
കോട്ടയം : പുതിയ മന്ത്രിസഭയിൽ കോട്ടയത്ത് നിന്ന് ആരൊക്കെ മന്ത്രിമാരാകുമെന്ന ചർച്ചയും മുറുകി.
മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, മോൻസ് ജോസഫ്, പാലായിൽ ഹാട്രിക്ക് ജയം നേടിയ മാണി സി.കാപ്പനുമാണ് പരിഗണനയിൽ.
രമേശ് ചെന്നിത്തല മന്ത്രിസഭയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിൽ പ്രധാന വകുപ്പുകളിലൊന്ന് തിരുവഞ്ചൂരിന് ലഭിച്ചേക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയിൽ ആഭ്യന്തരം അടക്കം അഞ്ചു വകുപ്പുകൾ പരാതിക്കിടവരാത്ത വിധം മികച്ച നിലയിൽ തിരുവഞ്ചൂർ കൈകാര്യം ചെയ്തിരുന്നു.
ജില്ല, സമുദായ പ്രാതിനിധ്യം കണക്കിലെടുത്ത് മന്ത്രിസ്ഥാനത്തിന് പകരം സ്പീക്കറെന്ന അഭിപ്രായം ഉയർന്നെങ്കിലും തിരുവഞ്ചൂർ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല.
ഉമ്മൻചാണ്ടിയുടെ മകനെന്നപരിവേഷത്തിനൊപ്പം പുതുപ്പള്ളിയിൽ അരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചതും ഓർത്തഡോക്സ് സഭാ പ്രാതിനിധ്യവുമാണ് ചാണ്ടി ഉമ്മന് അനുകൂലം.
കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്ത മോൻസ് ജോസഫ് മന്ത്രിയാകുമെന്ന് ഉറപ്പാണ്.
ജയിച്ചാൽ കാപ്പനെ മന്ത്രിയാക്കുമെന്ന പ്രഖ്യാപനം തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിൽ സതീശൻ നടത്തിയിരുന്നു.
ഇനി മത്സരിക്കാനില്ലെന്ന് കാപ്പൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ ടേം വ്യവസ്ഥയിലാണെങ്കിലും മന്ത്രി സ്ഥാനം ലഭിച്ചേക്കാം.
കെ.സി.വേണുഗോപാൽ പക്ഷക്കാരനായ നാട്ടകം സുരേഷ് ഈഴവ പ്രാതിനിധ്യവും, ഡി.ഡി.സി പ്രസിഡന്റെന്ന പരിഗണനയും കണക്കിലെടുത്ത് തന്നെ മന്ത്രിയാക്കുമെന്ന പ്രതീക്ഷയിലാണ്.







