
48 ലക്ഷം രൂപ ചിലവഴിച്ച് വാങ്ങിയ യന്ത്രം ; കോട്ടയം കുമരകത്ത് ഉദ്ഘാടന ദിവസം തന്നെ കേടായ പോളവാരല്‍ യന്ത്രം ഏഴുവര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തി; തകരാറുകള്‍ പരിഹരിച്ച് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ തീരുമാനം
സ്വന്തം ലേഖകൻ
കോട്ടയം: കുമരകത്ത് പോളവാരാന്‍ എത്തിച്ച് ഉദ്ഘാടന ദിവസം തന്നെ കേടായ പോളവാരല്‍യന്ത്രം ഏഴുവര്‍ഷങ്ങള്‍ക്കൊടുവില്‍ കണ്ടെത്തി. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ രാജശ്രീ രാജഗോപാലിന്റെ നേതൃത്വത്തില്‍ ടെക്‌നിഷ്യന്റെയും മറ്റും സാന്നിധ്യത്തില്‍ വര്‍ക് ഷോപ്പിലെത്തി യന്ത്രം പരിശോധിച്ചു. യന്ത്രം കാണാതായിട്ടില്ലെന്നും നന്നാക്കുന്നതിനു കോടിമതയിലെ വര്‍ക് ഷോപ്പില്‍ എത്തിച്ചിരിക്കയാണെന്നുമാണു കൃഷി വകുപ്പ് ജീവനക്കാര്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കു നല്‍കിയ വിശദീകരണം.
കേടുകള്‍ തീര്‍ത്ത് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കാനും തീരുമാനിച്ചു. പോളശല്യം രൂക്ഷമായതിനെത്തുടര്‍ന്നു കോടിമത ആലപ്പുഴ ജലപാതയില്‍ ബോട്ട് സര്‍വീസ് നിര്‍ത്തിവച്ചതോടെയാണു ജില്ലാ പഞ്ചായത്ത് 48 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ യന്ത്രം എവിടെയാണെന്നുള്ള ചോദ്യം ഉയര്‍ന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017ലാണു പോളവാരല്‍ യന്ത്രം വാങ്ങിയത്. ഉദ്ഘാടന ദിവസം തന്നെ യന്ത്രം തകരാറിലായതോടെ പിന്നീട് യന്ത്രം ആരും കണ്ടിട്ടില്ല. കൃഷി വകുപ്പിനായിരുന്നു യന്ത്രത്തിന്റെ സംരക്ഷണച്ചുമതല. കുമരകത്ത് പോള നീക്കം ചെയ്യുന്നതിനിടയില്‍ യന്ത്രം മറിഞ്ഞു കേടാകുകയായിരുന്നെന്നും ജീവനക്കാര്‍ പറഞ്ഞു. അന്നു വര്‍ക്‌ഷോപ്പില്‍ എത്തിച്ചെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കിയില്ല. പോള നീക്കംചെയ്തു ബോട്ട് സര്‍വീസ് പുനരാരംഭിക്കുന്നതു സംബന്ധിച്ച ഹര്‍ജി 21നു 11നു വീണ്ടും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പരിഗണിക്കും.
അതേ സമയം പോള വാരല്‍ യന്ത്രം കണ്ടെത്തിയെന്നു കേട്ട പടിഞ്ഞാറന്‍ പ്രദേശവാസികള്‍ക്കു മറുപടിയായി ഒരു ചിരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ തുറന്നതോടെ പോള നിറഞ്ഞു ജില്ലയിലെ ജലഗതാഗതം അടക്കം തടസപ്പെട്ട അവസ്ഥയിലാണ്. പല കുടുംബങ്ങളും ഒറ്റപ്പെട്ടു. പോള നിറഞ്ഞതോടെ കുടിവെള്ളം അടക്കം മേഖലയിലേക്ക് എത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
പോള നിറഞ്ഞു കിടക്കുന്നതിനാല്‍ ആറ്റിലെ വെള്ളം വീട്ടാവശ്യങ്ങള്‍ക്കു പോലും ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. നിവര്‍ത്തികേടുകൊണ്ടു ഉപയോഗിച്ചാല്‍ തന്നെ ത്വക്ക് രോഗങ്ങളടക്കം പിടിപെടുന്ന നിലയിലേക്കു കാര്യങ്ങള്‍ മാറി. കിഴക്കന്‍ പ്രദേശങ്ങളില്‍ മഴ ശക്തമായി വെള്ളം ശക്തിയായി ഒഴുകിയെത്തിയാല്‍ മാത്രമേ പോള തിരിച്ചു വേമ്ബനാട്ടു കായലിലേക്ക് ഒഴുകിപോകുകയുള്ളൂ. അടുത്ത വര്‍ഷം തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ തുറക്കുമ്ബോള്‍ ഇതേ ദുരിതം തങ്ങള്‍ വീണ്ടും അനുഭവിക്കേണ്ടിവരുമെന്നു നാട്ടുകാര്‍ പറയുന്നു.
വര്‍ഷങ്ങള്‍ പാഴായി കിടന്ന ഒരു യന്ത്രം നന്നാക്കി എത്തിച്ചതുകൊണ്ടൊന്നും തങ്ങളുടെ ദുരിതം അവസാനിക്കില്ല. ഒന്നുകില്‍ പോള പൂര്‍ണമായി നീക്കം ചെയ്യാനുള്ള ശ്വാശ്വത മാര്‍ഗം കണ്ടെത്തണം. അല്ലാത്ത പക്ഷം കൂടുതല്‍ യന്ത്രങ്ങള്‍ എത്തിച്ചു പോള നീക്കം ചെയ്യാണമെന്നു നാട്ടുകാർ പറയുന്നു.