ ബിനാമിയായി രാജധാനി ബാര്‍ എടുത്തിരിക്കുന്ന ഭരണപക്ഷക്കാരനായ കോട്ടയത്തെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സംരക്ഷണ ഉണ്ടായത് കൊണ്ടാണ് പല പരാതികളും കേസുകളായി രജിസ്റ്റര്‍ ചെയ്യാതെ പോയത്.

വിവരാവകാശ പ്രകാരം കോട്ടയം നഗരസഭ നല്‍കിയ മറുപടിയില്‍ ഹോട്ടല്‍ രാജധാനിയുടെ നവീകരണ പ്രവര്‍ത്തനത്തില്‍ അടിമുടി ചട്ട ലംഘനങ്ങള്‍ ഉണ്ടെന്നു വ്യക്തമായിട്ടുണ്ട്. രണ്ടു മാസങ്ങള്‍ക്കു മുന്‍പ് മേല്‍ പറഞ്ഞ രാഷ്ട്രീയ നേതാവ് കോട്ടയം നഗരസഭയുടെ മേല്‍ വന്‍ സമ്മര്‍ദ്ദം ചെലുത്തി ലൈസന്‍സ് പുതുക്കി ഹോട്ടല്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചെങ്കിലും തിരുവനന്തപുരത്തു നിന്നും ചീഫ് ടൗണ്‍ പ്ലാനറുടെ കര്‍ശന ഇടപെടലുണ്ടായതിനാലാണ് കോട്ടയം നഗരസഭ ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നത്.

ഇലക്ഷന് മുന്‍പ് ബിനാമിയെ വച്ചു ബാര്‍ ഹോട്ടല്‍ തുറപ്പിക്കാന്‍ ഉള്ള ശ്രമം പരാജയപ്പെടുകയും നിക്ഷേപിച്ച പണം നഷ്ടപ്പെടുമെന്ന് ഉറപ്പാക്കുകയും ചെയ്തപ്പോഴാണ് നാളിതുവരെ രാജധാനി ബാര്‍ ഉടമകളുടെ സകല തട്ടിപ്പുകള്‍ക്കും സംരക്ഷകനായിരുന്ന കോട്ടയത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് പിന്മാറുകയും നാലര കോടിയുടെ തട്ടിപ്പ് പുറത്തു വരികയും ചെയ്തത്.