മൂലവട്ടത്ത് റോഡരികിൽ നിന്ന മരം കടപുഴകി വീണു: ആറു വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു; റോഡ് ഗതാഗതം തടസപ്പെട്ടു; വൈദ്യുതി മുടങ്ങി; വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും മൂലവട്ടം ദിവാൻകവലയിൽ നിന്ന വാകമരം കടപുഴകി വീണു. മണിപ്പുഴ – കൊല്ലാട് റോഡിരികിൽ നിന്ന വാകമരമാണ് ചുവട് ഇളകി റോഡിൽ വീണത്. റോഡിനു നടുവിലേയ്ക്കു വീണ മരം, ആറു പോസ്റ്റുകൾ തകർത്തു. മരം വീണതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായി തടസപ്പെട്ടു. ആറു പോസ്റ്റുകൾ തകർന്നതോടെ മൂലേടം പ്രദേശത്ത് വൈദ്യുതി വിതരണവും പൂർണമായും മുടങ്ങി. വീഡിയോ ഇവിടെ കാണാം  – 

ഞായറാഴ്ച പുലർച്ചെയാണ് ദിവാൻകവലയിൽ നിന്ന വാകമരം ചുവട് ഇളകി വീണത്. റോഡിനു കുറുകെ മരം വീണെങ്കിലും, യാത്രക്കാർ ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവാകുകയായിരുന്നു. കെ.എസ്.ഇ.ബിയുടെ വൈദ്യുതി ലൈനിനു മുകളിലൂടെയാണ് മരം റോഡിലേയ്ക്കു പതിച്ചത്. അതുകൊണ്ടു തന്നെ ഈ ലൈനുമായി കണക്ഷനുണ്ടായിരുന്ന മൂന്നു പോസ്റ്റുകൾ പൂർണ്ണമായും നിലംപതിച്ചു. മൂന്നു പോസ്റ്റുകൾ ഭാഗീകമായി തകർന്നിട്ടുണ്ട്.

അഗ്നിരക്ഷാ സേനയും പൊലീസും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനം നടത്തി. കട്ടർ ഉപയോഗിച്ച് മരം വെട്ടിമാറ്റുകയാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ. പത്തു മണിയോടെ ഗതാഗതം പുനസ്ഥാപിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, പോസ്റ്റുകൾ മാറ്റി സ്ഥാപിച്ച ശേഷം ഞായറാഴ്ച വൈകുന്നേരത്തോടെ മാത്രമേ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ സാധിക്കൂ എന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group