play-sharp-fill
കോട്ടയത്ത് പൊലീസിന്റെ വൻ കഞ്ചാവ് വേട്ട: പത്തു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ; ലഹരി വിരുദ്ധ സേനാംഗങ്ങൾ പ്രതികളെ കുടുക്കിയത് മണർകാട് നാലുമണിക്കാറ്റിൽ നിന്നും

കോട്ടയത്ത് പൊലീസിന്റെ വൻ കഞ്ചാവ് വേട്ട: പത്തു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ; ലഹരി വിരുദ്ധ സേനാംഗങ്ങൾ പ്രതികളെ കുടുക്കിയത് മണർകാട് നാലുമണിക്കാറ്റിൽ നിന്നും

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ പൊലീസിന്റെ വൻ കഞ്ചാവു വേട്ട. സ്‌കൂൾ വിദ്യാർത്ഥികൾക്കു വിൽക്കാൻ എത്തിച്ച പത്തു കിലോ കഞ്ചാവുമായി വയനാട് സ്വദേശികളായ രണ്ടു യുവാക്കളെ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. വയനാട് മാനന്തവാടി കല്യോട്ട്കുന്ന് ഭാഗം മാനന്തവാടി വില്ലേജിൽ ആലയ്ക്കൽ വീട്ടിൽ ഉസ്മാന്റെ മകൻ റഫീക്ക് (37), മേപ്പാടി ഭാഗം പുതുപ്പറമ്പിൽ വീട്ടിൽ റഫീദ് (38) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. ഇവരിൽ നിന്നും പത്ത് കിലോ കഞ്ചാവും പിടിച്ചെടുത്തു.


തമിഴ്‌നാട്ടിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് കോട്ടയം എറണാകുളം തൃശൂർ ജില്ലകളിൽ മൊത്തവിതരണം ചെയ്യുന്നത് പ്രതികൾ രണ്ടു പേരും ചേർന്നാണെന്ന് ജില്ലാ പൊലീസ് മേധാവിയ്ക്കു രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്നു ഡെൻസാഫിന്റെ ചുമതലയുള്ള നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വിനോദ് പിള്ളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ രണ്ടു പേരെയും നിരീക്ഷിക്കുകയായിരുന്നു. ഒരു മാസത്തോളം പ്രതികളുടെ നീക്കങ്ങളെല്ലാം പൊലീസ് നിരീക്ഷിച്ചു. തുടർന്നാണ് പ്രതികളെപ്പറ്റി കൃത്യമായ സൂചന ലഭിച്ചത്. പ്രതികളുടെ മൊബൈൽ ഫോൺ നമ്പരുകളും സൈബർ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥരായ മനോജ്, രാജേഷ്, ജോർജ്, ശ്രാവൺ, സതീഷ് എന്നിവരുടെ നേതൃത്വത്തിൽ നിരീക്ഷണത്തിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് കഴിഞ്ഞ ദിവസം പ്രതികൾ ആന്ധ്രയിലേയ്ക്കു തിരിച്ചതായി പൊലീസ് കണ്ടെത്തിയത്. തുടർന്നു പ്രതികൾ അറിയാതെ പൊലീസുകാർ ഇവരെ പിൻതുടർന്നു. പ്രതികൾ ആന്ധ്രയിൽ നിന്നും ലോക്കൽ കമ്പാർട്ട്‌മെന്റിലാണ് കഞ്ചാവ് കടത്തിയിരുന്നത്. പൊലീസുകാരും യാത്രക്കാരെന്ന വ്യാജേനെ ഇവർക്കൊപ്പം ട്രെയിനിൽ കയറി. കഞ്ചാവ് ഒളിപ്പിച്ച ബാഗുകൾ ട്രെയിനിലെ വിവിധ കമ്പാർട്ട്‌മെന്റിലെ ലഗേജ് കാരിയറിൽ മാറ്റിയിട്ട ശേഷമായിരുന്നു പ്രതികൾ യാത്ര ചെയ്തിരുന്നത്. ബാഗുമായി തങ്ങൾക്കു ബന്ധമില്ലാത്ത രീതിയിൽ മാറിയിരുന്ന ഇവരെ പൊലീസ് രഹസ്യമായി നീരീക്ഷിച്ചു. ബാഗ് പിടിച്ചെടുത്താൽ ഉടമസ്ഥരെയും, ഉടമസ്ഥരെ പിടികൂടിയാൽ ബാഗും കണ്ടെത്താനാവാത്ത രീതിയിലായിരുന്നു പ്രതികളുടെ യാത്ര.

തുടർന്നു, പ്രതികൾ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ വന്നിറങ്ങി. ഇവിടെ നിന്നും വാഹനത്തിൽ മണർകാട് നാലുമണിക്കാറ്റിലേയ്ക്കു യാത്ര ചെയ്തു. ഇവിടെ ഇടപാടുകാരന് കഞ്ചാവ് വിതരണം ചെയ്യാൻ ശ്രമിക്കുന്നതിനിടെ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ, മണർകാട് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ രതീഷ് കുമാർ , എസ്.ഐ രാജൻ , ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, അജയകുമാർ കെ.ആർ, തോംസൺ കെ.മാത്യു, ശ്രീജിത്ത് ബി.നായർ, അരുൺ എസ്, നർക്കോട്ടിക്ക് സെല്ലിലെ സിവിൽ പൊലീസ് ഓഫിസർ ചന്ദ്രഭാനു എന്നിവർ ചേർന്നു പ്രതികളെ പിടികൂടുകയായിരുന്നു.

പ്രതികളിൽ നിന്നും കഞ്ചാവും പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്ഡ് ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ കഞ്ചാവ് മൊത്തവിതരണം ചെയ്യുന്നവരാണ് പ്രതികൾ എന്നാണ് പൊലീസിനു ലഭിച്ച വിവരം. 2020 ലഹരി വിരുദ്ധ വർഷമാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സ്‌ക്വാഡ് രൂപീകരിച്ച് കഞ്ചാവ് അടക്കമുള്ള ലഹരി വേട്ട സജീവമാക്കിയിരിക്കുന്നത്.