Spread the love

കോട്ടയം: കേരള രാഷ്‌ട്രീയം ഇടത്തോട്ട്‌ എത്ര ചാഞ്ഞാലും അടിയുറച്ച്‌ യു.ഡി.എഫിനൊപ്പം എക്കാലവും നിലകൊണ്ട ജില്ലയായിരുന്നു കോട്ടയം.
രാഷ്‌ട്രീയ മത്സരം നടക്കുന്ന ജില്ലാ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ ഒട്ടുമിക്ക ജില്ലകളും ഇടതുമുന്നണി പിടിച്ചടക്കിയ അവസരങ്ങളിലും കോട്ടയം യു.ഡി.എഫിന്റെ ശക്‌തി കേന്ദ്രമായിരുന്നു.

video
play-sharp-fill

എന്നാല്‍ കഴിഞ്ഞ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പോടെ കോട്ടയത്തിന്റെ രാഷ്‌ട്രീയ ചിത്രം മാറി. യു.ഡി.എഫിനൊപ്പമുണ്ടായിരുന്ന കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗം ഇടതുമുന്നണിയുടെ ഭാഗമായി മാറിയതോടെ എല്‍.ഡി.എഫ്‌ അത്യുജ്വല നേട്ടമാണ്‌ ജില്ലയില്‍ കൊയ്‌തത്‌. ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 22 ഡിവിഷനില്‍ 14 എണ്ണത്തിലും എല്‍.ഡി.എഫ്‌ വിജയിച്ചു. ബ്ലോക്ക്‌ പഞ്ചായത്തില്‍ 101 സീറ്റുകള്‍ എല്‍.ഡി.എഫ്‌ വിജയിച്ചപ്പോള്‍ യു.ഡി.എഫിന്‌ കിട്ടിയത്‌ 47 എണ്ണം. ഗ്രാമപഞ്ചായത്തില്‍ 585 സീറ്റാണ്‌ എല്‍.ഡി.എഫിന്‌ കിട്ടിയത്‌.
യു.ഡി.എഫിന്‌ 400.

നഗരസഭകളില്‍ മാത്രമാണ്‌ യു.ഡി.എഫിന്‌ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്‌. യു.ഡി.എഫിന്‌ 79 സീറ്റും എല്‍.ഡി.എഫിന്‌ 85 സീറ്റും കിട്ടി. പള്ളിക്കത്തോട്‌, മുത്തോലി ഗ്രാമപഞ്ചായത്തുകളുടെ ഭരണം പിടിച്ച്‌ എന്‍.ഡി.എയും നില മെച്ചപ്പെടുത്തി. ജനപക്ഷം നേതാവിയിരുന്ന ഷോണ്‍ ജോര്‍ജ്‌ ബി.ജെ.പി.യുടെ ഭാഗമായതോടെ ജില്ലാ പഞ്ചായത്തിലും ചരിത്രത്തിലാദ്യമായി ഒരു സീറ്റ്‌ ബി.ജെ.പി.ക്ക്‌ ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്തുകളില്‍ 100 സീറ്റാണ്‌ എന്‍.ഡി.എയ്‌ക്ക് കിട്ടിയത്‌.
മാണി ഗ്രൂപ്പില്‍ നിന്നും ലഭിച്ച സഹായത്തിന്‌ സി.പി.എം. ഇത്തവണ കൈയയച്ചാണ്‌ സഹായിച്ചത്‌. 1000 സീറ്റ്‌ ചോദിച്ച മാണി ഗ്രൂപ്പിന്‌ സി.പി.എം.നല്‍കിയത്‌ 1023 സീറ്റാണ്‌. എല്‍.ഡി.എഫിലെ രണ്ടാമന്‍ സി.പി.ഐയോ മാണി ഗ്രൂപ്പോ എന്ന ചര്‍ച്ച നടക്കുന്നതിനിടെയാണ്‌ കേരള കോണ്‍ഗ്രസി(എം)നെ പ്രോത്സാഹിപ്പിച്ച്‌ സി.പി.എം. രംഗത്ത്‌ വന്നത്‌. മാണി ഗ്രൂപ്പിന്‌ അധികമായി സീറ്റുകള്‍ കൊടുത്തതോടെ പല സീറ്റുകളും നഷ്‌ടമായത്‌ സി.പി.ഐക്കാണ്‌. ഇതിന്റെ പ്രതിഫലനം അറിയാന്‍ തെരഞ്ഞെടുപ്പ്‌ ഫലം വരെ കാത്തിരിക്കേണ്ടി വരും.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സാഹചര്യമല്ല ഇത്തവണയുള്ളതെന്നാണ്‌ യു.ഡി.എഫിന്റെ വിലയിരുത്തല്‍. മാണി ഗ്രൂപ്പില്‍ നേതൃത്വം മാത്രമാണ്‌ എല്‍.ഡി.എഫിനൊപ്പമുള്ളതെന്നും പ്രവര്‍ത്തകര്‍ തങ്ങള്‍ക്കൊപ്പമാണെന്നും യു.ഡി.എഫ്‌. നേതൃത്വം പറയുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫലവും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ ഫലവും ഇതിന്റെ ഉദാഹരണമായി യു.ഡി.എഫ്‌ ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫില്‍ കോണ്‍ഗ്രസ്‌ തന്നെയാണ്‌ ബഹുഭൂരിപക്ഷം സീറ്റിലും മത്സരിക്കുന്നത്‌.

ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസ്‌ ഇത്തവണ 16 സീറ്റില്‍ മത്സരിക്കുമ്ബോള്‍ ജോസഫ്‌ വിഭാഗം ഏഴ്‌ സീറ്റില്‍ മത്സരിക്കുന്നു. കഴിഞ്ഞ തവണ ജോസഫ്‌ വിഭാഗം എട്ടു സീറ്റില്‍ മത്സരിച്ചിരുന്നു. ഇത്തവണ മുസ്ലിം ലീഗിന്‌ വൈക്കം ഡിവിഷന്‍ കൊടുത്തെങ്കിലും മത്സരിക്കാന്‍ ആളില്ലാത്തതിനാല്‍ കോണ്‍ഗ്രസ്‌ ഏറ്റെടുക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെ നേട്ടം എല്‍.ഡി.എഫിന്‌ ആവര്‍ത്തിക്കാനായാല്‍ എല്‍.ഡി.എഫില്‍ മാണി ഗ്രൂപ്പ്‌ വീണ്ടും ശക്‌തമാകും. മറിച്ചാണെങ്കില്‍ സി.പി.ഐ. അടക്കമുള്ള മറ്റ്‌ പാര്‍ട്ടികള്‍ കേരള കോണ്‍ഗ്രസിനെതിരേ രംഗത്ത്‌ വരും.

യു.ഡി.എഫിലും ഇതു തന്നെയാകും സ്‌ഥിതി. കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗത്തിന്‌ കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തില്‍ രണ്ടു സീറ്റുകളിലാണ്‌ വിജയിക്കാനായത്‌. ഇത്തവണ കൂടുതല്‍ സീറ്റില്‍ വിജയിക്കാനായില്ലെങ്കില്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസഫ്‌ ഗ്രൂപ്പിന്റെ വിലപേശല്‍ ശേഷി കുറയും.
കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനമുറപ്പിക്കാന്‍ കഴിഞ്ഞുവെന്നാണ്‌ ബി.ജെ.പി. നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇത്‌ വോട്ടായി മാറിയാല്‍ എന്‍.ഡി.എയും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധ്യതയുണ്ട്‌.