
സര്‍ക്കാരിനും ജനങ്ങൾക്കുമിടയിലെ കണ്ണാടിയായ പൊലീസിലെ മധ്യനിരയുടെ നട്ടെല്ല് ഒടിയുന്നു; പല പൊലീസ് സ്റ്റേഷനുകളിലുമുള്ളത് ആവശ്യമുള്ളതിന്റെ പകുതി പൊലീസുകാർ മാത്രം; ക്രമസമാധാനം മുതൽ റോഡിലെ കുഴിയുടെ എണ്ണമെടുക്കൽ വരെ പൊലീസിന്റെ പണി; ജോലിഭാരം താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്ന പൊലീസുകാരുടെ എണ്ണം പെരുകുന്നു; മഴയത്തും വെയിലത്തും വരിനിന്ന് പണിയെടുക്കുന്നവരെ ആര് സംരക്ഷിക്കും..?
എ.കെ ശ്രീകുമാർ
കോട്ടയം : സര്‍ക്കാരിനും ജനങ്ങൾക്കുമിടയിലെ കണ്ണാടിയായ പൊലീസിലെ മധ്യനിരക്കാരുടെ നട്ടെല്ല് ഒടിയുകയാണ് . പല പൊലീസ് സ്റ്റേഷനുകളിലും ആവശ്യമുള്ളതിന്റെ പകുതി പൊലീസുകാർ പോലുമില്ല. ക്രമസമാധാനത്തിനും , കേസന്വേഷണത്തിനും , പുറകേ റോഡിലെ കുഴിയുടെ എണ്ണമെടുക്കലും , കത്താത്ത വഴി വിളക്കിന്റെ എണ്ണമെടുക്കലും കൂടി ആയതോടെ മധ്യനിരക്കാർ മാനസികമായി തകർന്നു .
പൊലീസ് സംവിധാനത്തിന്റെ നട്ടെല്ലാണ് സിവിൽ പൊലീസ് മുതൽ ഡിവൈഎസ്പിമാർ വരെയുള്ളവർ . പൊലീസ് സംവിധാനത്തേയാകെ പിടിച്ച് നിർത്തുന്നത് ഇവരാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രമസമാധാനം, കേസന്വേഷണം
കോടതി ഡ്യൂട്ടി, പ്രതിക്കും വിഐപിക്കും എസ്കോര്‍ട്ട്, സമന്‍സ് വാറന്റ് എന്നിവ നൽകൽ, പൈലറ്റ്, ഓഫീസ് ഡ്യൂട്ടി തുടങ്ങിയ ദൈനം ദിന ജോലികള്‍ക്ക് പോലും പോലീസുകാരെ തികയുന്നില്ല. ഇങ്ങനെയുള്ളപ്പോഴാണ് നാട്ടിലെ റോഡിലുള്ള കുഴിയുടെ എണ്ണമെടുക്കലും പൊലീസിന്റെ തലയിലായത് .
സംസ്ഥാനത്തെ ഏഴു ജില്ലകളിലായി കെഎപി, എസ്എപി ബറ്റാലിയനുകളിലായി 1536 സേനാംഗങ്ങളുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പിഎസ്സിയുടെ 13,972 പേരുടെ റാങ്ക് ലിസ്റ്റുകളും റെഡിയാണ്. ഈ ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവരില്‍നിന്ന് ഉദ്യോഗാര്‍ഥികളെ എടുത്ത് പരിശീലനം നല്കി നിയമിക്കാവുന്നതേയുള്ളൂ. പക്ഷേ അതിനുള്ള പ്രാരംഭ നടപടിപോലും ഇതുവരെ ആയിട്ടില്ല.
ചങ്ങനാശേരി പോലീസ് സ്റ്റേഷന് ജില്ലയില്‍ ഏറ്റവുംകൂടുതല്‍ കേസുകളുള്ള സ്റ്റേഷനാണ്. ഈ സ്റ്റേഷനില്‍ 75 പോലീസുകാരുടെ തസ്തികയാണുള്ളത്. നിലവില്‍ 60 പേരാണുള്ളത്. എട്ട് മണിക്കൂർ ഡ്യൂട്ടി എന്ന് മേലാളന്മാർ പറയുമെങ്കിലും പന്ത്രണ്ട് മണിക്കൂർ ചെയ്താലും തീരാത്ത ജോലിയാണ് പൊലീസുകാർക്ക് .
ജില്ലയിൽ ഏറ്റവുമധികം അന്യ സംസ്ഥാന തൊഴിലാളികളുള്ള പായിപ്പാട് ഗ്രാമം സ്ഥിതി ചെയ്യുന്നത് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ്. ഇവിടെയാകട്ടെ അൻപത് പൊലീസുകാരേ വേണ്ടിടത്ത് മുപ്പതുപേര്‍ മാത്രമാണ് ഈ സ്റ്റേഷനിലുള്ളത്.
കോട്ടയം ജില്ലയില്‍ വിസ്തീര്‍ണത്തില്‍ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന മുണ്ടക്കയം സ്റ്റേഷനിലും ഇതു തന്നെയാണ് അവസ്ഥ. കുഴിമാവ് ആനക്കല്ല് മുതൽ വാഗമൺ വരെ നീണ്ടുകിടക്കുന്നതാണ് മുണ്ടക്കയം സ്റ്റേഷൻ . ഏതാണ്ട് എഴുപത് കിലോമീറ്ററിലധികം ദൂരം. കഞ്ചാവിന്റെയും ബ്ലേഡ് മാഫിയയുടേയും, പൊലീസിലെ തന്നെ പിടിച്ച് പറിക്കാരുടേയും കേന്ദ്രമായിരുന്ന മുണ്ടക്കയത്ത് പുതിയ സി.ഐ ചുമതലയേറ്റതോടെയാണ് മാറ്റം വന്നത്. എന്നാൽ ഇവിടെയും പൊലീസുകാരുടെ എണ്ണത്തിലെ കുറവ് സ്റ്റേഷന്റെ ദൈനം ദിന പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.
മെഡിക്കല്‍ കോളജ് ആശുപത്രി, എംജി യൂണിവേഴ്സിറ്റി, തുടങ്ങിയവ ഉൾപ്പെടുന്ന ഗാന്ധിനഗറിലും, ഏറ്റവുമധികം ക്രിമിനലുകളുളള ഏറ്റുമാനൂരിലും , ചിങ്ങവനത്തും , പാലായിലും, ഈരാറ്റുപേട്ടയിലുമെല്ലാം ഇതു തന്നെയാണ് അവസ്ഥ. ആവശ്യത്തിന് പൊലിസുകാർ പൊലീസുകാർ കുറവാണ്.