
കോട്ടയം നഗരം ചീഞ്ഞ്നാറിയത് നഗരസഭയ്ക്ക് പതിനാല് ലക്ഷം രൂപ ഇല്ലാത്തതിനാൽ; മാർച്ച് ഇരുപത്തിമൂന്നിനകം കോട്ടയം നഗരത്തിൽ കൂട്ടിവെച്ചിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ നഗരസഭയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി
സ്വന്തം ലേഖകൻ
കോട്ടയം: നഗരം ചീഞ്ഞ്നാറിയത് നഗരസഭയ്ക്ക് പതിനാല് ലക്ഷം രൂപ ഇല്ലാത്തതിനാൽ. കോട്ടയം നഗരസഭാ പരിധിയിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നത് ഗ്രീൻ കേരള കമ്പനിയായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ മാലിന്യങ്ങൾ നീക്കം ചെയ്തയിനത്തിൽ ഗ്രീൻകേരള കമ്പനിക്ക് നഗരസഭാ നല്കാനുള്ളത് പതിനാല് ലക്ഷം രൂപയാണ്. ഈ പണം നല്കാത്തതിനാലാണ് കഴിഞ്ഞ ആറ്മാസമായി ഗ്രീൻ കേരളാ കമ്പനി നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാഞ്ഞത്. ഇതേത്തുടർന്നാണ് മാലിന്യങ്ങൾ ചാക്കിൽകെട്ടി വിവിധ സ്ഥലങ്ങളിൽ നഗരസഭ കൂട്ടിവെച്ചിരിക്കുന്നത്.
ഇങ്ങനെ കൂട്ടിവെച്ചിരുന്ന മാലിന്യങ്ങൾ ചീഞ്ഞഴുകി കുടിവെള്ളസ്രോതസുകളിലിലേക്ക് ഒലിച്ചിറങ്ങുകയും ദുർഗന്ധം മൂലം പൊതുജനങ്ങൾക്ക് വഴിനടക്കാനാകാത്ത അവസ്ഥയും ഉണ്ടായത്. കൂട്ടിവച്ചിരിക്കുന്ന മാലിന്യങ്ങൾക്ക് പല തവണ തീപിടുത്തവും ഉണ്ടായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിന് സമീപം , ശ്രീനിവാസ അയ്യർ റോഡ്, പാരഗണിന് സമീപം, തിരുനക്കര ബി എസ് എൻ എല്ലിന് പുറകിൽ, കാരാപ്പുഴ തെക്കും ഗോപുരം, ബാലഭവനു സമീപം, ചിറയിൽ പാടം, ഉപയോഗശൂന്യമായ കഞ്ഞിക്കുഴി ബസ് സ്റ്റാൻഡ്, കോടിമത, പുത്തനങ്ങാടി റോഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നഗരസഭ മാലിന്യം ചാക്കിൽ പൊതിഞ്ഞ് കെട്ടി കൂട്ടിയിട്ടിരിക്കുകയാണ്.
2013 ൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള വടവാതൂർ ഡമ്പിങ് യാർഡ് അടച്ചതിന് ശേഷം ഇന്ന് വരെ നഗരസഭ മാലിന്യം സംസ്കരിക്കുന്നില്ല. .കൂട്ടി വെച്ചിരിക്കുന്ന മാലിന്യം കോടിമതയിലും മണിപ്പുഴയിലുമുള്ള തരിശ് നിലങ്ങളിൽ ഇടുകയും, മാലിന്യത്തിന് മുകളിൽ മണ്ണിട്ട് മൂടുകയുമാണ് നഗരസഭ ചെയ്യുന്നത്.
നഗരത്തിൽ മാലിന്യം കുട്ടി വെയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും, ഇവ ശാസ്ത്രീയമായി സംസ്കരിക്കണമെന്നും പൊതുജനങ്ങൾക്ക് ദുർഗന്ധം ശ്വസിക്കാതെ വഴിനടക്കാനുള്ള സാഹചര്യം ഒരുക്കാൻ നഗരസഭയ്ക്ക് നിർദ്ദേശം നല്കണമെന്നും ആവശ്യപ്പെട്ടാണ് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ.കെ ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചത്.
മാർച്ച് രണ്ടിന് കേസ് പരിഗണിച്ച ഹൈക്കോടതി മൂന്നാഴ്ചയ്ക്കകം മാലിന്യം നീക്കം ചെയ്യാനും ഹർജിക്കാരനെ കേൾക്കാനും ഉത്തരവിട്ടു. മാർച്ച് രണ്ട് മുതൽ മൂന്നാഴ്ച തികയുന്ന മാർച്ച് 23 നകം മാലിന്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ നഗരസഭാ അധികൃതർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ശ്രീകുമാർ പറഞ്ഞു.