
കോട്ടയം: ജില്ലാ ജനറല് ആശുപത്രിയില് പഴയതിലും സംവിധാനങ്ങൾ മെച്ചപ്പെട്ടപ്പോൾ ആവശ്യത്തിന് ഡോക്ടർമാരില്ല.ഇന്നലെ ചില ഡോക്ടര്മാര് അവധിയില് പ്രവേശിച്ചതോടെ വിവിധ ഡിപ്പാര്ട്ടുമെന്റുകളുടെ പ്രവര്ത്തനം താളംതെറ്റി.
ഇന്നലെ നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയകളും പോസ്റ്റ്മോര്ട്ടവും മാറ്റിവച്ചു.
ഒഴിവുകള് നികത്താത്തതിനാല് പല ഡിപ്പാര്ട്ടുമെന്റുകളിലും ഡോക്ടര്മാരുടെ സേവനം ലഭിക്കുന്നില്ല. ദിവസവും മൂവായിരത്തില്പ്പരം രോഗികളെത്തുന്ന കോട്ടയം ജില്ലാ ആശുപത്രിയിലെ ഡോക്ടര്മാരുടെ ഒഴിവുകള് നികത്തണമെന്ന ആവശ്യത്തിനു നാളുകളുടെ പഴക്കമുണ്ട്.
അസ്ഥിരോഗ വിഭാഗം, ശ്വാസകോശരോഗ വിഭാഗം, മാനസികാരോഗ്യ വിഭാഗം, ത്വക്രോഗ വിഭാഗം, ന്യൂറോളജി തുടങ്ങിയവയില് ഡോക്ടര്മാരില്ലാത്തതിനാല് ഒപി ഇന്നലെ പ്രവര്ത്തിച്ചില്ല.
ഡോക്ടര്മാരുടെ സേവനം ലഭ്യമല്ലാത്തതിനാല് ഒപി പ്രവര്ത്തിക്കുന്നില്ലെന്ന് കാണിച്ച് ആശുപത്രിക്കു മുന്നില് അധികൃതര് ബോര്ഡും സ്ഥാപിച്ചിരുന്നു. ഡോക്ടര്മാരുടെ ഒഴിവുകള് നികത്താത്തതാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. സുഷമ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അസ്ഥിരോഗ വിഭാഗം, ത്വക്രോഗ വിഭാഗം എന്നിവയ്ക്ക് തിങ്കളാഴ്ച ശസ്ത്രക്രിയാ ദിവസമാണ്. അതാണ് ഇന്നലെ ഒപി പ്രവര്ത്തിക്കാത്തതെന്ന് അധികൃതര് പറഞ്ഞു. ശസ്ത്രക്രിയാ വിഭാഗം, ഫോറന്സിക് മെഡിസിന്, സൈക്യാട്രി വിഭാഗത്തിലെ ഡോക്ടര്മാര് അവധിയിലാണ്.ശസ്ത്രക്രിയാ വിഭാഗത്തിലെ ഡോക്ടർ അവധിയായിരുന്നതിനാലാണ് വിവിധ ശസ്ത്രക്രിയകള്‍ മുടങ്ങിയത്.
ന്യൂറോളജി ഡോക്ടര് രാത്രി ഡ്യൂട്ടിയിലായതിനാല് ഇന്നലെ പകല് എത്തിയില്ല. മെഡിസിന്, സര്ജറി വിഭാഗങ്ങളില് മൂന്നു വീതം തസ്തികയുണ്ടെങ്കിലും ഓരോ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.
ഫോറന്സിക് മെഡിസിനിലെ ഡോക്ടർ ഞായറാഴ്ച പോസ്റ്റ്മോര്ട്ടം ഉണ്ടായിരുന്നതിനാല് ഇന്നലെ അവധിയെടുത്തു. ഒരു ഡോക്ടര് മാത്രമാണ് ഫോറന്സിക് മെഡിസിനിലുള്ളത്. സൈക്യാട്രി വിഭാഗത്തിലെ ഡോക്ടര്ക്ക് ജില്ലയുടെ അധികച്ചുമതലകൂടിയുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയില് 29 വ്യത്യസ്ത ഡിപ്പാര്ട്ട്മെന്റുകളാണുള്ളത്. ദിവസവും 50 പേര്ക്കു മാത്രമേ ഒപി ടിക്കറ്റ് നല്കുന്നുള്ളൂവെന്നും ആരോപണമുണ്ട്



