കോട്ടയം കെ.എസ്.ആര്‍.ടി.സി.സ്റ്റാന്‍ഡിലെ പഴയ കെട്ടിടം നാളെ മുതല്‍ പൊളിച്ചു തുടങ്ങും; എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 1.8കോടി രൂപ ഉപയോഗിച്ചാണ് നവീകരണം

കോട്ടയം കെ.എസ്.ആര്‍.ടി.സി.സ്റ്റാന്‍ഡിലെ പഴയ കെട്ടിടം നാളെ മുതല്‍ പൊളിച്ചു തുടങ്ങും; എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 1.8കോടി രൂപ ഉപയോഗിച്ചാണ് നവീകരണം

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം കെ.എസ്.ആര്‍.ടി.സി.സ്റ്റാന്‍ഡിലെ പഴയ കെട്ടിടം നാളെ മുതല്‍ പൊളിച്ചു തുടങ്ങും. 15 ദിവസത്തിനുള്ളില്‍ പൊളിക്കല്‍ പൂര്‍ത്തിയാക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 1.8കോടി രൂപ ഉപയോഗിച്ചാണ് നവീകരണം. നവീകരണത്തിന്റെ ഭാഗമായി തിയേറ്റര്‍റോഡിനോട് ചേര്‍ന്ന് എല്‍ ആകൃതിയില്‍ കാത്തിരിപ്പുകേന്ദ്രവും ഓഫീസും നിര്‍മിക്കും.

ഇല്ലിക്കല്‍ സ്വദേശി 6.20 ലക്ഷം രൂപയ്ക്കാണ് ഇതിനു കരാറെടുത്തിരിക്കുന്നത്. പൊളിക്കലിന് മുന്നോടിയായി കെട്ടിടത്തിലുള്ള സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് താത്കാലികമായി മാറ്റും. ഇന്‍ഫര്‍മേഷന്‍ കൗണ്ടറും മറ്റും കാന്റീന് സമീപത്തേക്കും മറ്റ് ഓഫീസുകള്‍ കാന്റീന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയിലേക്കു മാറ്റും. സ്റ്റാന്‍ഡിലെ കടകള്‍ക്ക് ഒഴിയാന്‍ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. കാത്തിരിക്കാനുള്ള സൗകര്യം ഇല്ലാതാകുമെന്നതാണ് യാത്രക്കാര്‍ നേരിടാന്‍ പോകുന്ന പ്രധാന പ്രശ്‌നം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാ‍ൽ സ്റ്റാൻഡിന് സമീപം പാർക്കിങ്ങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബസുകള്‍ സ്റ്റാന്‍ഡിലേയ്ക്ക് കയറുക നിലവിലുള്ള വഴിയിലൂടെ തന്നെയാകുമെങ്കിലും ഇറങ്ങുന്നത് തൊട്ടടുത്ത ടാക്‌സി സ്റ്റാന്റിന് സമീപമുള്ള റോഡിലൂടെയാകും.

പാര്‍ക്കിംഗ് സൗകര്യം കുറയുമെന്നതിനാല്‍ തിരക്കേറുമ്പോള്‍ കോടിമതയിലും ടി.ബി.റോഡിലുമായി പാര്‍ക്കിംഗ് ക്രമീകരിക്കും. ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം സ്റ്റാന്റില്‍ തുടരും. കെട്ടിടം പൊളിച്ചു നീക്കിയശേഷം ഈ സ്ഥലം ടൈല്‍ പാകി നവീകരിച്ച്‌ പാര്‍ക്കിംഗ് യാര്‍ഡാക്കി മാറ്റും.