Spread the love

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ വൻ മുന്നേറ്റം നടത്തിയ യുഡിഎഫിന് അധ്യക്ഷന്മാരെ നിശ്ചയിക്കുന്നത് കടുത്ത വെല്ലുവിളിയാകുന്നു.
ജില്ലാ പഞ്ചായത്ത്, കോട്ടയം, ഏറ്റുമാനൂർ നഗരസഭകള്‍ എന്നിവിടങ്ങളില്‍ ഒന്നിലധികം അവകാശികള്‍ രംഗത്തെത്തിയതാണ് പ്രതിസന്ധിക്ക് കാരണം.
കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം ജനറല്‍ ആണ്.

video
play-sharp-fill

ഇവിടെ രണ്ട് പേരുകളാണ് പ്രധാനമായും ഉയർന്നു കേള്‍ക്കുന്നത്. ജോഷി ഫിലിപ്പിനായി ഒരു വിഭാഗം ശക്തമായ സമ്മർദ്ദം ചെലുത്തുന്നു. സിപിഎം കോട്ടയായ കുമരകത്ത് അട്ടിമറി വിജയം നേടിയ പി കെ വൈശാഖിനെ യുവ മുഖമെന്ന നിലയില്‍ പ്രസിഡന്റ് ആക്കണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ആവശ്യം.
വൈസ് പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായതിനാല്‍ കേരള കോണ്‍ഗ്രസിന് അത് നല്‍കാൻ കഴിയില്ല. പകരം ഒരു ടേം പ്രസിഡന്റ് സ്ഥാനം വേണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് മുന്നോട്ട് വെച്ചിട്ടുണ്ട്.

കോട്ടയം നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസിനുള്ളില്‍ തർക്കം രൂക്ഷമാണ്. തുടർച്ചയായ ആറാം തവണയും വിജയിച്ച എം.പി. സന്തോഷ് കുമാർ, യുവനേതാവ് ടോം കോര, മുതിർന്ന നേതാവ് ടി.സി. റോയി എന്നിവർക്കായി വിവിധ ഗ്രൂപ്പുകള്‍ വാദിക്കുന്നു. കെപിസിസി സർക്കുലർ പ്രകാരം സമവായത്തിലൂടെ അധ്യക്ഷനെ കണ്ടെത്താനാണ് കോണ്‍ഗ്രസ് നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പഞ്ചായത്തിന് പുറമെ ഏറ്റുമാനൂർ നഗരസഭ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലും അതിരമ്പുഴ, നെടുങ്കുന്നം, കാണക്കാരി, തൃക്കൊടിത്താനം, കടനാട് പഞ്ചായത്തുകളിലും ആദ്യ ടേം അധ്യക്ഷ സ്ഥാനം വേണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആവശ്യം. ഇത് സംബന്ധിച്ച ഉഭയകക്ഷി ചർച്ചകള്‍ വരും ദിവസങ്ങളില്‍ നടക്കും.