play-sharp-fill
കുടിയന്മാരുടെ കാലൊടിക്കാൻ കറുകച്ചാലിലെ ബിവറേജസ് സെൽഫ് കൗണ്ടർ..! അനധികൃതമായി നിർമ്മിച്ച സ്റ്റെയർക്കേസിൽ കണ്ണൊന്നു തെറ്റിയാൽ കാലൊടിയും;  താൽക്കാലിക സ്റ്റെയർകേസിനെതിരെ പരാതിയുമായി നാട്ടുകാർ

കുടിയന്മാരുടെ കാലൊടിക്കാൻ കറുകച്ചാലിലെ ബിവറേജസ് സെൽഫ് കൗണ്ടർ..! അനധികൃതമായി നിർമ്മിച്ച സ്റ്റെയർക്കേസിൽ കണ്ണൊന്നു തെറ്റിയാൽ കാലൊടിയും; താൽക്കാലിക സ്റ്റെയർകേസിനെതിരെ പരാതിയുമായി നാട്ടുകാർ

സ്വന്തം ലേഖകൻ

കോട്ടയം: കുടിയന്മാരുടെ കാലൊടിക്കാൻ ‘താല്കാലിക സ്‌റ്റെയർകേസുമായി’ കറുകച്ചാലിലെ ബിവറേജസ് കോർപ്പറേഷന്റെ സെൽഫ് കൗണ്ടർ. അടുത്ത ദിവസം ഉദ്ഘാടനം ചെയ്യുന്ന ബിവറേജസ് കോർപ്പറേഷന്റെ സെൽഫ് കൗണ്ടറാണ് നാട്ടുകാരുടെ കാലൊടിക്കുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്നത്. നിലവിലുള്ള കെട്ടിടത്തിന് പുറത്ത്, രണ്ടാം നിലയിലേയ്ക്കു പ്രവേശിക്കുന്നതിനായി ഇരുമ്പ് കമ്പിയിലാണ് താല്കാലിക സ്റ്റെയർകേസ് നിർമ്മിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ പ്ലാനിനു വിരുദ്ധമായി, ബലം കുറവുള്ള കമ്പിയിൽ നിർമ്മിച്ചിരിക്കുന്ന സ്റ്റെയർ കേസ് അപകട സാധ്യത വർദ്ധിപ്പിക്കുന്നതാണെന്നു കാട്ടി നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്.


കറുകച്ചാൽ പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് നിലവിൽ ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പന ശാല പ്രവർത്തിക്കുന്നത്. ഈ കെട്ടിടം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇതിന്റെ രണ്ടാം നിലയിലാണ് ഇപ്പോൾ സെൽഫ് കൗണ്ടർ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി കെട്ടിടത്തിന്റെ പുറത്തു നിന്നും  ഉടമ തന്നെ മുൻകൈ എടുത്ത് രണ്ടാം നിലയിലേയ്ക്കു താല്കാലിക സ്റ്റെയർകേസ് നിർമ്മിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആയിരക്കണക്കിന് ആളുകൾ ദിവസവും എത്തിച്ചേരുന്ന ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പന ശാലയിലിലെ സെൽഫ് കൗണ്ടറിലാണ് ബലമില്ലാത്ത സ്റ്റെയർകേസ് സ്ഥാപിച്ചിരിക്കുന്നത്. ഇരുമ്പിൽ തീർത്തിരിക്കുന്ന പടിക്കെട്ടുകൾക്കിടയിൽ ഗ്യാപ്പ് കൂടുതലായുണ്ട്. മുകളിലേയ്ക്കു കയറുമ്പോഴും ഇറങ്ങുമ്പോഴും ആളുകളുടെ കാലുകൾ ഇതിനിടയിൽ കുടുങ്ങാനും അപകടം ഉണ്ടാകാനും സാധ്യത ഏറെയാണ്.

സ്വകാര്യ വ്യക്തികൾ വീടുകളിലും സ്ഥാപനങ്ങളിലും ഇത്തരം സ്റ്റെയർകേസുകൾ സ്ഥാപിക്കുന്നതിനു പ്രശ്‌നമില്ലെന്നാണ് നിയമം. എന്നാൽ, നൂറുകണക്കിന് ആളുകൾ കൂടുന്ന ഇത്തരം സ്ഥലങ്ങളിൽ ഇത്തരത്തിൽ അപകടകരമായ രീതിയിൽ സ്റ്റെയർ കേസ് നിർമ്മിക്കുന്നത് സാധാരണക്കാരുടെ ജീവൻ തന്നെ അപകടത്തിലാക്കാൻ പര്യാപ്തമാണ്. ഈ സാഹചര്യത്തിലാണ് നാട്ടുകാർ അനധികൃത സ്റ്റെയർ കേസ് നിർമ്മാണത്തിനെതിരെ പരാതി നൽകിയിരിക്കുന്നത്.

ഇത് കൂടാതെയാണ് ഏറെ തിരക്കുള്ള കറുകച്ചാൽ സെൻട്രൽ ജംഗ്ഷനിൽ തന്നെ ബിവറേജസ് കൗണ്ടർ പ്രവർത്തിക്കുന്നത്. നിലവിൽ സാധാരണ ചില്ലറ വിൽപ്പന ശാല പ്രവർത്തിക്കുമ്പോൾ തന്നെ അസാധാരണമായ തിരക്കാണ് ഇവിടെ റോഡിൽ ഉണ്ടാകുന്നത്. ബിവറേജിലേയ്ക്ക് എത്തുന്നവർ അലക്ഷ്യമായി റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും ഇടയാകുന്നതായുള്ള പരാതി നേരത്തെ തന്നെ ഉണ്ട്. ഇനി സെൽഫ് സർവീസ് കൗണ്ടർ കൂടി പ്രവർത്തനം ആരംഭിച്ചാൽ തിരക്ക് ക്രമാതീതമായി വർദ്ധിക്കും.

സെൻട്രൽ ജംഗ്ഷനിലെ കുരുക്കിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ഈ ബിവറേജിലേയ്ക്കുള്ള വാഹനങ്ങളുടെ തിരക്കും കുരുക്കുമാണ്. ഇത് കൂടാതെ പഞ്ചായത്ത് ഓഫിസ്, കെ.എസ്.ഇ.ബി ഓഫിസ്, കറുകച്ചാൽ സ്ബ് ട്രഷറി എന്നിവിടങ്ങളിലേയ്ക്കുള്ള വഴിയാണ് ഇത്. ഈ വഴിയിലൂടെ ദിവസവും നൂറുകണക്കിന് യാത്രക്കാരാണ് കടന്നു പോകുന്നത്. ഇവർക്കെല്ലാം അപകട ഭീഷണി ഉയർത്തുന്നതാണ് ഈ ബിവറേജിലെ ക്യൂവും റോഡരികിലെ പാർക്കിംങും. ഇത് കൂടാതെ ഈ കെട്ടിടത്തിനു സമീപത്തു കൂടിയാണ് 11 കെവി ലൈൻ കടന്നു പോകുന്നത്. ഇതും ബിവറേജിൽ എത്തുന്നവർക്ക് ഭീഷണി ഉയർത്തുന്നുണ്ട.

നാട്ടുകാരുടെ പരാതി സ്വീകരിച്ച് കറുകച്ചാൽ പഞ്ചായത്ത് വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതി ലഭിച്ചതായി പറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും നിർമ്മാണം അനധികൃതമാണെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്നും പരാതിക്കാർക്ക് ഉറപ്പ്് നൽകിയിട്ടുണ്ട്. സാധാരണക്കാരുടെ ജീവൻ വച്ച് അനധികൃതമായി പണമുണ്ടാക്കാൻ മാത്രം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന കെട്ടിടം ഉടമയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമാകുന്നത്.