കോട്ടയത്തെ ഹണി ട്രാപ്പ്: സ്വർണ്ണ വ്യാപാരിയെ കുടുക്കിയ മലബാർ സുന്ദരി പിടിയിൽ..! തേൻകെണി ഒരുക്കിയ കുഴൽപ്പണ വീരൻ പുയ്യാപ്ല നൗഷാദും മൂന്നാം ഭാര്യയും അടക്കം നാലു പേർ പിടിയിൽ
തേർഡ് ഐ ബ്യൂറോ
കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ചിങ്ങവനത്തെ സ്വർണ്ണ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കിയ സുന്ദരി അടക്കം നാലു പേർ കൂടി പൊലീസ് പിടിയിലായി. ഈ വാർത്തയ്‌ക്കൊപ്പം കാണിച്ചിരിക്കുന്ന ആദ്യ ഫോട്ടായാണ് തട്ടിപ്പ് സംഘം ഫോട്ടോഷോപ്പിലൂടെ രൂപമാറ്റം വരുത്തി ചിങ്ങവനം സ്വദേശിയായ സ്വർണ്ണ വ്യാപാരിയെ കുടുക്കിയത്. എന്നാൽ, ഈ ചിത്രത്തിൽ കാണുന്ന യുവതിയുടെ യഥാർത്ഥ ഫോട്ടോയാണ് ഈ താഴെ കൊടുത്തിരിക്കുന്നത്.
കേസിലെ പ്രതിയായ കാസർകോട് പടന്ന ഉദിനൂർ അൻസാറിന്റെ ഭാര്യ സുമ (30)യുടെ ചിത്രമാണ് ഫോട്ടോഷോപ്പ് ചെയ്ത് ഇത്തരത്തിൽ തേൻകെണി ഒരുക്കുന്നതിനു വേണ്ടി പ്രതികൾ ഉപയോഗിച്ചിരിക്കുന്നത്. സുമയ്‌ക്കൊപ്പം ഇരുത്തിയാണ് സ്വർണ്ണ വ്യാപാരിയുടെ നഗ്നചിത്രം പ്രതികൾ പകർത്തിയതും, ഭീഷണിപ്പെടുത്തിയതും. സുമയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ പ്രതിയായ പുയ്യാപ്ല നസീറിന്റെ രണ്ടാം ഭാര്യ കാസർഗോഡ് തൃക്കരിപ്പൂർ എളംബച്ചി വില്ലേജിൽ പുത്തൻ പുരയിൽ വീട്ടിൽ മെഹ്മൂദ് കളപ്പുരക്കൽ മകൾ ഫസീല (34)യാണ് ഫോൺ ചെയ്തു സ്വർണ്ണ വ്യാപാരിയെ കുടുക്കിയതെന്നും പൊലീസ് കണ്ടെത്തി. ഫസീലയും അറസ്റ്റിലായിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിന്റെ മുഖ്യ ആസൂത്രകൻ കണ്ണൂർ തളിപ്പറമ്പ് കുറ്റിയാട്ടൂർ മയ്യിൽ നൌഷാദിനെ (പുയ്യാപ്ല നൗഷാദ് -41), യും, കാസർഗോഡ് പടന്ന ഉദിനൂർ പോസ്റ്റൽ അതിർത്തിയിൽ ഇബ്രാഹിം മകൻ അൻസാറി(23)നെയുമാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും അനധികൃതമായി എത്തിക്കുന്ന കുഴൽപ്പണം, വാഹനം ആക്രമിച്ച തട്ടിയെടുക്കലാണ് പുയ്യാപ്ല നൗഷാദിന്റെ പ്രധാന ജോലി. ഇയാൾ ഇപ്പോൾ കണ്ണൂർ മട്ടന്നൂർ ഭാഗത്താണ് താമസിച്ചിരുന്നത്. കൊവിഡിനെ തുടർന്നു മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേയ്ക്കു കള്ളപ്പണം ഒഴുകുന്നതിനു വലിയ തടസം നേരിട്ടു. ഇതേ തുടർന്നാണ് നൗഷാദ് പുതിയ വരുമാനം മാർഗം തേടി കോട്ടയത്തേയ്ക്ക് എത്തിയത്.
കോട്ടയത്ത് എത്തിയ നൗഷാദ് ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയുമായി സൗഹൃദം സ്ഥാപിക്കുകയും ഹണിട്രാപ്പിനായി കളമൊരുക്കുകയുമായിരുന്നു. തന്റെ ഭാര്യയേയും കൂട്ടുകാരിയെയും ഉപയോഗിച്ച് ബിസിനസ് ആവശ്യത്തിനെന്ന വ്യാജേന ചിങ്ങവനം സ്വദേശിയായ സ്വർണ്ണ വ്യാപാരിയെ കുടുക്കുകയായിരുന്നു. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മൂന്നു ലക്ഷത്തോളം രൂപ ഇത്തരത്തിൽ ചിങ്ങവനം സ്വദേശിയായ സ്വർണ്ണ വ്യാപാരിയിൽ നിന്നും സംഘം തട്ടിയെടുത്തു. ഇത്തരത്തിൽ, തട്ടിപ്പിന് ഇരയായ സ്വർണ്ണ വ്യാപാരി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നാണ് പ്രതികളും, കേസിലെ മുഖ്യ ആസൂത്രകരുമായ എല്ലാവരും ഒളിവിൽ പോയത്.
കേസിലെ പ്രതികളെ കണ്ടെത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് പ്രതികൾ കർണ്ണാടക അതിർത്തിയിൽ ഉണ്ടെന്ന വിവരം ലഭിച്ചത്. തുടർന്നു, കോട്ടയം ഡി.വൈ.എസ്.പി.ആർ ശ്രീകുമാറിന്റെ മേൽ നോട്ടത്തിൽ പൊലിസ് സംഘം ഒരാഴ്ചയായി കാസർകോഡ് ജില്ലയിൽ താമസിച്ച് പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രതികളെപ്പറ്റി വിവരം ലഭിച്ചത്. തുടർന്നു, ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ നിർമ്മൽ ബോസിന്റെ നേതൃത്വത്തിൽ കോട്ടയം ഈസ്റ്റ് സബ് ഇൻസ്‌പെക്ടർ രഞ്ജിത്ത് വിശ്വനാഥൻ, കോട്ടയം ഡി വൈ എസ് പി ഓഫീസിലെ അസിസ്റ്റന്റ്‌റ് സബ് ഇൻസ്‌പെക്ടർ അരുൺകുമാർ കെ ആർ, ഷിബുക്കുട്ടൻ, സൈബർ സെൽ വിദഗ്ധനായ മനോജ് കുമാർ വി എസ് എന്നിവർ ചേർന്ന് ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ കർണ്ണാടകയിൽ നിന്നും പിടികൂടുകയായിരുന്നു.
പൊലിസ് തന്നെ പിൻതുടരുന്നുണ്ടെന്നു മനസ്സിലാക്കി നൗഷാദ് തല മുണ്ഡനം ചെയ്തു വേഷം മാറി ജീവിച്ചു വരികയായിരുന്നു. മറ്റൊരു സ്വർണ്ണ വ്യാപാരിയും പ്രമുഖ രാഷ്ട്രീയക്കാരനെയും ഇത്തരത്തിൽ കുടുക്കാൻ ഇവർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൂടുതൽ തട്ടിപ്പുകൾ പ്ലാൻ ചെയ്തിരുന്നെങ്കിലും ചിങ്ങവനം സ്വദേശി പൊലീസിൽ പരാതിപ്പെട്ടതോടെ ഇവർ ഒളിവിൽ പോവുകയായിരുന്നു. ഈ കേസിൽ സഹായികളായി പ്രവർത്തിച്ചിരുന്ന സുനാമി എന്നറിയപ്പെടുന്ന പ്രവീൺ, മലപ്പുറം സ്വദേശി മുഹമ്മദ് ഹാനിഷ് എന്നിവരെ നേരത്തെ അറസ്റ്റ്് ചെയ്തിരുന്നു. ഈ കേസിൽ ഇനിയും കോട്ടയം സ്വദേശിയായ കുപ്രസിദ്ധ ഗുണ്ടയെയും മറ്റൊരു കാസർഗോഡ് സ്വദേശിയും അറസ്റ്റുചെയ്യാനുണ്ട്.
കണ്ണൂർ ജില്ലയിലും സമീപ പ്രദേശങ്ങളിലും, കർണ്ണാടക സസ്ഥാനത്തുമായി ഇയാൾക്കെതിരെ ഇരുപതിലധികം കൂട്ടായ്മ കവർച്ച കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഞ്ചു കോടി രൂപ വരെ ഇയാൾ ഒറ്റ തവണ കവർച്ച ചെയ്തിട്ടുണ്ട്. മൂന്നാം ക്ലാസ് മാത്രം വിദ്യാഭ്യാസം ഉള്ള ഇയാൾക്ക് മൂന്നു ഭാര്യമാരും ഉണ്ട്. ഹവാലപണം നികുതി വെട്ടിച്ചു കടത്തുന്ന വലിയ തുകകളും നിരീക്ഷിച്ചു അവ കൊണ്ടുപോകുന്ന വാഹനങ്ങൾ വിവിധ റോഡുകളിൽ വച്ചു ആക്രമിച്ച് പണം തട്ടുന്നതാണ് നൌഷാദിന്റെ പതിവ് രീതി. നൗഷാദിന്റെ രണ്ടു സഹോദരങ്ങളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം ഈസ്റ്റ് ഇൻസ്‌പെക്ടർ നിർമ്മൽ ബോസ് അറസ്റ്റ് രേഖപ്പെടുത്തി.